ന്യൂദല്‍ഹി: അരാവല്ലി പര്‍വത നിരകളില്‍ ഖനനത്തിന് അനുമതി നല്‍കിയ നിലപാടില്‍ യൂ ടേണടിച്ച് കേന്ദ്രം. അരാവല്ലി മലനിരകളില്‍ ഖനനത്തിനായി പുതിയ അനുമതി നല്‍കരുതെന്നാണ് കേന്ദ്രത്തിന്റെ തീരുമാനം.
പര്‍വത നിരകള്‍ സ്ഥിതിചെയ്യുന്ന ഗുജറാത്ത്, രാജസ്ഥാന്‍, ഹരിയാന, ദല്‍ഹി സംസ്ഥാനങ്ങള്‍ക്ക് ഇത് സംബന്ധിച്ച ഉത്തരവ് നല്‍കി. നിലവിലുള്ള ഖനന നടപടികള്‍ കര്‍ശനമായി നിയന്ത്രിക്കാനും നിര്‍ദേശമുണ്ട്.
രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നടക്കം കനത്ത പ്രതിഷേധങ്ങളുയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്രം നിലപാടില്‍ മാറ്റം വരുത്തുന്നത്.
പര്‍വത നിരകള്‍ക്ക് പുതിയ നിര്‍വചനം നല്‍കുകയും സുപ്രീം കോടതി ഇത് അംഗീകരിക്കുകയും ചെയ്തതിന് പിന്നാലെയാണ് പ്രതിഷേധങ്ങള്‍ ഉയര്‍ന്നത്. കേന്ദ്രത്തിന്റെ പുതിയ നിര്‍വചനം വന്‍ തോതിലുള്ള അനധികൃത ഖനനത്തിന് വഴിവെക്കുമെന്നതായിരുന്നു ആശങ്കയ്ക്ക് കാരണം.
പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് കേന്ദ്രം നിലപാടില്‍ നിന്നും പിന്നോട്ട് പോയത്. നിലവിലെ ഖനനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണോ എന്നതടക്കമുള്ള കാര്യങ്ങളും പരിശോധിക്കും. ഇതിന് പുറമെ ഏതെങ്കിലും മേഖലയില്‍ ഖനന നടപടികള്‍ നിര്‍ത്തി വെക്കേണ്ടതുണ്ടോ എന്ന കാര്യവും പരിശോധിക്കും.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഫോറസ്റ്റ്‌റി ആന്‍ഡ് റിസര്‍ച്ച് എഡ്യുക്കേഷനെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. അരാവല്ലി മേഖലയ്ക്കായി സുസ്ഥിര ഖനന മാനേജ്‌മെന്റ് പദ്ധതി തയ്യാറാക്കാനും നിര്‍ദേശമുണ്ട്.
അരാവല്ലി. Photo: Wikipedia
സമുദ്ര നിരപ്പില്‍ നിന്ന് നൂറ് മീറ്റര്‍ ഉയരമുള്ള മലനിരകളെ മാത്രമേ അരാവല്ലിയുടെ ഭാഗമായി അംഗീകരിക്കേണ്ടതുള്ളൂയെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇത് ഖനന മാഫിയ മുതലെടുക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികളും പരിസ്ഥിതി പ്രവര്‍ത്തകരും ആരോപിച്ചിരുന്നു.
അരാവല്ലിയിലുള്ളത് ഭൂരിഭാഗവും ചെറിയ കുന്നുകളാണ്. അതിനാല്‍ തന്നെ ഈ പുതിയ നിര്‍വചനം മലനിരകളെയൊന്നാകെ ഇല്ലാതാക്കുമെന്നായിരുന്നു ആശങ്ക.
കേന്ദ്രം ഈ പര്‍വത നിരകളെ സംരക്ഷിക്കുന്നതിന് പകരം വില്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. ആരുടെ നേട്ടത്തിന് വേണ്ടിയാണ് കേന്ദ്രം ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്ന പുനര്‍നിര്‍വചനത്തെ ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യ, സുപ്രീം കോടതി സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റി (CEC), സുപ്രീം കോടതി അമിക്കസ് ക്യൂറി എന്നിവയുള്‍പ്പെടെയുള്ള പ്രധാന നിയമ, ജുഡീഷ്യല്‍ സ്ഥാപനങ്ങള്‍ എതിര്‍ത്തിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അതിനെ അവഗണിച്ചെന്നും അദ്ദേഹം പറഞ്ഞു.
അരാവലി മേഖലയിലെ 1.44 ലക്ഷം ചതുരശ്ര കിലോമീറ്ററില്‍ 0.19 ശതമാനം, ഏകദേശം 277 ചതുരശ്ര കിലോമീറ്റര്‍ മാത്രമേ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിക്കൂയെന്ന കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവിന്റെ പ്രസ്താവനയ്‌ക്കെതിരെയും ജയറാം രമേശ് രംഗത്ത് വന്നിരുന്നു.
അരാവലി മേഖലയുടെ നിര്‍വചനത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ ഖനനത്തിനും റിയല്‍ എസ്റ്റേറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും വഴിയൊരുക്കുമെന്നും ദേശീയ തലസ്ഥാന മേഖലയിലും പരിസര പ്രദേശങ്ങളിലും മലിനീകരണ തോത് കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.
‘എന്തിന്റെ അടിസ്ഥാനത്തിലാണ് ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് 0.19 ശതമാനം അരാവലി കുന്നുകള്‍ നല്‍കാന്‍ അനുവദിക്കുക? 0.19 ശതമാനം എന്നാല്‍ 68,000 ഏക്കര്‍ ഭൂമിയാണ്. ഇത് കണക്കുകളുടെ കളിയാണ്. പരിസ്ഥിതിയെ കണക്കുകളുടെ കളിയാക്കി മാറ്റരുത്,’ ജയറാം രമേശ് പറഞ്ഞു.
Content Highlight: Mining in the Aravalli Hills; Central government orders not to issue new mining permits