മാസ്‌ക് ധരിക്കുന്നത് തുടരണം, പുറത്തു വന്നത് വ്യാജവാര്‍ത്തകള്‍: കേന്ദ്ര ആരോഗ്യ മന്ത്രാലയം
national news
മാസ്‌ക് ധരിക്കുന്നത് തുടരണം, പുറത്തു വന്നത് വ്യാജവാര്‍ത്തകള്‍: കേന്ദ്ര ആരോഗ്യ മന്ത്രാലയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd March 2022, 3:07 pm

ന്യൂദല്‍ഹി: കൊവിഡ് വ്യാപനത്തിന് പിന്നാലെ രാജ്യത്ത് നടപ്പിലാക്കിയ നിയന്ത്രണങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് ഒഴിവാക്കി എന്ന മാധ്യമവാര്‍ത്തകളെ തള്ളി കേന്ദ്ര ആരോഗ്യമന്ത്രാലയം. ട്വിറ്ററിലൂടെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

മാസ്‌ക് ധരിക്കുന്നതും വ്യക്തി ശുചിത്വം പാലിക്കുന്നതും കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി തുടരണമെന്നും എന്നാല്‍, മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ കേസെടുക്കുന്നത് ഒഴിവാക്കിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

‘കൊവിഡ് 19ന്റെ ഭാഗമായി നടപ്പിലാക്കിയ മാസ്‌ക് ധരിക്കുന്നതും കൈകള്‍ അണുവിമുക്തമാക്കുന്നതും ഒഴിവാക്കി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് തെറ്റായ വസ്തുതയാണ്.

കൊവിഡ് പ്രതിരോധപ്രവര്‍ത്തനത്തിന്റെ ഭാഗമായി മാസ്‌ക് ധരിക്കുന്നതും വ്യക്തിശുചിത്വം പാലിക്കുന്നതും തുടരണം,’ കേന്ദ്ര ആരോഗ്യമന്ത്രാലയം ട്വീറ്റ് ചെയ്തു.

പൊതുയിടങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കിലും ആള്‍ക്കൂട്ട നിയന്ത്രണം ലംഘിച്ചാലും ഇനി മുതല്‍ കേസെടുക്കേണ്ടെതില്ലെന്ന തരത്തില്‍ ദേശിയ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതിയതിനെ ഉദ്ധരിച്ചായിരുന്നു വാര്‍ത്തകള്‍ നല്‍യിരുന്നത്.

ഇക്കാര്യവും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിഷേധിച്ചിട്ടുണ്ട്.

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ 2020യിലായിരുന്നു മാസ്‌ക് ധരിക്കുന്നതും കൂടിച്ചേരലുകള്‍ ഒഴിവാക്കുന്നതുമടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

എന്നാല്‍ മാര്‍ച്ച് 25ന് ഈ ഉത്തരവിന്റെ കാലാവധി അവസാനിക്കുകുന്ന സാഹചര്യത്തില്‍ തുടര്‍ന്ന് ഈ നിയന്ത്രങ്ങള്‍ ഉണ്ടാവില്ലെന്നായിരുന്നു നേരത്തെ പുറത്തു വന്ന വിശദീകരണം. എന്നാല്‍ ഇതും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിഷേധിച്ചിട്ടുണ്ട്.

Content Highlight: Ministry of Health Urges everyone to continue wear mask