ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; കോണ്‍സ്റ്റബിള്‍ ഒളിവില്‍, മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍
India
ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; കോണ്‍സ്റ്റബിള്‍ ഒളിവില്‍, മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍
നിഷാന. വി.വി
Thursday, 8th January 2026, 1:47 pm

കാണ്‍പൂര്‍: കാണ്‍പൂരിലെ സച്ചെണ്ടിയില്‍ 14 വയസ്സുള്ള പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയി പൊലീസുകാരനും സുഹൃത്തും കൂട്ടബലാത്സംഗം ചെയ്ത കേസില്‍
പ്രാദേശിക പത്ര പ്രവര്‍ത്തകന്‍ അറസ്റ്റിലായി.

പ്രതിയായ കോണ്‍സ്റ്റബിള്‍ അമിത്കുമാര്‍ മൗര്യ ഒളിവിലാണ്. പ്രാദേശിക പത്ര പ്രവര്‍ത്തകനായ ശിവ്ബരനാണ് ബുധനാഴ്ച്ച അറസ്റ്റിലായത്.

വിഷയത്തില്‍ ഡി.സി.പി ദിനേശ് ചന്ദ്ര ത്രിപാഠിയെ സ്ഥലം മാറ്റുകയും സച്ചെണ്ടി ഇന്‍സ്‌പെക്റ്റര്‍ വിക്രം സിങ്ങിനെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു. പൊലീസ് കമ്മീഷ്ണര്‍ രഘുബീര്‍ ലാലിന്റെതാണ് നടപടി.

കേസില്‍ പോക്‌സോ വകുപ്പുകള്‍ ചുമത്തിയില്ലെന്നും പ്രതികള്‍ക്ക് അനുകൂലമായി തെളിവുകള്‍ സൃഷ്ടിച്ചുവെന്നും കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു വിക്രം സിങ്ങിനെതിരായ നടപടി.

പെണ്‍കുട്ടിയെ രണ്ട് മണിക്കൂറോളം ലൈംഗികമായി പീഡിപ്പിച്ച ശേഷം ബോധരഹിതയാക്കി വീടിന് സമീപം ഉപേക്ഷിച്ച് പ്രതികള്‍ കടന്നു കളഞ്ഞുവെന്നായിരുന്നു പരാതി.

തിങ്കളാഴ്ച്ച രാത്രി പത്ത് മണിയോടെ രണ്ട് പേര്‍ ചേര്‍ന്ന് വാഹനത്തിലേക്ക് വലിച്ചിഴച്ച് തട്ടികൊണ്ട് പോവുകയായിരുന്നുവെന്നും അതില്‍ ഒരാള്‍ യൂണിഫോം ധരിച്ചിരുന്നുവെന്നുമായിരുന്നു പെണ്‍കുട്ടിയുടെ പരാതി.

സച്ചെണ്ടിയിലെ ഒരു റെയില്‍വെ ട്രാക്കിന് സമീപത്തെ വിജനമായ പ്രദേശത്ത് കൊണ്ട് പോയി രണ്ട് മണിക്കൂറോളം ലൈംഗികമായി പീഡിപ്പിക്കുകയും അര്‍ദ്ധരാത്രിയോടെ ബോധരഹിതയാക്കിയ ശേഷം വീടിന് സമീപം ഉപേക്ഷിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.

പെണ്‍കുട്ടിയെ ബോധരഹിതയായി കണ്ടെത്തിയതോടെ 112 എന്ന നമ്പറില്‍ വിളിച്ച് പൊലീസിനെ അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ഇരയുടെ സഹോദരന്‍ പറഞ്ഞു.

പ്രതികളിലൊരാള്‍ പൊലീസുകാരനാണെന്നറിയിച്ചതോടെ പ്രാദേശിക പൊലീസ് ഔട്ട് പോസ്റ്റില്‍ നിന്നും തങ്ങളെ തിരിച്ചയച്ചതായും പരാതിയില്‍ നിന്ന് പ്രതികളുടെ പേരുകള്‍ ഒഴിവാക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു.

പിന്നീട് കുടുംബം മുതിര്‍ന്ന ഉദ്യേസ്ഥരെ സമീപിച്ചതോടെ തട്ടികൊണ്ട് പോവല്‍, കൂട്ട ബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

എന്നാല്‍ പ്രതിയായ പൊലീസ് കോണ്‍സ്റ്റബിളിനെ അറസ്റ്റ് ചെയ്യാനും ശ്രമങ്ങള്‍ തുടരുകയാണെന്നും അന്വേഷണം സുതാര്യതോടെയാണ് നടക്കുന്നതെന്നും പൊലീസ് അവകാശപ്പെട്ടു.

നിലവില്‍ കേസന്വേഷണ ചുമതല എ.ഡി.സി.പി കപില്‍ ദേവ് സിങ്ങിന് കൈമാറിയിട്ടുണ്ട്.

എന്നാല്‍ ബലാത്സംഗം ചെയ്തവരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് സി.പി.ഐ.എം മുന്‍ എം.പി സുഭാഷിണി അലി പറഞ്ഞു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ബലാത്സംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് യു.പിയിലാണെന്നും സര്‍ക്കാരിന്റെ തലപ്പത്തിരിക്കുന്നവര്‍ പ്രതികള്‍ക്ക് സംരക്ഷണം നല്‍കുകയാണെന്നും അവര്‍ ആരോപിച്ചു.

Content Highlight: Minor girl gang-raped in Uttar Pradesh; Constable absconding, journalist arrested

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.