നേതൃനിരയിലേക്ക് സ്ത്രീകള്‍ വരുന്നതാണ് നല്ലത്; ശ്വേതാ മേനോന് സജി ചെറിയാന്റെ പിന്തുണ
Kerala
നേതൃനിരയിലേക്ക് സ്ത്രീകള്‍ വരുന്നതാണ് നല്ലത്; ശ്വേതാ മേനോന് സജി ചെറിയാന്റെ പിന്തുണ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th August 2025, 4:24 pm

കൊച്ചി: നടി ശ്വേതാ മേനോന് പിന്തുണയുമായി സിനിമാ, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. കരുത്തുറ്റ സ്ത്രീയാണ് ശ്വേതാ മേനോനെന്നും സിനിമാ സംഘടനയിലെ നേതൃത്വ നിരയിലേക്ക് സ്ത്രീകള്‍ വരുന്നതാണ് നല്ലതെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സംഘടനയിലെ പ്രശ്‌നങ്ങള്‍ അംഗങ്ങള്‍ തന്നെ പരിഹരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ മികച്ച നടിയാണ് ശ്വേതാ മേനോനെന്നും മലയാള സിനിമക്ക് നല്ലതരത്തിലുള്ള സംഭാവനകള്‍ അഭിനയത്തിലൂടെ നല്‍കിയ മാന്യ വ്യക്തിത്വമാണ് നടിയുടേതെന്നും മന്ത്രി പറഞ്ഞു.

അവര്‍ ഒരു ബോള്‍ഡായ സ്ത്രീയാണെന്നും ഏതെങ്കിലും തരത്തില്‍ മറ്റ് സ്വഭാവമുള്ള ആളാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന പരാതിയില്‍ ശ്വേതാ മേനോനെതിരെ
പൊലീസ് കേസെടുത്തതിരുന്നു. മാര്‍ട്ടിന്‍ മേനാച്ചേരി എന്നയാള്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടിയെടുത്ത്. പ്രസ്തുത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്വേതാ മേനോന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

പരാതിക്ക് അടിസ്ഥാനമായ തെളിവുകളില്ലെന്നുംതാരസംഘടനായ ‘അമ്മ’യില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സമയത്ത് ഫയല്‍ ചെയ്ത കേസ് ദുരുദ്ദേശപരമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ശ്വേതയുടെ ഹരജി.

ഹരജി പരിഗണിച്ച ഹൈക്കോടതി ശ്വേതാ മേനോനെതിരായ കേസിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്തിരുന്നു. ഇതുസംബന്ധിച്ച്കോടതി പൊലീസിനും പരാതിക്കാരനും നോട്ടീസയച്ചു. നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി തുടര്‍നടപടികള്‍ താത്കാലികമായാണ് സ്റ്റേ ചെയ്തത്.

Content highlight: Minister Saji Cherian supports actress Shweta Menon