പര്‍ദ്ദക്കെതിരെ പ്രസംഗം: ഫസല്‍ ഗഫൂറിനെതിരെ ന്യൂനപക്ഷ കമ്മീഷന്‍ നോട്ടീസ്
Daily News
പര്‍ദ്ദക്കെതിരെ പ്രസംഗം: ഫസല്‍ ഗഫൂറിനെതിരെ ന്യൂനപക്ഷ കമ്മീഷന്‍ നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th December 2014, 3:50 pm

Fasal Gafoor കോഴിക്കോട്: സ്ത്രീകള്‍ മുഖം മൂടുന്നത് ഇസ്‌ലാമികമല്ലെന്ന എം.ഇ.എസ് പ്രസിഡന്റ് പി.എ. ഫസല്‍ ഗഫൂര്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ നോട്ടീസ് . മുസ്‌ലിം സമുദായത്തില്‍ അസംതൃപ്തിയും പ്രതിഷേധവും ഉണ്ടാക്കുന്നതാണ് ഫസല്‍ ഗഫൂറിന്റെ പ്രസ്താവനയെന്ന് ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷന്‍ എം. വീരാന്‍കുട്ടി നോട്ടീസില്‍ പറഞ്ഞു.

നൂറ്റാണ്ടുകളായി സ്ത്രീകള്‍ ധരിച്ചു വരുന്നതാണ് . അങ്ങനെയുള്ള പര്‍ദ്ദ മതവിരുദ്ധമാണെന്ന നിലയില്‍ നടത്തിയ പ്രസ്താവന ന്യൂനപക്ഷ അവകാശ താല്‍പര്യങ്ങള്‍ക്ക് യോജിക്കുന്നതാല്ലെന്നും കമ്മിഷന്‍ നിരീക്ഷിച്ചു. ഏഴു ദിവസത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ തുടര്‍ നടപടികളുമായി മുന്നോട്ടു പോകുമെന്നും കമ്മിഷന്‍ നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്.

എം.ഇ.എസ് കോഴിക്കോട് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവെയാണ് ഫസല്‍ ഗഫൂര്‍ തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. മുഖം മൂടുന്ന രീതിയിലുള്ള പര്‍ദ്ദ ധരിക്കുന്നത് ഇസ്‌ലാമിന് യോജിച്ചതല്ലെന്നും തുണി കൂടിയാല്‍ സംസ്‌കാരം കൂടുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിന്റെ പേരില്‍ തന്നെ ഒറ്റപെടുത്താന്‍ ശ്രമിച്ചാല്‍ തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു.