'നഷ്ടപ്പെട്ട കുറുക്കന്‍ മൂല പള്ളിയുടെ ഓര്‍മകള്‍'; രാഷ്ട്രീയ ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തുകളഞ്ഞ പള്ളിയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് മിന്നല്‍ മുരളിയുടെ കലാസംവിധായകന്‍
Entertainment news
'നഷ്ടപ്പെട്ട കുറുക്കന്‍ മൂല പള്ളിയുടെ ഓര്‍മകള്‍'; രാഷ്ട്രീയ ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തുകളഞ്ഞ പള്ളിയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് മിന്നല്‍ മുരളിയുടെ കലാസംവിധായകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 2nd January 2022, 10:12 pm

കൊവിഡ് ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചാണ് മിന്നല്‍ മുരളി എന്ന ചിത്രം റിലീസ് ചെയ്യുന്നത്. മലയാളത്തിലിലെ അദ്യ സൂപ്പര്‍ ഹീറോ ചിത്രം എന്ന നിലയിലറിയപ്പെടുന്നതിന് മുന്‍പ് തന്നെ മിന്നല്‍ മുരളി വാര്‍ത്തകളിലിടം പിടിച്ചിരുന്നു.

ക്ലൈമാക്‌സ് രംഗങ്ങള്‍ ഷൂട്ട് ചെയ്യാനായി കാലടി മണപ്പുറത്ത് സെറ്റിട്ട പള്ളി രാഷ്ട്രീയ ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തത് വാര്‍ത്താ ശ്രദ്ധ നേടിയിരുന്നു.

ഇതിനെ തുടര്‍ന്ന് പിന്നീട് കര്‍ണാടകയിലെ സെറ്റിലാണ് പള്ളി വീണ്ടും പണിത് ക്ലൈമാക്‌സ് രംഗങ്ങള്‍ ചിത്രീകരിച്ചത്. കാലടി മണപ്പുറത്ത് സെറ്റിട്ട പള്ളിയുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ആര്‍ട്ട് ഡയറക്ടര്‍ മനു ജഗത്ത്. രാഷ്ട്രീയ ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തു കളഞ്ഞ പള്ളിയുടെ മനോഹരമായ ചിത്രങ്ങളും സ്‌കെച്ചുകളുമാണ് മനു ജഗത്ത് പങ്കുവെച്ചിരിക്കുന്നത്.

‘നഷ്ടപ്പെട്ട കുറുക്കന്‍ മൂല പള്ളിയുടെ ഓര്‍മകള്‍’ എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് മനു കുറിച്ചത്. ഈ പള്ളിയായിരുന്നെങ്കില്‍ കൂടുതല്‍ മനോഹരമായിരുന്നേനേയെന്ന് നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് രാഷ്ട്രീയ ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ കോടികള്‍ മുടക്കി പണിത പള്ളി പൊളിച്ചത്. ചിത്രത്തിന്റെ വിജയത്തെ തുടര്‍ന്ന് സെറ്റിട്ട പള്ളി തകര്‍ത്ത സംഭവം വീണ്ടും ചര്‍ച്ചയായിരുന്നു.

കഴിഞ്ഞ 24 നായിരുന്നു മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹീറോ ചിത്രമായ മിന്നല്‍ മുരളി നെറ്റ്ഫ്ലിക്സിലൂടെ റീലീസ് ചെയ്തത്. കുറുക്കന്‍ മൂലയുടെ സൂപ്പര്‍ ഹീറോ ആയ മിന്നല്‍ മുരളിയുടെ കഥയാണ് ചിത്രം പറയുന്നത്.

ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ പുറത്ത് വരുന്ന മൂന്നാമത്തെ ചിത്രമാണ് മിന്നല്‍ മുരളി. ടൊവിനോ തോമസ്-ബേസില്‍ കൂട്ട് കെട്ടില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രവും. നേരത്തെ ഇരുവരും ഗോദയില്‍ ഒന്നിച്ചിരുന്നു.

ടൊവിനോ തോമസിനെ കൂടാതെ അജു വര്‍ഗീസ് , തമിഴ് ചലച്ചിത്ര താരം ഗുരു സോമസുന്ദരം, മാമുക്കോയ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. പുതുമുഖ താരം ഫെമിന ജോര്‍ജാണ് ചിത്രത്തിലെ നായിക.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: minnal murali movie art director manui jagath shares the photos of church destroyed by rashtreeya bajrangdal members