പാലക്കാട്: കോണ്‍ഗ്രസ് എം.എല്‍.എ മാത്യു കുഴല്‍നാടനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. തോട്ടപ്പള്ളി സ്പില്‍വേ വിഷയത്തില്‍ നിയമസഭയില്‍ ചര്‍ച്ച നടന്നിട്ടും എന്തുകൊണ്ട് കുഴല്‍നാടന്‍ മിണ്ടാതിരുന്നുവെന്നും കൃഷ്ണന്‍കുട്ടി ചോദിച്ചു.
ജീവിതത്തില്‍ ഇതുവരെ താന്‍ അഴിമതി നടത്തിയിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാവ് സുമേഷ് അച്യുതന്റെ നിരാഹാര രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
വിഷയത്തില്‍ അഭിഭാഷകനുമായി സംസാരിച്ചിട്ടുണ്ടെന്നും നിയമനടപടി സ്വീകരിക്കുമെന്നും കൃഷ്ണന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ചിലയാളുകളാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, 2018ലെ പ്രളയവുമായി ബന്ധപ്പെട്ട് മാത്യു കുഴല്‍നാടന്‍ വീണ്ടും ആരോപണമുന്നയിച്ചിരുന്നു. കരിമണല്‍ ഖനനത്തിന് നല്‍കിയ പ്രധാന്യം ജനങ്ങളുടെ ജീവന് നല്‍കിയില്ല. സ്പില്‍വേയിലെ മണ്ണെടുപ്പിന് വേണ്ടി വെള്ളം തുറന്നുവിടാന്‍ തയാറായില്ല. പ്രളയ കാര്യത്തിലും ഡീല്‍ നടന്നിട്ടുണ്ടെന്നുമാണ് കുഴല്‍നാടന്റെ ആരോപണം.
കേരളത്തിലെ പ്രളയം മനുഷ്യ നിര്‍മിതമാണെന്നും കരിമണല്‍ ലോബിക്കായി തോട്ടത്തില്‍ സ്പില്‍വേ തുറക്കാതിരിക്കാന്‍ മാത്യു ടി. തോമസ് ഇടപെട്ടുവെന്നുമായിരുന്നു കഴിഞ്ഞ ദിവസം മാത്യു കുഴല്‍നാടന്‍ ആരോപിച്ചത്.
സ്വകാര്യ കമ്പനികള്‍ക്ക് ലാഭമുണ്ടാക്കാന്‍ സംസ്ഥാനത്തെ കുരുതി കൊടുത്തതാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ആരോപണത്തിന് തെളിവായി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടേതെന്ന പേരില്‍ ശബ്ദരേഖയും പുറത്തുവിട്ടിരുന്നു.
തോട്ടപ്പള്ളി സ്പില്‍വേ, സമയത്ത് തുറക്കാത്തത് കരിമണല്‍ കമ്പനിക്ക് ലാഭം ഉണ്ടാക്കാന്‍ വേണ്ടിയാണ്. കരിമണല്‍ ഒലിച്ച് പോകാതിരിക്കാനാണ് തോട്ടപ്പള്ളി സ്പില്‍വേ തുറക്കാതിരുന്നത്. ഇത് പിന്നീട് ചെങ്ങന്നൂരില്‍ പ്രളയത്തിന് അടക്കം കാരണമായെന്നും ആരോപണം.
തോട്ടപ്പള്ളി സ്പില്‍വേ തുറക്കാന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആവശ്യപ്പെട്ടിട്ടും മാത്യു ടി. തോമസ് അനുമതി കൊടുത്തില്ലെന്നും കുഴല്‍നാടന്‍ പുറത്തുവിട്ട ശബ്ദരേഖയില്‍ കൃഷ്ണന്‍ കുട്ടി പറയുന്നുണ്ട്.
എന്നാല്‍ ഈ ആരോപണങ്ങള്‍ കൃഷ്ണന്‍കുട്ടി നേരത്തെ തള്ളിയിരുന്നു. അത് തന്റെ ശബ്ദമല്ലെന്നും എ.ഐ നിര്‍മിതമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlight: Minister K. Krishnankutty says legal action will be taken against Congress MLA Mathew Kuzhalnadan