കൊവിഡ് കൈകാര്യം ചെയ്തതിലെ പരാജയം; ഈ വര്‍ഷം മാത്രം രാജിവെച്ചത് എട്ട് രാജ്യത്തെ ആരോഗ്യ മന്ത്രിമാര്‍
World News
കൊവിഡ് കൈകാര്യം ചെയ്തതിലെ പരാജയം; ഈ വര്‍ഷം മാത്രം രാജിവെച്ചത് എട്ട് രാജ്യത്തെ ആരോഗ്യ മന്ത്രിമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd June 2021, 5:54 pm

ക്വിറ്റോ: കൊവിഡ് മൂലം ദുരിതമനുഭവിച്ച 2021 ല്‍ മഹാമാരിയെ കൈകാര്യം ചെയ്തതിലെ അപാകത മൂലം രാജി വെക്കേണ്ടി വന്നത് എട്ട് രാജ്യത്തെ ആരോഗ്യമന്ത്രിമാര്‍ക്കാണ്.

ഇക്വഡോര്‍, ഓസ്ട്രിയ, ഇറാക്ക്, അര്‍ജന്റീന, ജോര്‍ദാന്‍, പെറു, സ്ലൊവാക്യ, മംഗോളിയ എന്നീ രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാര്‍ക്കാണ് കൊവിഡ് കൈകാര്യം ചെയ്തതിലെ അപാകത മൂലം രാജിവെക്കേണ്ടി വന്നത്.

ഇക്വഡോര്‍ ആരോഗ്യമന്ത്രി റൊഡോള്‍ഫോ ഫര്‍ഫാന്‍ രാജി വെച്ചത് കഴിഞ്ഞ മാര്‍ച്ചില്‍ അദ്ദേഹം മന്ത്രിയായി ചുമതലയേറ്റ് രണ്ട് മൂന്ന് ആഴ്ചയ്ക്കുള്ളിലാണ്. രാജ്യത്തിന്റെ വാക്‌സിന്‍ ഉത്പാദനത്തില്‍ പക്ഷപാതിത്വം കാണിച്ചുവെന്ന ആരോപണത്തെതുടര്‍ന്നാണ് ഫര്‍ഫാന് രാജിവെക്കേണ്ടി വന്നത്. എന്നാല്‍ ഫര്‍ഫാന് ശേഷം അധികാരത്തിലെത്തിയ മന്ത്രി ജുവാന്‍ കാര്‍ലോസ് സെവാല്ലോസും കഴിഞ്ഞ മാസം രാജിവെച്ചു.

ഓസ്ട്രിയന്‍ ആരോഗ്യമന്ത്രിയായിരുന്ന റുഡോള്‍ഫ് അന്‍ഷൊബര്‍ രാജിവെച്ചത് ഈ വര്‍ഷം ഏപ്രില്‍ 13നാണ്. താന്‍ കൊവിഡ് കൈകാര്യം ചെയ്യുന്നതിനായി അമിതമായി ജോലി ചെയ്തുവെന്നും എന്നാല്‍ തന്നെക്കാള്‍ മികച്ച ഒരാളാണ് ഇതിന് യോഗ്യന്‍ എന്ന് തോന്നുന്നതിനാല്‍ രാജിവെക്കുകയുമാണെന്നാണ് അന്‍ഷൊബര്‍ പറഞ്ഞത്.

ഇറാക്കിലെ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 80 ഓളം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. ആശുപത്രിയില്‍ ഓക്‌സിജന്‍ ടാങ്കില്‍ ഉണ്ടായ സ്‌ഫോടനമാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ സംഭവത്തിലുണ്ടായ പ്രതിഷേധത്തിലാണ് ഇറാക്കിലെ ആരോഗ്യമന്ത്രി ഹസ്സന്‍ അല്‍ തമീനി അടുത്തിടെ രാജിവെച്ചത്.

കൊവിഡ് വാക്‌സിനേഷന്‍ പദ്ധതിയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് അര്‍ജന്റീനയിലെ ആരോഗ്യമന്ത്രി ഗിന്‍സ് ഗോണ്‍സാല്‍സ് ഗാര്‍ഷ്യ രാജിവെച്ചത്.

സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ ആറുപേര്‍ മരിച്ചതിന് പിന്നാലെയുണ്ടായ പ്രതിഷേധത്തെത്തുടര്‍ന്നാണ് ജോര്‍ദാന്‍ ആരോഗ്യമന്ത്രി നാസിര്‍ ഒബെയിദത്ത് മാര്‍ച്ചില്‍ രാജിവെച്ചത്. പ്രധാനമന്ത്രി ബിഷര്‍ അല്‍ ഖസാവ്‌നെ സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഒബെയിദത്ത് രാജിവെച്ചത്.

ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാകുന്നതിന് മുമ്പ് പെറുവിലെ മുന്‍ പ്രസിഡന്റ് മാര്‍ട്ടിന്‍ വിസ്‌കാരയ്ക്ക് വാക്‌സിന്‍ നല്‍കിയത് വാര്‍ത്തയായതിനെ തുടര്‍ന്നാണ് പെറുവിലെ ആരോഗ്യമന്ത്രി ഡോ. പിലാര്‍ മസേട്ടി രാജിവെച്ചത്.

കൊവിഡ് മഹാമാരി കൈകാര്യം ചെയ്തതില്‍ പരാജയപ്പെട്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് സ്ലോവാക്യയിലെ ആരോഗ്യമന്ത്രി മരേക്ക് ക്രാജി രാജിവെക്കുന്നത്. 2021 മാര്‍ച്ചിലായിരുന്നു രാജി.

മംഗോളിയയില്‍ പ്രധാനമന്ത്രി റുറേല്‍സുഖ് ഉക്‌നയും മുഴുവന്‍ കാബിനറ്റുമാണ് രാജിവെച്ചത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കാണിച്ച നിസംഗതയെ തുടര്‍ന്ന് അമ്മയും നവജാത ശിശുവും കൊവിഡ് ബാധിച്ചു മരിച്ച സംഭവത്തെ തുടര്‍ന്നാണ് മന്ത്രിസഭയ്ക്ക് രാജിവെക്കേണ്ടി വന്നത്.

2020ലും കൊവിഡ് കൈകാര്യം ചെയ്തതിലെ അപാകതമൂലം വിവിധ രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാര്‍ക്ക് രാജിവെക്കേണ്ടി വന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Mishandling of Covid prompts 8 health ministers across world to quit from positions