ഇറാനിലെ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരായ മിസൈലാക്രമണത്തില്‍ ദുഖമുണ്ട്: വിദേശകാര്യ മന്ത്രാലയം
India
ഇറാനിലെ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരായ മിസൈലാക്രമണത്തില്‍ ദുഖമുണ്ട്: വിദേശകാര്യ മന്ത്രാലയം
രാഗേന്ദു. പി.ആര്‍
Friday, 13th March 2026, 8:44 am

ന്യൂദല്‍ഹി: ഇറാനിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ അപലപിച്ച് വിദേശകാര്യ മന്ത്രാലയം. മിനാബിലെ സ്‌കൂളിന് നേരെയുണ്ടായ മിസൈലാക്രമണത്തില്‍ ദുഖം രേഖപ്പെടുത്തുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണക്കാരന്റെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് ഇന്ത്യ എപ്പോഴും അടിവരയിട്ട് പറയുന്നു. ഇറാന് നഷ്ടമായ വിലയേറിയ ജീവിതങ്ങളില്‍ ഖേദിക്കുന്നുവെന്നും ജയ്സ്വാള്‍ പറഞ്ഞു. ഇറാന്റെ പേരെടുത്ത് പറയാതെയാണ് ജയ്സ്വാള്‍ അപലപിച്ചത്.

ഫെബ്രുവരി 28 നാണ് അമേരിക്കയും ഇസ്രഈലും ചേര്‍ന്ന് ഇറാനില്‍ ആക്രമണം ആരംഭിച്ചത്. ഇസ്രഈലിന്റെ ആദ്യഘട്ട ആക്രമണങ്ങളില്‍ ഒന്നായിരുന്നു മിനാബ് സ്‌കൂളിന് നേരെ നടന്നത്.

165 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 175 പേരാണ് ഇസ്രഈലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഏഴ് മുതല്‍ 12 വയസ് വരെയുള്ള പെണ്‍കുട്ടികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. കുട്ടികള്‍ക്ക് പുറമെ സ്‌കൂളിലെ ജീവനക്കാരും രക്ഷിതാക്കളുമാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

അതേസമയം ഗള്‍ഫ് രാജ്യങ്ങളിലെ ഇറാന്റെ പ്രത്യാക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അന്തരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ പ്രതികരിച്ചു.

ജി.സി.സി രാജ്യങ്ങളിലില്‍ നമുക്ക് വലിയൊരു പ്രവാസി സമൂഹമുണ്ട്. അവരുടെ ക്ഷേമം ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനമാണ്. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഏകദേശം 10 ദശലക്ഷം ഇന്ത്യക്കാരാണ് താമസിക്കുന്നതെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി സംസാരിച്ചതായും അദ്ദേഹം അറിയിച്ചു.

ഷിപ്പിങ് സുരക്ഷയും ഇന്ത്യയുടെ ഊര്‍ജ സുരക്ഷയുമായും ബന്ധപ്പെട്ട കാര്യങ്ങളാണ് ഇരുനേതാക്കളും ചര്‍ച്ച ചെയ്തത്. ഇതിനുശേഷം ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഇന്ത്യന്‍ എണ്ണ ടാങ്കറുകളുടെ നീക്കം സ്ഥിരപ്പെട്ടുവെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 19 കപ്പലുകളാണ് ഹോര്‍മുസ് കടലിടുക്കില്‍ ആക്രമിക്കപ്പെട്ടത്. ഹോര്‍മുസിലെ നിയന്ത്രണം തുടരുമെന്ന് ഇറാന്‍ പരമോന്നത നേതാവ് മൊജ്തബ ഖാംനഇ ഇന്നലെ (വ്യാഴം) തന്റെ ആദ്യ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.

Content Highlight: Ministry of External Affairs expresses sorrow over israel missile attack on students at school in Iran

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.