തിരുവനന്തപുരം: ഓണാഘോഷത്തിനിടെ മോണോ ആക്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായ യുവതിയെ ഫോണില്‍ വിളിച്ച് പ്രശംസിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സുന്ദര ഹൃദയങ്ങള്‍ ലോകത്തെ കൂടുതല്‍ സുന്ദരമാക്കുന്നുവെന്നാണ് യുവതിയെ കുറിച്ച് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്. വൈറല്‍ വീഡിയോയും മന്ത്രി പങ്കുവെച്ചിട്ടുണ്ട്.
അസാധാരണമായ പ്രതിഭയുള്ള എത്രയോ പേര്‍ നമ്മുടെയിടയില്‍ ആരുമറിയാതെ ജീവിക്കുന്നുവെന്നും അങ്ങനെയുള്ള ഒരാളെ ഈ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളിലൂടെ കണ്ടതായും മന്ത്രി ചൂണ്ടിക്കാട്ടി.
അംഗനവാടിയിലെ ഓണാഘോഷത്തില്‍ കുഞ്ഞുങ്ങളെയും അമ്മമാരെയും അംഗനവാടി പ്രവര്‍ത്തകരെയും സന്തോഷിപ്പിക്കാന്‍ ഒരു കുഞ്ഞിന്റെ അമ്മ നടത്തിയ പെര്‍ഫോമന്‍സ് ആണ് വൈറലായ വീഡിയോയിലുള്ളതെന്നും മന്ത്രി പറഞ്ഞു.
‘ടിന്റുവിന്റെ സ്വന്തം വീട് തൊട്ടില്‍പ്പാലത്ത് ആണ്. വിവാഹിതയായി വളയത്തേക്ക് വന്നതാണ്. ടിന്റുവിനെ ഫോണില്‍ വിളിച്ചു സംസാരിച്ചു. അഭിനന്ദിച്ചു. ‘കഴിഞ്ഞ വര്‍ഷം ഓണക്കാലത്ത് വയനാട് ദുരന്തത്തില്‍ നാമെല്ലാവരും കരഞ്ഞു. ഇത്തവണ കുറച്ചു പേരെ എങ്കിലും എനിക്ക് ചിരിപ്പിക്കാന്‍ കഴിഞ്ഞല്ലോ’ ഫോണ്‍ സംഭാഷണത്തിനിടയില്‍ ടിന്റു പറഞ്ഞതാണിത്,’ മന്ത്രി കുറിച്ചു.
കോഴിക്കോട് വളയം പഞ്ചായത്തിലെ നിരവുമ്മല്‍ അംഗനവാടിയിലെ ഓണാഘോഷത്തിനിടെയാണ് ഈ വൈറല്‍ പെര്‍ഫോമന്‍സ് ഉണ്ടായത്. മൂന്ന് വയസുകാരി വിദ്രാ ദേവിയുടെ അമ്മയായ ടിന്റു വിജേഷാണ് അതി ഗംഭീരമായ അഭിനയത്തിലൂടെ വൈറലായത്.
ഈ വര്‍ഷത്തെ ഓണത്തിന് സോഷ്യല്‍ മീഡിയയില്‍ വൈറലായ ഏതാനും വീഡിയോകളില്‍ ഒന്ന് കൂടിയായിരുന്നു ടിന്റുവിന്റേത്. ഒരു ചാക്കിനുള്ളില്‍ നിന്നുകൊണ്ട് പാട്ട് പാടിയും ദേഷ്യപ്പെട്ടും ഒരു കള്ളുകുടിക്കാരനായാണ് ടിന്റു അഭിനയിച്ചത്.
Content Highlight: Minister veena george congratulates viral woman in kozhikode