പച്ചക്കൊടി കണ്ട് ഹാലിളകിയ കോണ്‍ഗ്രസ് നേതാവ് ന്യൂനപക്ഷ വിരുദ്ധതയുടെ പ്രതീകം: മുഹമ്മദ് റിയാസ്
Kerala News
പച്ചക്കൊടി കണ്ട് ഹാലിളകിയ കോണ്‍ഗ്രസ് നേതാവ് ന്യൂനപക്ഷ വിരുദ്ധതയുടെ പ്രതീകം: മുഹമ്മദ് റിയാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th July 2022, 9:13 pm

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ നടന്ന യു.ഡി.എഫ് പരിപാടിയില്‍ മുസ്‌ലിം ലീഗിന്റെ കൊടി കെട്ടാന്‍ കോണ്‍ഗ്രസ് നേതാവ് അനുവദിച്ചില്ലെന്ന പരാതിയില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്.

‘എനിക്ക് മറക്കാനാകില്ല, പക്ഷേ പൊറുക്കാനാകും’, ഇനിയുമെത്രകാലം മതനിരപേക്ഷ മനസ്സുകള്‍ കോണ്‍ഗ്രസിനോട് പൊറുക്കണം ? എന്ന തലക്കെട്ടോടെയാണ് റിയാസ് ഫേസ്ബുക്ക് പങ്കുവെച്ചത്.

യു.ഡി.എഫ് പൊതുയോഗസ്ഥലത്ത് കെട്ടിയ മുസ്‌ലിം ലീഗിന്റെ പതാക വലിച്ചെറിഞ്ഞുകൊണ്ട് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പറഞ്ഞത് പച്ചക്കൊടി നീ മലപ്പുറത്തോ, പാകിസ്ഥാനിലോ കൊണ്ടുപോയി കെട്ടിയാല്‍ മതിയെന്നാണ്. അനുഭവസ്ഥനായ ലീഗ് നേതാവ് വിതുമ്പലോടെ ചാനലില്‍ ഈ വിവരം വെളിപ്പെടുത്തുന്നത് കാണാനിടയായി. ഒരുമിച്ച് നിന്നാലേ ഭാവിയില്‍ പഞ്ചായത്ത് ഭരണക്കസേരയില്‍ ഇരിക്കാനെങ്കിലും ചെറിയ സാധ്യതയുള്ളു എന്ന ഒറ്റക്കാരണത്താല്‍ പ്രശ്‌നം രണ്ടുകൂട്ടരും വേഗത്തില്‍ പരിഹരിക്കുമായിരിക്കും. എന്നാല്‍ ഇത് യു.ഡി.എഫിലെ രണ്ടു പാര്‍ട്ടികള്‍ തമ്മിലുള്ള തര്‍ക്കമെന്നതിനപ്പുറം മറ്റു ചില ഗൗരവമേറിയ യാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ചോതുന്നുണ്ടെന്നും മന്ത്രി റിയാസ് പറഞ്ഞു.

യു.ഡി.എഫ് പൊതുയോഗത്തില്‍ പച്ചനിറത്തിലുള്ള കൊടി കണ്ട് ഹാലിളകി അത് മലപ്പുറത്തോ പാകിസ്ഥാനിലോ നാട്ടിയാല്‍ മതി എന്ന് മുസ്‌ലിം ലീഗ് നേതാവിനോട് പറഞ്ഞ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഒരു വ്യക്തിയല്ല, പ്രതീകമാണ്. ഇന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ഗ്രസിച്ചിരിക്കുന്ന വര്‍ഗീയ അതിപ്രസരത്തിന്റെയും ന്യൂനപക്ഷ വിരുദ്ധതയുടെയും പ്രതീകമാണെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.

യു.ഡി.എഫ് പരിപാടിയില്‍ മുസ്‌ലിം ലീഗിന്റെ കൊടി കെട്ടാന്‍ കോണ്‍ഗ്രസ് നേതാവ് അനുവദിച്ചില്ലെന്നാണ് പരാതി. കഴിഞ്ഞ ദിവസം കഴക്കൂട്ടം ആറ്റിപ്രയില്‍ വെച്ച് നടന്ന യു.ഡി.എഫിന്റെ സമര പരിപാടിയിലായിരുന്നു സംഭവം.

കൊടി കെട്ടാനെത്തിയ ലീഗ് നേതാവിനോട് അത് പാകിസ്ഥാനില്‍ കൊണ്ടുപോയി കെട്ടാന്‍ കോണ്‍ഗ്രസ് കഴക്കൂട്ടം ബ്ലോക്ക് പ്രസിഡന്റ് ഗോപാലകൃഷ്ണന്‍ (സനല്‍ കുമാര്‍) ആവശ്യപ്പെട്ടതായാണ് പരാതി.

മുസ്‌ലിം ലീഗിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായ വെമ്പായം നസീറാണ് കോണ്‍ഗ്രസ് നേതാവ് ഗോപാലകൃഷ്ണനെതിരെ പരാതിയുമായി രംഗത്തെത്തിയത്. വിഷയത്തില്‍ നസീര്‍ കോണ്‍ഗ്രസിന് പരാതി നല്‍കിയിട്ടുണ്ട്.

പരിപാടിയുടെ ഭാഗമായി ലീഗിന്റെ കൊടി കെട്ടാന്‍ താനും മൂന്ന് പ്രവര്‍ത്തകരും സ്ഥലത്തെത്തിയപ്പോള്‍, ‘ലീഗ് കൊടി ഇവിടെ കെട്ടാന്‍ പറ്റില്ല നിര്‍ബന്ധമുണ്ടെങ്കില്‍ പാകിസ്ഥാനില്‍ പോടാ’യെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞതായാണ് വെമ്പായം നസീര്‍ ആരോപിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

‘എനിക്ക് മറക്കാനാകില്ല, പക്ഷേ പൊറുക്കാനാകും’
ഇനിയുമെത്രകാലം മതനിരപേക്ഷ മനസ്സുകള്‍ കോണ്‍ഗ്രസിനോട് പൊറുക്കണം ?
-പി എ മുഹമ്മദ് റിയാസ് –
തിരുവനന്തപുരം നഗരത്തില്‍ യു.ഡി.എഫ് പൊതുയോഗസ്ഥലത്ത് കെട്ടിയ മുസ്‌ലിം ലീഗിന്റെ പതാക വലിച്ചെറിഞ്ഞുകൊണ്ട് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പറഞ്ഞത് പച്ചക്കൊടി നീ മലപ്പുറത്തോ, പാകിസ്ഥാനിലോ കൊണ്ടുപോയി കെട്ടിയാല്‍ മതിയെന്നാണ്. അനുഭവസ്ഥനായ ലീഗ് നേതാവ് വിതുമ്പലോടെ ചാനലില്‍ ഈ വിവരം വെളിപ്പെടുത്തുന്നത് കാണാനിടയായി. ഒരുമിച്ച് നിന്നാലേ ഭാവിയില്‍ പഞ്ചായത്ത് ഭരണക്കസേരയില്‍ ഇരിക്കാനെങ്കിലും ചെറിയ സാധ്യതയുള്ളു എന്ന ഒറ്റക്കാരണത്താല്‍ പ്രശ്‌നം രണ്ടുകൂട്ടരും വേഗത്തില്‍ പരിഹരിക്കുമായിരിക്കും.

എന്നാല്‍ ഇത് യു.ഡി.എഫിലെ രണ്ടു പാര്‍ട്ടികള്‍ തമ്മിലുള്ള തര്‍ക്കമെന്നതിനപ്പുറം മറ്റു ചില ഗൗരവമേറിയ യാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ചോതുന്നുണ്ട്.
ബി.ജെ.പിയുടെ തീവ്രഹിന്ദുത്വ നിലപാടിനെതിരെ വോട്ടുബാങ്ക് ലക്ഷ്യമാക്കി മൃദുഹിന്ദുത്വ നയം കോണ്‍ഗ്രസ് കഴിഞ്ഞ കുറേ കാലങ്ങളായി സ്വീകരിച്ചുവരുന്നതിന്റെ ഭാഗമായി, മുസ്‌ലിം വിരുദ്ധത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ വേരുറപ്പിക്കുവാന്‍ കാരണമായിട്ടുണ്ട്. മുസ്‌ലിം മതത്തോട് ബന്ധപ്പെട്ടുകിടക്കുന്ന ചിഹ്നങ്ങളോടും നിറങ്ങളോടും പേരുകളോടും അന്യതാബോധത്തോടുകൂടിയ ഒരു വെറുപ്പ് സംഘപരിവാര്‍ ആശയപ്രചരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതൃത്വത്തില്‍ വലിയൊരു വിഭാഗത്തിന്റെ പൊതുബോധമായി മാറിക്കഴിഞ്ഞിട്ടുണ്ട്. സംഘടനക്ക് അകത്ത് ഇത് തിരുത്തിക്കുവാനുള്ള പ്രത്യയ ശാസ്ത്ര വ്യായാമം കോണ്‍ഗ്രസില്‍ നിലച്ചിട്ട് കാലങ്ങളേറെയായി.

പ്രശസ്ത ജര്‍മ്മന്‍ തത്വചിന്തകന്‍ വാള്‍ട്ടര്‍ ബെഞ്ചമിന്‍ പറഞ്ഞതു പോലെ ആപത്തിന്റെ കാലത്ത് മനസ്സിലൂടെ മിന്നിമറയുന്ന ഓര്‍മ്മകളെ കയ്യെത്തിപ്പിടിക്കലാണ് ചരിത്രജ്ഞാനമെങ്കില്‍, ബാബറി മസ്ജിദിന്റെ മിനാരങ്ങള്‍ തകര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് കൈക്കൊണ്ട നിലപാട് കയ്യെത്തിപ്പിടിക്കാതിരിക്കാനാകില്ല.

‘എനിക്ക് മറക്കാനാകില്ല, പക്ഷേ പൊറുക്കാനാകും’ എന്ന് ചരിത്രത്തില്‍ ശരിക്കും പ്രയോഗിച്ച മഹാത്മാ മണ്ഡേലയെപ്പോലെ 2019 ല്‍ മതന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ മതനിരപേക്ഷ മനസ്സുകള്‍ ബി.ജെ.പി വീണ്ടും അധികാരത്തില്‍ വരാതിരിക്കുവാന്‍ കോണ്‍ഗ്രസ് ഏക ആശ്രയമെന്ന തെറ്റായ പ്രചരണത്തില്‍ പെട്ടുപോയി. 2019 ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ മതനിരപേക്ഷ മനസ്സുകള്‍ പോളിംഗ് ബൂത്തിലെത്തിയപ്പോള്‍ മഹാനായ മണ്ഡേല പറഞ്ഞതുപോലെ കോണ്‍ഗ്രസ് ചെയ്തത് മറന്നില്ലെങ്കിലും താല്‍ക്കാലികമായി പൊറുത്തു.

പിന്നീട് കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടുകള്‍ ഘോഷയാത്രപോലെ നമ്മുടെ മുന്നിലൂടെ കടന്നുപോയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ദേശീയ ഭാരവാഹികള്‍, കേന്ദ്ര മന്ത്രി, മുഖ്യമന്ത്രി എന്നീ പദവികളടക്കം അലങ്കരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ ക്യൂ നിന്ന് ബി.ജെ.പിയില്‍ ചേരുന്നത് പെട്രോളിനും ഡീസലിനും വില കൂടുന്നത് പോലെ ഇന്നൊരു നിത്യസംഭവമാണ്. കോണ്‍ഗ്രസില്‍ ഭൂരിപക്ഷം വരുന്ന മതനിരപേക്ഷവാദികള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടില്‍ മനംനൊന്ത് ശബ്ദമൊന്ന് പുറത്തു കേള്‍പ്പിക്കാതെ മനസ്സില്‍ പൊട്ടിപ്പൊട്ടി കരഞ്ഞുകൊണ്ടിരിക്കുകയാണ്.

തിരുവനന്തപുരത്ത് യു.ഡി.എഫ് പൊതുയോഗത്തില്‍ പച്ചനിറത്തിലുള്ള കൊടി കണ്ട് ഹാലിളകി അത് മലപ്പുറത്തോ പാകിസ്ഥാനിലോ നാട്ടിയാല്‍ മതി എന്ന് മുസ്‌ലിം ലീഗ് നേതാവിനോട് പറഞ്ഞ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഒരു വ്യക്തിയല്ല, പ്രതീകമാണ്.
ഇന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ഗ്രസിച്ചിരിക്കുന്ന വര്‍ഗീയ അതിപ്രസരത്തിന്റെയും ന്യൂനപക്ഷ വിരുദ്ധതയുടെയും പ്രതീകം.

Content Highlights: Minister Muhammed Riyas commented about Complaint against Congress leader by Muslim League worker