അവസാന നിമിഷം കൈവിട്ട വില്ലന്റെ പ്രണയം; മിന്നല്‍ മുരളിയിലെ ഉയിരെ വീഡിയോ ഗാനം
Film News
അവസാന നിമിഷം കൈവിട്ട വില്ലന്റെ പ്രണയം; മിന്നല്‍ മുരളിയിലെ ഉയിരെ വീഡിയോ ഗാനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 10th March 2022, 6:17 pm

കേരളത്തിന് പുറത്തേക്കും വലിയ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ടൊവിനോ തോമസ് നായകനായ മിന്നല്‍ മുരളി. കൊവിഡ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത ചിത്രം ഇന്ത്യക്ക് പുറത്തേക്കും സാന്നിധ്യമറിയിച്ചിരുന്നു.

ചിത്രത്തിലേറ്റവും കൂടുതല്‍ സെലിബ്രേറ്റ് ചെയ്യപ്പെട്ടത് വില്ലനായി ഷിബുവിന്റെ പ്രണയമായിരുന്നു. ഷിബുവിന് ഉഷയോടുള്ള പ്രണയം ചിത്രത്തില്ലെ നിര്‍ണയക ഘടകമായിരുന്നു. ഇരുവരും ഒന്നിക്കുന്ന ഉയിരെ എന്ന പാട്ടിലായിരുന്നു ചിത്രത്തിലെ പ്രധാനപ്പെട്ട വഴിത്തിരിവുണ്ടാകുന്നത്.

സിനിമയിലെ ഏറ്റവും ജനപ്രീതി നേടിയ ഗാനമായിരുന്നു ഉയിരെ എന്ന ഗാനം. ഇപ്പോഴിതാ ഗാനത്തിന്റെ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ഷിബുവിന്റെ അടുത്തേക്ക് ഉഷ എത്തുന്നതും ഇരുവരും തമ്മിലുള്ള വികാര നിര്‍ഭര നിമിഷങ്ങളുമാണ് ഗാനരംഗത്തില്‍ ഉള്ളത്. ഒപ്പം ഷിബുവിനെ നേരിടാന്‍ രണ്ടും കല്പിച്ചെത്തുന്ന നാട്ടുകാരും അവരെ നേരിടുന്നതിനിടയിലുള്ള ഉഷയുടെയും കുഞ്ഞിന്റേയും മരണവും ഗാനരംഗത്തിലുണ്ട്.

ചിത്രം പുറത്തിറങ്ങി രണ്ട് മാസം പിന്നിട്ടപ്പോവാണ് ഗാനത്തിന്റെ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

ന്യൂയോര്‍ക്ക് ടൈംസിന്റെ പട്ടികയിലും മിന്നല്‍ മുരളി ഇടംനേടിയിരുന്നു. ന്യൂയോര്‍ക്ക് ടൈംസ് നിര്‍ദേശിച്ച അഞ്ച് അന്തര്‍ദേശീയ സിനിമകളുടെ പട്ടികയിലാണ് മിന്നല് മുരളി ഇടംപിടിച്ചിരുന്നത്.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഒഫീഷ്യല്‍പേജിലും മിന്നല്‍മുരളി എത്തിയിരുന്നു. മാഞ്ചസ്റ്റര്‍ താരം മഹ്റസിന്റെ ചിത്രം പങ്കുവെച്ച് ‘ഞങ്ങളുടെ സൂപ്പര്‍ഹീറോ മഹ്റസ് മുരളി’ എന്ന അടിക്കുറിപ്പായിരുന്നു നല്‍കിയത്.

സ്പാനീഷ് ലീഗായ ലാ ലീഗയുടെ ഫേസ്ബുക്ക് പേജില്‍ മിന്നല്‍ മുരളിയുടെ സ്ഥാനത്ത് സെവിയ്യയുടെ താരം റാഫാ മിറിന്റെ ചിത്രം വെച്ചുള്ള പോസ്റ്ററും പ്രത്യക്ഷപ്പെട്ടിരുന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുഗു, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും മിന്നല്‍ മുരളി റിലീസ് ചെയ്തിരുന്നു.

നെറ്റ്ഫ്ളിക്സ് ടോപ്പ് ടെന്‍ ലിസ്റ്റില്‍ സ്‌ക്വിഡ് ഗെയിംസിനേയും മണി ഹെയ്സ്റ്റിനെയും പിന്തള്ളി മിന്നല്‍ മുരളി ഒന്നാമതെത്തിയിരുന്നു. സാക്ഷി സിംഗ് ധോണിയും വെങ്കട് പ്രഭുവും ഉള്‍പ്പെടെയുള്ളവര്‍ മിന്നല്‍ മുരളിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.


Content Highlight: minnal murali uyire video song out