തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ചുമതലയില്‍ നിന്നും മിനി കാപ്പനെ മാറ്റി. ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ ആവശ്യം വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ അംഗീകരിച്ചതോടെയാണ് തീരുമാനമുണ്ടായത്. ജോയിന്റ് രജിസ്ട്രാര്‍ ആര്‍. രശ്മിക്കാണ് പകരം ചുമതല.
കേരള യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ പദവിയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മിനി കാപ്പന്‍ വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന് കത്തയച്ചിരുന്നു. തത്ക്കാലം രജിസ്ട്രാര്‍ സ്ഥാനത്ത് തുടരണമെന്നും പകരം ക്രമീകരണം ഒരുക്കാമെന്നും വൈസ് ചാന്‍സലര്‍ മിനി കാപ്പന് ഉറപ്പ് നല്‍കിയിരുന്നു.
വിവാദങ്ങള്‍ക്ക് താത്പര്യമില്ലെന്നും പദവി ഏറ്റെടുക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു വി.സിക്ക് അയച്ച കത്തില്‍ മിനി കാപ്പന്‍ നേരത്തെ എഴുതിയിരുന്നത്. കെ.എസ്. അനില്‍ കുമാറിന് പകരമായാണ് മിനി കാപ്പനെ വി.സി രജിസ്ട്രാറായി നിയമിച്ചത്.