16 കാരിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചു; പ്രതിയായ 27 കാരനെ 49 വര്‍ഷം തടവിന് വിധിച്ച് പോക്‌സോ കോടതി
Kerala News
16 കാരിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചു; പ്രതിയായ 27 കാരനെ 49 വര്‍ഷം തടവിന് വിധിച്ച് പോക്‌സോ കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th March 2023, 9:31 am

തിരുവനന്തപുരം: പതിനാറുകാരിയെ കെട്ടിയിട്ട് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയെ 49 വര്‍ഷം തടവിന് ശിക്ഷിച്ച് പ്രത്യേക പോക്‌സോ കോടതി. ആര്യനാട് പുറുത്തിപ്പാറ ആകാശ് ഭവനില്‍ ശില്‍പി(27) ക്കാണ് തടവിന് പുറമെ 86,000 രൂപ പിഴയും വിധിച്ച് കോടതി ഉത്തരവിട്ടത്. പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കണമെന്നും വീഴ്ച വരുത്തിയാല്‍ രണ്ട് വര്‍ഷം അധിക തടവ് അനുഭവിക്കണമെന്നും ജസ്റ്റിസ് ആര്‍. സുദര്‍ശന്‍ വിധിന്യായത്തില്‍ വ്യക്തമാക്കി.

2021 മുതല്‍ പ്രതി പെണ്‍കുട്ടിയെ നിരന്തരമായി ഫോണിലൂടെയും നേരിട്ടും ശല്യം ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. അതേ വര്‍ഷം ആഗസ്റ്റ് മൂന്നിന് പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും ആരുമില്ലാത്ത സമയം നോക്കി കെട്ടിയിട്ട് പീഡിപ്പിക്കുകയുമായിരുന്നു. സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.

മറ്റൊരു ദിവസം സമാന രീതിയില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി, ബാത്‌റൂമിനകത്ത് വെച്ച് പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയും അവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കുകയായിരുന്നു.

ഭയം കാരണം പെണ്‍കുട്ടി വിവരം പുറത്തു പറഞ്ഞിരുന്നില്ല. എന്നാല്‍ പിന്നീട് വയറുവേദന കാരണം ആശുപത്രിയില്‍ കാണിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്നാണ് പീഡിപ്പിക്കപ്പെട്ട വിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് എസ്.എ.ടി ആശുപത്രിയില്‍ വെച്ച് പെണ്‍കുട്ടിക്ക് ഗര്‍ഭഛിദ്രം നടത്തി.

സംഭവത്തിന് ശേഷം പെണ്‍കുട്ടിയുടെ കുടുംബം ആര്യനാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസന്വേഷിച്ച പൊലീസ് സംഘം ഡി.എന്‍.എ പരിശോധന നടത്തിയാണ് കേസ് തെളിയിച്ചത്. തുടര്‍ന്നാണ് ശിക്ഷ വിധിച്ച് കോടതി ഉത്തരവിട്ടിരിക്കുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ് വിജയ് മോഹന്‍ ഹാജരായി.

Content Highlight: Minor girl brutally raped in  thiruvananathapuram, court issue 49 years