റിപബ്ലിക്ക് ദിന പരിപാടിയില്‍ ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
Kerala News
റിപബ്ലിക്ക് ദിന പരിപാടിയില്‍ ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th January 2022, 10:19 am

കാസര്‍കോഡ്: കാസര്‍കോഡ് നടന്ന റിപബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട പരിപാടിയില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പതാകയുയര്‍ത്തിയത് തലകീഴായി. മാധ്യമ പ്രവര്‍ത്തകരാണ് പതാക തല തിരിച്ചാണുള്ളതെന്ന് ചൂണ്ടിക്കാണിച്ചത്.

തലകീഴായി ഉയര്‍ത്തിയ പതാകക്ക് അപ്പോഴേക്കും മന്ത്രി സല്യൂട്ടും നല്‍കിയിരുന്നു. വേദിയിലുള്ള ഉദ്യോഗസ്ഥര്‍ക്കും അബദ്ധം മനസിലായിരുന്നില്ല. പതാക തലതിരിച്ചാണെന്ന് മനസിലായതോടെ ഉടനെ പതാക താഴ്ത്തി ശരിയായി ഉയര്‍ത്തുകയുമായിരുന്നു.

വിഷയത്തില്‍ കളക്ടറുടെ ചാര്‍ജുള്ള എ.ഡി.എം അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പൊലീസ് മേധാവിയോടാണ് ആവശ്യപ്പെട്ടത്. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് എ.ഡി.എം അറിയിച്ചു.

അതേസമയം, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഇത്തവണത്തെ ആഘോഷങ്ങള്‍. സംസ്ഥാനത്തും വിപുലമായ ആഘോഷങ്ങള്‍ നടന്നു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പതാക ഉയര്‍ത്തി.

റിപബ്ലിക് ദിന പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഗവര്‍ണര്‍ അഭിനന്ദിച്ചു. നീതി ആയോഗ് സൂചികയിലെ നേട്ടം സൂചിപ്പിച്ചാണ് ഗവര്‍ണറുടെ അഭിനന്ദനം.നീതി ആയോഗിന്റെ ആരോഗ്യസൂചികയില്‍ നാല് വര്‍ഷം തുടര്‍ച്ചയായി കേരളം ഒന്നാമതാണ്.

വാക്‌സിനേഷനിലും കേരളം ദേശീയ തലത്തില്‍ ഒന്നാമതെന്ന് ഗവര്‍ണര്‍ പറഞ്ഞു. കൊവിഡ് ഇന്ത്യയുടെ ശക്തിയും നേതൃപാടവും തിരിച്ചറിച്ച കാലമാണിത്. കേരളത്തിന്റെ നേട്ടങ്ങള്‍ നിസ്തുലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണഘടന വിഭാവനം ചെയ്യുന്ന നീതിയും സമത്വവും സ്വാതന്ത്ര്യവും എല്ലാപേര്‍ക്കും ഉറപ്പാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് ഗവര്‍ണര്‍ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്തണം. സാക്ഷരതയിലും ആരോഗ്യത്തിലും സ്‌കുള്‍ വിദ്യാഭ്യാസത്തിലെയും നേട്ടങ്ങള്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലും പ്രതിഫലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

CONTENT HIGHLIGHTS:  Minister Ahmed Devarkov hoists the national flag upside down during the Republic Day celebrations