തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനത്തിലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ സാന്നിധ്യത്തെ പരിഹസിച്ച് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്.
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനത്തിലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ സാന്നിധ്യത്തെ പരിഹസിച്ച് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്.
വേദിയിലിരിക്കേണ്ട തങ്ങള്‍ സദസ്സിലാണെന്നും അതിന് പകരം ബി.ജെ.പി അധ്യക്ഷനായ രാജീവ് ചന്ദ്രശേഖര്‍ വേദിയിലാണെന്നും മന്ത്രി പറഞ്ഞു. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ എന്നിവര്‍ക്കൊപ്പമുള്ള സെല്‍ഫി പങ്കുവെച്ചു കൊണ്ടായിരുന്നു മന്ത്രിയുടെ പോസ്റ്റ്.
നേരത്തെ കാലത്ത് വന്ന് നാണമില്ലാതെ രാജീവ് ചന്ദ്രശേഖര്‍ കുമ്മനടിച്ചിട്ടുണ്ടെന്നും വിളമ്പുന്നവന് നാണം ഇല്ലെങ്കിലും കഴിക്കുന്നവന് നാണം വേണമെന്നും റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ഉദ്ഘാടന വേദിയില്‍ നേരത്തെ എത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ വേദിയില്‍ ഒറ്റയ്ക്ക് ഇരുന്ന് മുദ്രാവാക്യം വിളിക്കുന്നന്റെ വീഡിയോ പരിഹാസ രൂപേണ ഇടത് ഹാന്‍ഡിലില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഉദ്ഘാടന വേളയില്‍ വേദിയില്‍ ഇരിക്കുന്നവരില്‍ സംസ്ഥാനം കൊടുത്ത ലിസ്റ്റില്‍ അദ്ദേഹത്തിന്റെ പേര് ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രിയുടെ ഓഫീസാണ് അദ്ദേഹത്തിന്റെ പേര് കൂട്ടിച്ചേര്‍ത്തത്.
അതേസമയം മുഹമ്മദ് റിയാസിന്റെ പോസ്റ്റിനെ വിമര്‍ശിച്ച് പാലക്കാട് എം.എല്‍.എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തിലും രംഗത്ത് എത്തിയിരുന്നു. നിങ്ങളുടെ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന് നിങ്ങളുടെ മുന്നണിയുടെ കണ്‍വീനര്‍ സ്റ്റേജില്‍ ഉണ്ടാകുന്നത് സ്വാഭാവികമല്ലേ എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. റിയാസ് പങ്കുവെച്ച പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചായിരുന്നു രാഹുലിന്റെ മറുപടി.
അതേസമയം കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മന്ത്രി വി.എന്‍. വാസവന്‍, ശശി തരൂര്‍ എംപി തുടങ്ങിയവര്‍ പങ്കെടുത്തു.
Content Highlight: Minister Muhmmad Riyas trolled Rajeev Chandrasekhar on his presence on Vizhinjam port official inauguration