പാല്‍പ്പൊടി ചേര്‍ത്ത പാല്‍ ശുദ്ധവും പുതുമയേറിയതുമാകുന്നതെങ്ങനെ; മില്‍മയോട് കോടതി
Kerala
പാല്‍പ്പൊടി ചേര്‍ത്ത പാല്‍ ശുദ്ധവും പുതുമയേറിയതുമാകുന്നതെങ്ങനെ; മില്‍മയോട് കോടതി
ന്യൂസ് ഡെസ്‌ക്
Tuesday, 12th March 2013, 8:30 am

പാല്‍പ്പൊടി ചേര്‍ത്ത് വിറ്റഴിക്കുന്ന പാല്‍ ശുദ്ധവും പുതുമയേറിതയതുമാണെന്ന് രേഖപ്പെടുത്തുന്നത് നീക്കം ചെയ്യുന്ന കാര്യത്തില്‍ മില്‍മയോട് ഹൈക്കോടതി നിലപാട് ആരാഞ്ഞിരിക്കുകയാണ്.

മറ്റ് സംസ്ഥാനങ്ങളില്‍ ചെയ്യുന്നുവെന്നതിന്റെ പേരില്‍ പാല്‍പ്പൊടി കലര്‍ത്തിയ പാലിനെ ശുദ്ധവും കലര്‍പ്പില്ലാത്തതുമാണെന്ന് രേഖപ്പെടുത്തി കേരളത്തില്‍ വില്‍പ്പന നടത്തുന്നത് ന്യായീകരിക്കാനാവില്ലെന്നാണ് ഹൈക്കോടതി പറയുന്നത്.[]

മറ്റ് സംസ്ഥാനങ്ങളിലെ തെറ്റ് കേരളത്തില്‍ ആവര്‍ത്തിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മില്‍മയുടെ നടപടിയെ കോടതി വിമര്‍ശിച്ചത്. കവറിന് പുറത്ത് ശുദ്ധവും കലര്‍പ്പില്ലാത്തതുമെന്ന് എഴുതിയിരിക്കുന്നത് നീക്കം ചെയ്യണമെന്ന ആവശ്യത്തിന് മേല്‍ രണ്ട് ദിവസത്തിനകം മറുപടി നല്‍കാനാനും ഡിവിഷന്‍ ബെഞ്ച് മില്‍മയോട് നിര്‍ദേശിച്ചു.

പാല്‍പ്പൊടി കലക്കിയ പാല്‍ ശുദ്ധവും കലര്‍പ്പില്ലാത്തതുമെന്ന് കവറില്‍ ആലേഖനം ചെയ്ത മില്‍മ പാല്‍ വില്‍ക്കുന്നത് സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ നേരത്തെ മില്‍മയോട് കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് കേരളത്തില്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും ഇപ്രകാരം രേഖപ്പെടുത്തലുണ്ടെന്ന് വിശദീകരിച്ച് മില്‍മ സത്യവാങ്മൂലം നല്‍കിയത്.

ഭക്ഷ്യസുരക്ഷാ നിലവാരം പാലിക്കാനാണ് പാലില്‍ പാല്‍പ്പൊടി ചേര്‍ക്കുന്നതെന്ന് മില്‍മ ഹൈക്കോടതിയെ അറിയിച്ചു. പാലില്‍ നിന്നുണ്ടാക്കുന്ന പാല്‍പ്പൊടി ചേര്‍ത്താല്‍ മാത്രമേ  ടോണ്‍ഡ് ഡബിള്‍ ടോണ്‍ പാല്‍ തയ്യാറാക്കാന്‍ സാധിക്കൂ എന്നാണ് മില്‍മയുടെ വിശദീകരണം. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരമാണ് ഇക്കാര്യത്തില്‍ നടപടികളെടുത്തതെന്നും മില്‍മ അറിയിച്ചു.

നാഷണല്‍ ഡയറി ഡവലപ്‌മെന്റ് ബോര്‍ഡിന്റെ പേരില്‍ രാജ്യം മുഴുവന്‍ പാല്‍ ഫെഡറേഷനുകളും യൂണിയനുകളും ഒരു തുള്ളി പാല്‍ വീഴുന്ന ചിത്രമാണ് ട്രേഡ് മാര്‍ക്കായി പാല്‍ കവറിന് മുന്നില്‍ ആലേഖനം ചെയ്തിരിക്കുന്നത്.

ട്രേഡ് മാര്‍ക്കിന്റെ ഭാഗമായാണ് രാജ്യവ്യാപകമായി ശുദ്ധവും കല്‍പ്പില്ലാത്തതുമെന്ന് കവറില്‍ രേഖപ്പെടുത്തലുള്ളതെന്നും മില്‍മ മാര്‍ക്കറ്റിങ് മാനേജര്‍ കെ.ജി സതീഷ് നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

മുദ്ര മില്‍മയ്ക്ക് അനുവദിച്ചുകിട്ടിയതാണെന്നും മില്‍മയുടെ ഭാഗത്ത് നിന്നല്ല ഇത്തരമൊരു വിശദീകരണം കവറില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നുമാണ് ഇവരുടെ വിശദീകരണം. കറന്നുകിട്ടുന്ന പാല്‍ സംസ്‌ക്കരിക്കാതെ നേരിട്ട് സംസ്ഥാനത്തൊട്ടാകെയുള്ള വീടുകളില്‍ എത്തിക്കുകയെന്നത് പ്രായോഗികമല്ലെന്നും സതീഷ് പറയുന്നു.

കേന്ദ്രസര്‍ക്കാര്‍ അനുമതിയോടെ തയ്യാറാക്കിയിരിക്കുന്ന ട്രേഡ് മാര്‍ക്കിനെ കുറിച്ച് പരാതിയുണ്ടെങ്കില്‍ ഡവലപ്‌മെന്റ് ബോര്‍ഡിനെയാണ് സമീപിക്കേണ്ടതെന്നാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ദല്‍ഹി മദര്‍ ഡയറി, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, ഹരിയാന, ലഡാക്ക് എന്നിവിടങ്ങളിലെ ക്ഷീരഫെഡറേഷനുകള്‍ വില്‍പ്പന നടത്തുന്ന പാലിന്റെ നടത്തുന്ന പാലിന്റെ ചിത്രങ്ങളും മില്‍മ കോടതിയില്‍ സമര്‍പ്പിച്ചു.