പുതീന ചിക്കന്‍ കറി
Daily News
പുതീന ചിക്കന്‍ കറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th October 2015, 5:13 pm

Mint-Chicken-Curryനല്ല ചുവന്ന നിറത്തില്‍ മസാലക്കൂട്ടുകളുടെ മണം വിതറുന്ന ചിക്കന്‍ കറികള്‍ നമ്മള്‍ നിരവധി കണ്ടിട്ടുണ്ട്. എന്നാല്‍ സാധാരണയായി ചിക്കന്‍ കറിയില്‍ അധികം ചേര്‍ക്കാത്ത പുതീനയിലയുടെ ഗന്ധം മുറ്റി നില്‍ക്കുന്ന ചിക്കന്‍ കറി നിങ്ങള്‍ കഴിച്ചിട്ടുണ്ടോ?. ഇല്ലെങ്കില്‍ ഈ ചിക്കന്‍ കറി ഒന്നു ഉണ്ടാക്കി നോക്കൂ..

ചേരുവകള്‍

ചിക്കന്‍ ( ഇടത്തരം വലിപ്പത്തില്‍ കഷ്ണങ്ങളാക്കിയത് )- 1 കിലോ
സവോള( ചെറുതായി അരിഞ്ഞത്) – വലുത് ഒന്ന്.
തക്കാളി കഷ്ണങ്ങളാക്കിയത് – ഒന്ന് വലുത്
പച്ചമുളക് (രണ്ടായി മുറിച്ചത്)- 4
കറിവേപ്പില – ഒരു തണ്ട്
പുതീന – അര കപ്പ്
മല്ലിയില അരിഞ്ഞത് – അരകപ്പ്
ഇഞ്ചി- ചെറുത് ഒരെണ്ണം
വെളുത്തുള്ളി- രണ്ട് അല്ലി
ചിക്കന്‍ മസാലപ്പൊടി- രണ്ട് ടേബിള്‍ സ്പൂണ്‍
ഗരം മസാല- 1 ടീസ്പൂണ്‍
തൈര് – അര കപ്പ്
നാരങ്ങ നീര് – 1 ടേബിള്‍ സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
എണ്ണ- രണ്ട് ടേബിള്‍ സ്പൂണ്‍

ചിക്കനില്‍ പുരട്ടിവെക്കാന്‍

1. മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍
2. ചിക്കന്‍മസാലപ്പൊടി – 1 ടേബിള്‍ സ്പൂണ്‍
3.കാശ്മീരി മുളക്‌പൊടി- 1 ടീസ്പൂണ്‍
4. കുരുമുളക് പൊടി – അര ടീസ്പൂണ്‍
5. മല്ലിപ്പൊടി – 1 ടേബിള്‍ സ്പൂണ്‍
6. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 1 ടേബിള്‍ സ്പൂണ്‍
7. ഉപ്പ് ആവശ്യത്തിന്

ഉണ്ടാക്കുന്നവിധം

1. ചിക്കന്‍ നന്നായി കഴുകി വൃത്തിയാക്കിയതിന് ശേഷം, ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര് ചേര്‍ത്ത വെള്ളത്തില്‍ 10 മിനിറ്റ് മുക്കിവെക്കുക. അതിന് ശേഷം വെള്ളമൂറ്റി മാറ്റി വെക്കുക.

2. ഇതിലേക്ക് തൊട്ടുമുകളില്‍ പറഞ്ഞ ചേരുവകള്‍ ചേര്‍ത്ത് ഓരോ ചിക്കന്‍ കഷ്ണങ്ങളിലും നന്നായി പുരട്ടി വെക്കുക. ഇത് 30 മിനിറ്റ് മാറ്റിവെക്കുക

3. പുതീന, മല്ലിയില, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് നന്നായി അരച്ച് പേസ്റ്റാക്കുക.

4. ഒരു വലിയ നോണ്‍സ്റ്റിക് പാന്‍ ചൂടാക്കി അതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിക്കുക.

5. ഇതിലേക്ക് ഉള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് ഉള്ളി ഇളം ബ്രൗണ്‍ നിറം ആയിവരുന്നത് വരെ വഴറ്റുക.

6. ഇതിലേക്ക് അരച്ച് വെച്ച പുതീന, മല്ലിയില, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേര്‍ച്ച് ഒന്നോ രണ്ടോ മിനിറ്റ് വഴറ്റുക.

7. ഇതിലേക്ക് അരിഞ്ഞുവെച്ച തക്കാളി ചേര്‍ത്ത്. തക്കാളി ഉടയുന്നത് വരെ വേവിക്കുക.

8. ചൂടുകുറച്ച് അതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ ചിക്കന്‍ മസാല ചേര്‍ക്കുക. നന്നായി വഴറ്റുക.

9. ഇതിലേക്ക് അര കപ്പ് തൈരും അല്‍പ്പം വെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. ചെറു ചൂടില്‍ അല്‍പ നേരം വെക്കുക.

10. ഈ മസാല ഗ്രേവിയിലേക്ക് നേരത്തെ മസാല പുരട്ടിവെച്ച ചിക്കന്‍ കഷ്ണങ്ങള്‍ ചേര്‍ക്കുക. ചെറുചൂടില്‍ അടച്ച് വെച്ച് 20-25 മിനിറ്റ് ചിക്കന്‍ നല്ലപോലെ വേവുന്നത് വരെ വെക്കുക.

11. എന്നിട്ട് പാത്രം തുറന്ന് അതിലേക്ക് ഗരം മസാലപ്പൊടി ചേര്‍ത്ത് വെള്ളം പാകത്തിന് വറ്റുന്നത് വരെ ചെറുചൂടില്‍ വെക്കുക. ഇനി വാങ്ങി വെച്ച് അല്‍പനേരം കൂടി അടച്ച് വെക്കാം.