ന്യൂദല്‍ഹി: പുതിയ സ്വകാര്യതാ നയം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും വാട്‌സ്ആപ്പിന് നോട്ടീസ് നല്‍കി കേന്ദ്രം. സ്വകാര്യതാ നയം നടപ്പാക്കുന്നതിന്റെ സമയപരിധി മെയ് 15 ല്‍ നിന്ന് നീട്ടിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും കേന്ദ്രം വാട്‌സാപ്പിനെ അറിയിച്ചു.
ഇന്ത്യന്‍ ഉപയോക്താക്കളുടെ വിവര സുരക്ഷിതത്വത്തിനും വിവര സ്വകാര്യതയ്ക്കും പ്രാധാന്യം നല്‍കാത്തതാണ് വാട്‌സ്ആപ്പ് മുന്നോട്ട് വെക്കുന്ന നയം എന്നും കത്തില്‍ പറയുന്നു.
നോട്ടീസിന് മറുപടി അറിയിക്കാന്‍ ഐ.ടി മന്ത്രാലയം മെയ് 25 വരെ വാട്‌സ്ആപ്പിന് സമയം അനുവദിച്ചിട്ടുണ്ട്. ഈ സമയത്തിനുള്ളില്‍ തൃപ്തികരമായ മറുപടി തരാന്‍ വാട്‌സാപ്പിനായില്ലെങ്കില്‍ നിയമാനുസൃതമായ നടപടി സ്വീകരിക്കാന്‍ കേന്ദ്രം തയ്യാറാകുമെന്നും നോട്ടീസില്‍ പറയുന്നു.
ഇന്ത്യയ്ക്കും യൂറോപ്പിനും രണ്ടുതരത്തില്‍ സ്വകാര്യതാ നയം നടപ്പാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കത്തില്‍ പറയുന്നു.
രണ്ടാം തവണയാണ് വാട്‌സ്ആപ്പിനോട് ഇക്കാര്യം ആവശ്യപ്പെടുന്നത്. പുതുക്കിയ സ്വകാര്യ നയം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഈ വര്‍ഷം ജനുവരിയിലായിരുന്നു ആദ്യം വാട്‌സ്ആപ്പിന്റെ ആഗോള ചീഫ് എക്‌സ്‌ക്യൂട്ടീവ് ഓഫീസര്‍ക്ക് കേന്ദ്രം കത്തയച്ചിരുന്നത്.
അതേസമയം വാട്‌സ്ആപ്പ് സ്വകാര്യതാ നയം സംബന്ധിച്ച കേസില്‍ ദല്‍ഹി ഹൈക്കോടതിയില്‍ വിചാരണ നടന്നു വരികയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക