തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടിയും മാധ്യമ പ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജ് ഉയര്‍ത്തിയ ആരോപണത്തില്‍ പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു. സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതും അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നതും ഗുരുതരമാണെന്ന് മന്ത്രി പറഞ്ഞു. രാഷ്ട്രീയ മേഖലക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന ആരോപണങ്ങളാണ് പുറത്തുവരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഹൂ കെയേര്‍സ് മനോഭാവക്കാരോട് ധാര്‍മികതയെക്കുറിച്ച് പറഞ്ഞിട്ട് എന്ത് കാര്യമെന്നും മന്ത്രി ചോദിച്ചു.
‘ജനപ്രതിനിധികളില്‍ നിന്നും ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത കാര്യമാണിത്. ഉയര്‍ന്നുവരുന്ന ആരോപണങ്ങളില്‍ നടപടി എടുക്കേണ്ടത് ബന്ധപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനമാണ്. പ്രസ്ഥാനത്തിനകത്താണ് അത്തരം നീക്കം ഉണ്ടാകേണ്ടത്.
ധാര്‍മികതയെ കുറിച്ച് ഓരോ ആളുകള്‍ക്കും ഉള്ള കോണ്‍സപ്റ്റ് ആപേക്ഷികമാണ്. ഇതൊക്കെ അദ്ദേഹത്തിന് തോന്നണം, അത് തെറ്റാണെന്ന് തോന്നാത്ത നിലയില്‍ എന്താണ് പറയുക. ആ പറഞ്ഞത് പോലെ ഹൂ കെയേര്‍സ് എന്ന മനോഭാവമുള്ളവരോട് പറഞ്ഞിട്ട് കാര്യമില്ല,’ ആര്‍. ബിന്ദു പറഞ്ഞു.
ഒരു യുവനേതാവ് തന്നെ പഞ്ചനക്ഷത്രഹോട്ടലിലേക്ക് ക്ഷണിച്ചെന്നും അശ്ലീലസന്ദേശങ്ങള്‍ അയച്ചെന്നും കഴിഞ്ഞ ദിവസമാണ് നടി റിനി ആന്‍ ജോര്‍ജ് വെളിപ്പെടുത്തല്‍ നടത്തിയത്. രാഹുലിന്റെ പേര് നേരിട്ട് പറയാതെ എന്നാല്‍ രാഹുലാണെന്ന് വ്യക്തമാകുന്ന തരത്തിലായിരുന്നു റിനിയുടെ വെളിപ്പെടുത്തല്‍.
കൂടാതെ, ഡി.വൈ.എഫ്. ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജും യുവ നേതാവിനെതിരെയുള്ള ആരോപണത്തില്‍ പ്രതികരിച്ചിരുന്നു. റിനി ആന്‍ ജോര്‍ജ് ഉയര്‍ത്തിയ ആരോപണം ഗൗരവതരമാണെന്ന് സനോജ് പറഞ്ഞു. ആരോപണം ഉന്നയിച്ച റിനി ആന്‍ ജോര്‍ജിന് എതിരായി കോണ്‍ഗ്രസ് സൈബര്‍ കൂട്ടങ്ങള്‍ ആക്രമണം തുടങ്ങിയിട്ടുണ്ടെന്നും സൈബറിടത്തില്‍ ആക്രമിച്ച് വായടപ്പിക്കാനാണ് പുതിയ നീക്കമെന്നും അദ്ദേഹം ആരോപിച്ചു.
ലോകത്തെ എല്ലാ വിഷയങ്ങളിലും ധാര്‍മിക പ്രസംഗം നടത്തുന്ന സതീശന്‍ സ്വന്തം മകളുടെ പ്രായമുള്ള ഒരു പെണ്‍കുട്ടിയുടെ പരാതി മുക്കി വേട്ടക്കാരനെ സംരക്ഷിച്ചതിന് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹം പ്രതികരണം നടത്തിയത്.
നടിയും മാധ്യമ പ്രവര്‍ത്തകയും ആയ റിനി ആന്‍ ജോര്‍ജ് ഉയര്‍ത്തിയ ആരോപണം ഗൗരവതരമാണ്. യുവ എം.എല്‍.എ തന്നോട് ഉള്‍പ്പെടെ നിരവധി പെണ്‍കുട്ടികളോട് അതിക്രമം കാട്ടിയെന്നും ക്രിമിനല്‍ ബുദ്ധിയോടെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു എന്നും പറഞ്ഞിട്ടുണ്ട്.
പരാതി ഉന്നയിച്ച റിനി ആന്‍ ജോര്‍ജിന് എതിരായി കോണ്‍ഗ്രസ് സൈബര്‍ കൂട്ടങ്ങള്‍ ആക്രമണം തുടങ്ങിയിട്ടുണ്ട്. സൈബറിടത്തില്‍ ആക്രമിച്ച് വായടപ്പിക്കാനാണ് പുതിയ നീക്കം.
അതിലെ ഏറ്റവും ഗൗരവം നിറഞ്ഞ കാര്യം തനിക്ക് ഉണ്ടായ മോശം അനുഭവം പിതൃതുല്യനായി കാണുന്ന വി.ഡി സതീശനോട് പരാതിപ്പെട്ടിരുന്നു എന്നും അതിന് ശേഷം വേട്ടക്കാരന് എം എല്‍ എ പദവി ഉള്‍പ്പെടെ വമ്പിച്ച അധികാരങ്ങള്‍ നല്‍കപ്പെട്ടു എന്നുമാണ്.
ലോകത്തെ എല്ലാ വിഷയങ്ങളിലും ധാര്‍മിക പ്രസംഗം നടത്തുന്ന സതീശന്‍ സ്വന്തം മകളുടെ പ്രായമുള്ള ഒരു പെണ്‍കുട്ടിയുടെ പരാതി മുക്കി വേട്ടക്കാരനെ സംരക്ഷിച്ചതിന് മറുപടി പറയണം. സതീശന് കിട്ടിയ പരാതി ഉടന്‍ പോലീസിന് കൈമാറണം.
പീഢന വീരന്‍മാര്‍ക്ക് സംരക്ഷണ കവചമൊരുക്കുന്നത് ഷാഫിപറമ്പില്‍ വിഭാഗം കോണ്‍ഗ്രസ് നിരയാണ്. നേരത്തേ ഉയര്‍ന്ന ചില വിഷയങ്ങള്‍ സെറ്റില്‍ ചെയ്യാന്‍ കോടികള്‍ ചിലവഴിച്ചിട്ടുണ്ട് എന്നാണ് കോണ്‍ഗ്രസില്‍ നിന്ന് തന്നെ കേള്‍ക്കുന്ന വാര്‍ത്തകള്‍. ഇത്രയും പണം എങ്ങനെ സമാഹരിക്കുന്നു എന്നും ചര്‍ച്ച ചെയ്യണ്ടതുണ്ട്.
Content Highlight: Minister R Bindu and VK Sanoj react to the allegation against Rahul Mamkootathil