ദല്‍ഹി: ഇന്ത്യയിലെ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ അമേരിക്കന്‍ ഫണ്ടിങ് ഏജന്‍സിയായ യു.എസ്.എ.ഐ.ഡിയില്‍ നിന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ പണം സ്വീകരിച്ചെന്ന ബി.ജെ.പി.യുടെ അവകാശവാദം പൊളിഞ്ഞു. 2014നും 2024നും ഇടയില്‍ യു.എസ്.എ.ഐ.ഡി ഇന്ത്യയില്‍ ഒരു രാഷ്ട്രീയ ധനസഹായവും നല്‍കിയിട്ടില്ലെന്ന് ദല്‍ഹിയിലെ യു.എസ്. എംബസിയെ ഉദ്ധരിച്ച് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ക്കായി ഇവര്‍ ഇന്ത്യയില്‍ പണം വിതരണം ചെയ്തിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം ജോണ്‍ ബ്രിട്ടാസ് എം.പിക്ക് മറുപടി നല്‍കി. വോട്ടര്‍ പങ്കാളിത്തം വര്‍ധിപ്പിക്കാനെന്ന പേരില്‍ ഇന്ത്യയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ വിദേശസഹായം കൈപ്പറ്റിയെന്ന് ബി.ജെ.പി. നേരത്തെ ആരോപിച്ചിരുന്നു.
ഇന്ത്യയിലെയും ബംഗ്ലാദേശിലെയും പോളിങ് മെച്ചപ്പെടുത്താന്‍ അമേരിക്കന്‍ ഫണ്ടിങ് ഏജന്‍സിയായ യു.എസ്.എ.ഐ.ഡി. (യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ്) 21 മില്യണ്‍ ഡോളര്‍ (176 കോടി) ചെലവിട്ടെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ബി.ജെ.പി ആരോപണവുമായി രംഗത്തെത്തിയത്. എന്നാല്‍ ഇത് നിഷേധിക്കുന്നതാണ് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞദിവസം പുറത്തുവിട്ട റിപ്പോര്‍ട്ട്.
‘2014 മുതല്‍ 2024 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ ഇന്ത്യയിലെ വോട്ടര്‍മാരുടെ പങ്കാളിത്തത്തിനായി യു.എസ്.എ.ഐ.ഡി 21 മില്യണ്‍ ഡോളര്‍ ഫണ്ട് സ്വീകരിച്ചിട്ടില്ല, നല്‍കിയിട്ടില്ല, രാജ്യത്ത് വോട്ടര്‍മാരുടെ എണ്ണവുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തനവും നടത്തിയിട്ടില്ല’ എന്ന് ജൂലൈ 2 ന് യു.എസ് എംബസി ഇന്ത്യയെ അറിയിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
2025 ഫെബ്രുവരിയില്‍ യു.എസ്. ഗവണ്മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്‌മെന്റ് (ഡി.ഓ.ജി.ഇ) ലോകമെമ്പാടുമുള്ള യു.എസ്.എ.ഐ.ഡി ഫണ്ടിങ്ങില്‍ നിന്ന് 486 മില്യണ്‍ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഈ പോസ്റ്റില്‍ ‘ഇന്ത്യയിലെ വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനായി നീക്കിവെച്ചിരിക്കുന്ന 21 മില്യണ്‍ ഡോളര്‍ സഹായവും ഉള്‍പ്പെടുന്നു’ എന്ന ഭാഗമാണ് ട്രംപ് ഉദ്ധരിച്ചത്.
ഈ പോസ്റ്റിനെ തുടര്‍ന്ന് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ യു.എസ്.എ.ഐ.ഡി ഇന്ത്യയില്‍ നടത്തിയ എല്ലാ ധനസഹായ പദ്ധതികളെയും കുറിച്ച് വിദേശകാര്യ മന്ത്രാലയും യു.എസ്. എംബസിയില്‍ നിന്ന് തേടി. ഇന്ത്യയില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള ഒരു ധനസഹായവും യു.എസ്.എ.ഐ.ഡി നടത്തിയിട്ടില്ലെന്ന് എംബസി അറിയിക്കുകയായിരുന്നു.
Content Highlight: Ministry of External Affairs denies Trump’s claim on USAID funding