കേന്ദ്രത്തെ വിമര്‍ശിക്കുന്ന സിനിമകളും ഫലസ്തീനെ അനുകൂലിക്കുന്ന സിനിമകളും വേണ്ട, ഐ.എഫ്.എഫ്.കെയില്‍ 19 സിനിമകള്‍ കട്ട് ചെയ്ത് കേന്ദ്ര സര്‍ക്കാര്‍
Malayalam Cinema
കേന്ദ്രത്തെ വിമര്‍ശിക്കുന്ന സിനിമകളും ഫലസ്തീനെ അനുകൂലിക്കുന്ന സിനിമകളും വേണ്ട, ഐ.എഫ്.എഫ്.കെയില്‍ 19 സിനിമകള്‍ കട്ട് ചെയ്ത് കേന്ദ്ര സര്‍ക്കാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 15th December 2025, 10:29 pm

30ാമത് ഐ.എഫ്.എഫ്.കെയില്‍ കേന്ദ്ര സര്‍ക്കാരിന്റെ കൈകടത്തല്‍. 19 സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചെന്ന് സംഘാടകര്‍ അറിയിച്ചു. ഇന്നലെയും ഇന്നുമായി 11 സിനിമകളുടെ പ്രദര്‍ശനം മുടങ്ങിയതോടെയാണ് കേന്ദ്രത്തിന്റെ കൈകടത്തലിനെക്കുറിച്ച് സംഘാടകര്‍ വെളിപ്പെടുത്തല്‍ നടത്തിയത്. സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കാത്ത പല സിനിമകളും ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കാറുണ്ട്.

എന്നാല്‍ അത്തരം സിനിമകള്‍ സെന്‍സര്‍ എക്‌സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റോടെയാണ് സാധാരണയായി പ്രദര്‍ശിപ്പിക്കുന്നത്. ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് എക്‌സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. ഇത്തവണത്തെ ചലച്ചിത്രോത്സവത്തില്‍ ഫലസ്തീനെ അനുകൂലിക്കുന്ന നിരവധി സിനിമകള്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ സിനിമകള്‍ക്ക് പുറമെ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിക്കുന്ന ചില സിനിമകള്‍ക്കും അനുമതി നിഷേധിച്ചിരിക്കുകയാണ്.

സി.പി.ഐ.എം നേതാവ് എം.എ ബേബി കേന്ദ്രത്തിന്റെ ഈ ഇടപെടലിനെ വിമര്‍ശിച്ച് രംഗത്തെത്തി. ഒരുകൂട്ടം ഭ്രാന്തന്മാരാണ് ഈ സിനിമകളൊന്നും പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് പറയുന്നതെന്നും രാജ്യം അപകടകരമായ അവസ്ഥയിലേക്കാണ് പോകുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. ഫലസ്തീന് ഐക്യദാര്‍ഢ്യം നല്‍കിക്കൊണ്ട് പ്രത്യേക പാക്കേജില്‍ നാല് സിനിമകളാണ് ഈ വര്‍ഷത്തെ മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ സംഘാടകര്‍ തീരുമാനിച്ചത്.

ഉദ്ഘാടന ചിത്രമായ ഫലസ്തീന്‍ 36ന് പോലും അനുമതി ലഭിച്ചിരുന്നില്ല. ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ലഭിച്ച അബ്ദു റഹ്‌മാന സിസോക്കോയുടെ ടിംബക്ടൂ എന്ന ഡോക്യുമെന്ററി, സ്പാനിഷ് ചിത്രം ബീഫ്, ക്ലാസിക് ചിത്രമായ ബാറ്റില്‍ഷിപ്പ് പൊട്ടംകീന്‍ എന്നിവയും കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്ത സിനിമകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

വിവിധ കാറ്റഗറികളിലായി 150ലധികം സിനിമകളാണ് ഈ വര്‍ഷത്തെ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന ഐ.എഫ്.എഫ്.കെ ഇന്ത്യയിലെ മികച്ച ചലച്ചിത്രോത്സവങ്ങളിലൊന്നാണ്. രണ്ടായിരത്തിലധികം ഡെലഗേറ്റുകളാണ് വിവിധ കോണുകളില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്താറുള്ളത്.

സിനിമാപ്രദര്‍ശനത്തോടൊപ്പം രാഷ്ട്രീയ പ്രഖ്യാപനങ്ങളും ഐ.എഫ്.എഫ്.കെയുടെ പ്രത്യേകതകളിലൊന്നാണ്. എന്നാല്‍ മുമ്പൊന്നും കണ്ടിട്ടില്ലാത്ത തരത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഇടപെടല്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പലരും ഇതിനോടകം പ്രതിഷേധം രേഖപ്പെടുത്തിക്കഴിഞ്ഞു.

Content Highlight: Ministry of Information and Broadcasting denied permission for 19 films in IFFK