അന്ന് സാമൂഹ്യവിരുദ്ധരുടെ കേന്ദ്രം, ഇന്ന് പൊതുജനങ്ങള്‍ക്കുള്ള വിശ്രമകേന്ദ്രം; പൊതുമരാമത്ത് വകുപ്പിന്റെ 'നല്ലളം മാജിക്'
PA Muhammed Riyas
അന്ന് സാമൂഹ്യവിരുദ്ധരുടെ കേന്ദ്രം, ഇന്ന് പൊതുജനങ്ങള്‍ക്കുള്ള വിശ്രമകേന്ദ്രം; പൊതുമരാമത്ത് വകുപ്പിന്റെ 'നല്ലളം മാജിക്'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd September 2025, 10:57 pm

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നല്ലളത്ത് റോഡരികിലെ കാടുമൂടി കിടന്നിരുന്ന പ്രദേശം ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വിശ്രമകേന്ദ്രമാക്കി മാറ്റിയ ‘മാജിക്കി’നെ കുറിച്ച് മന്ത്രി പി.എ മുഹമ്മദ് റിയാസ്.

ഉപയോഗശൂന്യമായ സ്ഥലം ഇന്ന് യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ ഉപയോഗപ്രദമായ ‘ടേക്ക് എ ബ്രേക്ക്’ അമിനിറ്റീസ് പാര്‍ക്കായി മാറ്റിയിരിക്കുകയാണ് പൊതുമരാമത്ത് വകുപ്പും ടൂറിസം വകുപ്പും.

വര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ പ്രദേശത്തിന്റെ ദാരുണമായ അവസ്ഥയും ഇപ്പോഴത്തെ വിശ്രമകേന്ദ്രത്തിന്റെ മനോഹാരിതയും ബിഫോര്‍-ആഫ്റ്റര്‍ വീഡിയോയിലൂടെ മന്ത്രി തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പങ്കുവെച്ചു.

‘നല്ലളം മാജിക്’ എന്ന കുറിപ്പോടെയാണ് മന്ത്രി വീഡിയോ പങ്കിട്ടിരിക്കുന്നത്. റിംഗ് റോഡ് നല്ലളം ഡീസല്‍ പ്ലാന്റിന് സമീപത്തെ റോഡരികിലാണ് വാഹനങ്ങള്‍ കൂട്ടിയിട്ടും കാടുംപടലവും പടര്‍ന്നും ഉപയോഗശൂന്യമായി ഒരു പ്രദേശം കിടന്നിരുന്നത്. ഇവിടെ സാമൂഹ്യവിരുദ്ധരുടെ ശല്യവും രൂക്ഷമായതോടെ ജനങ്ങളും ബുദ്ധിമുട്ടിലായിരുന്നു.

2021ല്‍ തന്നെ വാഹനങ്ങള്‍ മാറ്റി ഈ പ്രദേശം വൃത്തിയാക്കാന്‍ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചിരുന്നെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അതിനായി ഒരു കോടി രൂപ സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് അമിനിറ്റീസ് പാര്‍ക്കിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. നിലവില്‍ അമിനിറ്റീസ് പാര്‍ക്കിന്റെ പ്രവര്‍ത്തികള്‍ അവസാനഘട്ടത്തിലാണ്.

നാഷണല്‍ ഹൈവേയുടെ അരികിലായതിനാല്‍ തന്നെ യാത്രക്കാര്‍ക്ക് ഉപകാരപ്രദമാവുന്നതാണ് ജനകീയ കൂട്ടായ്മയിലൂടെ പണിതുയര്‍ത്തിയ വിശ്രമകേന്ദ്രം. പൊതുമരാമത്തിന് കീഴില്‍ വരുന്ന ഇത്തരത്തിലുള്ള മറ്റ് സ്ഥലങ്ങളെ കുറിച്ച് സോഷ്യല്‍മീഡിയയിലൂടെ അറിയിക്കണമെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ കുറിപ്പ്: ‘നല്ലളം മാജിക്’,യാത്രകള്‍ക്കിടയില്‍ വിശ്രമകേന്ദ്രങ്ങള്‍ എന്നത് ജനം വല്ലാതെ ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതുമായ പദ്ധതിയാണ്. കാട് പിടിച്ചുകിടക്കുന്ന സാമൂഹ്യവിരുദ്ധരുടെ കേന്ദ്രങ്ങള്‍ ജനകീയ കൂട്ടായ്മയിലൂടെ ഒരു മാജിക് പോലെ ഇങ്ങനെ മാറിയത് കണ്ടോ. നിങ്ങളുടെ നാട്ടിലും ഇങ്ങനെയുള്ള പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലങ്ങള്‍ ഉണ്ടോ? കമന്റില്‍ അറിയിക്കൂ. ഇത് കോഴിക്കോട് ജില്ലയിലെ നല്ലളം മാജിക്. വര്‍ഷങ്ങളായി കാട് പിടിച്ചു കിടക്കുന്ന, സാമൂഹ്യ വിരുദ്ധരുടെ താവളമായിരുന്ന കോഴിക്കോട് നല്ലളം ഹൈവേയ്ക്ക് സമീപത്തെ ഒഴിഞ്ഞ പ്രദേശം ഇപ്പോള്‍ അമിനിറ്റീസ് പാര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ മാറ്റിയിരിക്കുകയാണ്. ഈ സ്ഥലത്ത് കൂട്ടിയിട്ട വാഹനങ്ങള്‍ ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരുന്നത്. വാഹനങ്ങള്‍ മാറ്റുകയും പിന്നീട് പൊതുമരാമത്ത്, ടൂറിസം വകുപ്പുകള്‍ യോജിച്ച് ഈ സ്ഥലം അമിനിറ്റീസ് പാര്‍ക്കായി മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. അതിന്റെ പ്രവൃത്തി ഇപ്പോള്‍ അവസാനഘട്ടത്തിലാണ്.

Content Highlight: Minister PA Mohammed Riyas shares ‘Nallalam Magic’ video