മണ്ഡലത്തിലെ വികസനമില്ലായ്മ ചൂണ്ടിക്കാണിച്ചതിന് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അടക്കമുള്ള സൈബര്‍ അറ്റാക്ക്; മാധ്യമപ്രവര്‍ത്തകക്ക് ഐക്യദാര്‍ഢ്യവുമായി വീണ ജോര്‍ജ്
Kerala News
മണ്ഡലത്തിലെ വികസനമില്ലായ്മ ചൂണ്ടിക്കാണിച്ചതിന് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അടക്കമുള്ള സൈബര്‍ അറ്റാക്ക്; മാധ്യമപ്രവര്‍ത്തകക്ക് ഐക്യദാര്‍ഢ്യവുമായി വീണ ജോര്‍ജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th September 2023, 6:24 pm

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകുടെ സൈബര്‍ അറ്റാക്കിന് ഇരയായ T21 ചാനലിലെ അവതാരക പാര്‍വതി ഗിരികുമാറിന് പിന്തുണയുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്.

സമീപകാലത്ത് ഒരു സ്ത്രീക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത സൈബര്‍ അറ്റാക്കാണ് പാര്‍വതിക്ക് നേരിടേണ്ടി വന്നിട്ടുള്ളതെന്നും ഒരു പ്രവിലേജും ഇല്ലാത്ത ഒരു പെണ്‍കുട്ടിയെ സൈബര്‍ ഇടത്തില്‍ ക്രൂരമായി അപമാനിക്കുന്നത് അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ വീണ ജോര്‍ജ് പറഞ്ഞു.

ഒരു മണ്ഡലത്തിലെ വികസനമില്ലായ്മ റിപ്പോര്‍ട്ട് ചെയ്തു എന്നതാണ് പാര്‍വതി ചെയ്ത കുറ്റമെന്നും ഇതിന് പിന്നാലെ അവളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വരെ ഉപയോഗിച്ചാണ് സൈബര്‍ അറ്റാക്ക് നടത്തുന്നതെന്നും വീണ ജോര്‍ജ് പറഞ്ഞു.

ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

ഇരുപത്തി ഒന്നോ ഇരുപത്തി രണ്ടോ വയസ് മാത്രം പ്രായം കാണും ആ കുട്ടിക്ക്. അവള്‍ തനിക്കു നേരിടേണ്ടി വരുന്ന സൈബര്‍ ആക്രമണത്തെക്കുറിച്ച് പറയുന്നത് ഇന്ന് കേട്ടു. പാര്‍വതി എന്ന ആ പെണ്‍കുട്ടി നേരിടുന്നത് സമീപകാലത്ത് ഒരു സ്ത്രീക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത സൈബര്‍ അറ്റാക്കും മോബ് ലിഞ്ചിങ്ങുമാണ്. ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തും അവരെ ആക്രമിക്കുന്നു.

ഉപതെരഞ്ഞെടുപ്പ് നടന്ന മണ്ഡലത്തില്‍ പോയി താന്‍ ജോലി ചെയ്യുന്ന T21 എന്ന ചാനലിന് വേണ്ടി ആ മണ്ഡലത്തിലെ വികസനമില്ലായ്മ റിപ്പോര്‍ട്ട് ചെയ്തു എന്നതാണ് ചെയ്ത കുറ്റം. ഒരു പ്രിവിലേജും ഇല്ലാത്ത ഒരു പാവം പെണ്‍കുട്ടിയെ സൈബര്‍ ഇടത്തില്‍ ഇത്ര ക്രൂരമായി അപമാനിക്കുന്നത് അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. പാര്‍വതിക്ക് ഐക്യദാര്‍ഢ്യം. കൂടുതല്‍ കരുത്തോടെ മുന്നോട്ടു പോകുക പ്രിയ പാര്‍വതി.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനിടെ പാര്‍വതി മണ്ഡലത്തിലെത്തുകയും ഗ്രൗണ്ട് റിപ്പോര്‍ട്ടിങ് നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തന്നെ പാര്‍വതിക്കെതിരെ സൈബര്‍ അറ്റാക്ക് നടക്കുകയും തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഈ ആക്രമണം രൂക്ഷമാവുകയുമായിരുന്നു.

അതേസമയം, തനിക്ക് നേരിട്ടുകൊണ്ടിരിക്കുന്ന സൈബര്‍ അറ്റാക്കിനെതിരെ പാര്‍വതി മുഖ്യമന്ത്രിക്കും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കി.

 

കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ വരെ അംഗമായ പേജുകളില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ജെയ്ക് സി. തോമസിന്റെ ചിത്രത്തോടൊപ്പം തന്റെ ചിത്രവും ചേര്‍ത്ത് കേട്ടാലറയ്ക്കുന്ന തരത്തിലുള്ള പ്രചാരണമാണ് നടക്കുന്നതെന്ന് പാര്‍വതി പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങളെ നിയമപരമായി നേരിടാന്‍ ഒരുങ്ങുകയാണെന്നും പാര്‍വതി ഗിരികുമാര്‍ പ്രതികരിച്ചു.

 

Content highlight: Minister Veena George reacts to the cyber attack on Parvathy Girakumar