തിരുവനന്തപുരം: കേരള സ്റ്റോറിക്കുള്ള ദേശീയ അവാര്‍ഡ് കേരളത്തെ അപമാനിച്ചതിനുള്ള സംഘപരിവാറിന്റെ കൂലിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്.
കേരളത്തിനെതിരെ അങ്ങേയറ്റം വിഷലിപ്തമായ രീതിയില്‍ വര്‍ഗ്ഗീയ വിദ്വേഷം പടര്‍ത്തിക്കൊണ്ട് സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും പടച്ചുവിട്ട ചിത്രമാണ് ”ദി കേരള സ്റ്റോറി”യെന്നും റിയാസ് പറഞ്ഞു.
ഇത്തരമൊരു പ്രൊപഗണ്ട സിനിമ ചെയ്തതിന് അതിന്റെ സംവിധായകന് ഇന്ത്യയിലെ മികച്ച സംവിധായകനുള്ള പുരസ്‌കാരം നല്‍കിയത് രാജ്യത്തെ മതനിരപേക്ഷമൂല്യങ്ങളോടുള്ള വെല്ലുവിളിയാണെന്നും റിയാസ് പറഞ്ഞു.
നുണക്കഥകള്‍ കുത്തിനിറച്ചിറക്കി തനി വര്‍ഗീയത പ്രചരിപ്പിച്ച സിനിമ കേരളത്തെ ദേശീയ തലത്തില്‍ അപമാനിക്കുക എന്ന ഒറ്റ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് നിര്‍മിച്ചത്.
സംഘടിതമായ വിദ്വേഷ പ്രചരണമായിരുന്നു ഈ സിനിമയുടെ പശ്ചാത്തലത്തില്‍ കേരളത്തിനെതിരെ ആസൂത്രണം ചെയ്യപ്പെട്ടത്.
പച്ചക്കള്ളങ്ങള്‍ പറഞ്ഞുകൊണ്ട് വര്‍ഗ്ഗീയ ധ്രുവീകരണം നടത്താന്‍ മാത്രമായി പുറത്തിറങ്ങിയ സിനിമക്ക് അവാര്‍ഡ് നല്‍കുന്നതിലൂടെ ജൂറിയും ജൂറിയെ നിയമിച്ച കേന്ദ്ര സര്‍ക്കാരും സിനിമയെന്ന കല മുന്നോട്ടുവെക്കുന്ന മൂല്യങ്ങളെ തന്നെയാണ് വഞ്ചിച്ചിരിക്കുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
കേരള സ്റ്റോറിക്ക് പുരസ്‌കാരം നല്‍കിയതിനെതിരെ വലിയ വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്.
കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും വര്‍ഗീയത പടര്‍ത്താനും നുണകളാല്‍ പടുത്ത ഒരു സിനിമയ്ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചെന്നും മത സാഹോദര്യത്തിനും ദേശീയോദ്ഗ്രഥനത്തിനുമായി നിലകൊണ്ട ഇന്ത്യന്‍ സിനിമയുടെ ശ്രേഷ്ഠപാരമ്പര്യത്തെയാണ് അവാര്‍ഡ് ജൂറി അവഹേളിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള ആയുധമായി ചലച്ചിത്രത്തെ മാറ്റുക എന്ന സംഘപരിവാര്‍ അജന്‍ഡയാണ് ഇതിലൂടെ അവര്‍ നടപ്പാക്കുന്നത്.
ഈ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. ഓരോ മലയാളിയും രാജ്യത്തെ ജനാധിപത്യ വിശ്വാസികളാകെയും ഈ അനീതിക്കെതിരെ സ്വരമുയര്‍ത്തണം. കലയെ വര്‍ഗീയത വളര്‍ത്താനുള്ള ആയുധമാക്കി മാറ്റുന്ന രാഷ്ട്രീയത്തിനെതിരെ അണിനിരക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ കാസര്‍കോട് ഉള്‍പ്പെടെ വടക്കന്‍ കേരളത്തില്‍ നടക്കുന്ന കാര്യങ്ങളാണ് സിനിമയില്‍ താന്‍ തുറന്നു കാട്ടിയതെന്നായിരുന്നു അവാര്‍ഡിന് പിന്നാലെ കേരള സ്റ്റോറി സംവിധായകന്‍ സുദീപ്‌തോ സെന്‍ പ്രതികരിച്ചത്.
ഇസ്‌ലാമോഫോബിക് സിനിമയല്ലെന്ന് ആളുകള്‍ തിരിച്ചറിഞ്ഞെന്നും സിനിമ കണ്ടിരുന്നെങ്കില്‍ കേരളത്തിലെ മന്ത്രിമാര്‍ വിമര്‍ശിക്കില്ലായിരുന്നുവെന്നും സുദീപ്‌തോ സെന്‍ പ്രതികരിച്ചു.
Content Highlight: Minister Muhammed Riyas about Kerala story Movie Award