അന്നത്തെ ആ സംഭവത്തിന് ശേഷം ഐ.പി.എല്‍ കാണാന്‍ പോകുന്നില്ലെന്ന് തീരുമാനിച്ചു: മിര്‍ച്ചി ശിവ
Indian Cinema
അന്നത്തെ ആ സംഭവത്തിന് ശേഷം ഐ.പി.എല്‍ കാണാന്‍ പോകുന്നില്ലെന്ന് തീരുമാനിച്ചു: മിര്‍ച്ചി ശിവ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 13th July 2025, 12:01 pm

മിര്‍ച്ചി എഫ്.എമ്മില്‍ റേഡിയോ ജോക്കിയായും പിന്നീട് ചാനല്‍ അവതാരകനായും തിളങ്ങിയ ശേഷം സിനിമയിലേക്കെത്തിയ നടനാണ് ശിവ. മിര്‍ച്ചി ശിവയെന്നാണ് താരത്തെ സിനിമാലോകം വിളിക്കുന്നത്. ചെറിയ വേഷങ്ങളിലൂടെ തിളങ്ങിയ ശിവ, വെങ്കട് പ്രഭു സംവിധാനം ചെയ്ത ചെന്നൈ 600028 എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. തമിഴ് പടം എന്ന സിനിമയിലൂടെ തമിഴിന് പുറത്തും താരം ശ്രദ്ധ നേടി.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശിവയും തമ്മില്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ താരതമ്യം ചെയ്തുകൊണ്ട് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇരുവരും തമ്മിലുള്ള രൂപസാദൃശ്യമാണ് ഇത്തരം പോസ്റ്റുകള്‍ക്ക് പിന്നില്‍. ഇപ്പോഴിതാ അത്തരം താരതമ്യ പോസ്റ്റുകള്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്ന് പറയുകയാണ് മിര്‍ച്ചി ശിവ.

ഈയടുത്ത് താന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മാച്ച് കാണാന്‍ ചെന്നിരുന്നെന്നും മഹാ മോശം കളിയായിരുന്നു ചെന്നൈ കാഴ്ച വെച്ചതെന്നും ശിവ പറഞ്ഞു. ആ സമയത്ത് തന്നോട് ചിലര്‍ ഗ്രൗണ്ടിലിറങ്ങി കളിക്കാന്‍ ആവശ്യപ്പെട്ടെന്നും സോഷ്യല്‍ മീഡിയയില്‍ അത് വൈറലായെന്നും താരം കൂട്ടിച്ചേര്‍ത്തു. മഴവില്‍ മനോരമയോട് സംസാരിക്കുകയായിരുന്നു മിര്‍ച്ചി ശിവ.

‘ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട് എന്നെയും രോഹിത് ശര്‍മയെയും തമ്മില്‍ കമ്പയര്‍ ചെയ്യരുതെന്ന്. എത്ര വലിയ ലെജന്‍ഡാണ് അദ്ദേഹം. ഇന്ത്യക്ക് വേണ്ടി ഒരുപാട് നേട്ടങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്. ഈയടുത്ത് ഒരു സംഭവമുണ്ടായി. ഈ വര്‍ഷത്തെ ഐ.പി.എല്‍ നടക്കുന്നതിനിടയില്‍ ചെന്നൈയുടെ മാച്ച് കാണാന്‍ വേണ്ടി ഞാന്‍ പോയിരുന്നു. മഹാ മോശം കളിയായിരുന്നു അവരുടേത്.

അതായത് നാല് ഓവറില്‍ 74 റണ്‍സ് വേണ്ട സമയത്തും ഡിഫന്‍സ് ചെയ്ത് കളിക്കുകയായിരുന്നു. ആ സമയത്ത് ചെന്നൈയുടെ വിക്കറ്റ് പോയി. അപ്പോള്‍ ഒരാള്‍ എന്റെയടുത്ത് ബാറ്റിങ്ങിനിറങ്ങാന്‍ പറഞ്ഞു. ആ ജേഴ്‌സി ഇട്ട് വന്നപ്പോള്‍ അവര്‍ എന്നെ രോഹിത് ശര്‍മയാക്കി. അതിന് ശേഷം ഐ.പി.എല്‍ കാണാന്‍ പോകുന്നില്ല എന്ന് തന്നെ തീരുമാനിച്ചു.

എയര്‍പോര്‍ട്ടില്‍ പോയപ്പോഴും ഇങ്ങനെ ഒരു സംഭവമുണ്ടായി. രോഹിത് ശര്‍മയുമായി ഇനി ആരും എന്നെ കമ്പയര്‍ ചെയ്യരുതെന്ന് മാത്രമേ പറയാനുള്ളൂ. ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുള്ള കാര്യമാണ്, എനിക്ക് അദ്ദേഹത്തെപ്പോലെ നന്നായി ക്രിക്കറ്റ് കളിക്കാന്‍ അറിയില്ല. അതുപോലെ രോഹിത് ശര്‍മക്ക് എന്നെപ്പോലെ നന്നായി ഡാന്‍സ് ചെയ്യാനും അറിയില്ല എന്ന്,’ ശിവ പറഞ്ഞു.

Content Highlight: Mirchi Shiva reacts to the comparison posts with him and Rohith Sharma