ഡബിള്‍ 250ല്‍ അപൂര്‍വ നേട്ടം; ചരിത്രത്തില്‍ രണ്ടാമനായി ആര്‍ട്ടേട്ട
Football
ഡബിള്‍ 250ല്‍ അപൂര്‍വ നേട്ടം; ചരിത്രത്തില്‍ രണ്ടാമനായി ആര്‍ട്ടേട്ട
സുദേവ് എ
Tuesday, 1st September 2026, 9:29 am

ഇംഗ്ലീഷ് പ്രിമീയര്‍ ലീഗില്‍ വിജയകുതിപ്പ് തുടര്‍ന്ന് നിലവിലെ ചാമ്പ്യന്മാരായ ആഴ്സണല്‍. ആസ്റ്റണ്‍ വില്ലയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് ഗണ്ണേഴ്സ് സീസണിലെ തങ്ങളുടെ രണ്ടാം വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ വിജയത്തിനൊപ്പം ഒരു അപൂര്‍വ നേട്ടമാണ് ആഴ്സണല്‍ പരിശീലകന്‍ മൈക്കല്‍ ആര്‍ട്ടേട്ട സ്വന്തമാക്കിയത്.

ഇംഗ്ലീഷ് പ്രിമീയര്‍ ലീഗില്‍ താരമായും, പരിശീലകനായും 250+ മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ മാനേജറായാണ് ആര്‍ട്ടേട്ട ചരിത്രം കുറിച്ചത്. പ്രിമീയര്‍ ലീഗില്‍ 284 മത്സരങ്ങളിലാണ് ആര്‍ട്ടേട്ട കളത്തിലിറങ്ങിയത്. പരിശീലകനായുള്ള ആര്‍ട്ടേട്ടയുടെ 250ാം
മത്സരമായിരുന്നു ഇത്.

ആദ്യമായി ഈ നേട്ടം കൈവരിച്ചത് വെയ്ല്‍സ് മാനേജര്‍ മാര്‍ക്ക് ഹ്യൂഗ്സ് ആണ്. ഇംഗ്ലീഷ് പ്രിമീയര്‍ ലീഗില്‍ 297 മത്സരങ്ങള്‍ കളിച്ച ഹ്യൂഗ്‌സ് 466 മത്സരങ്ങളില്‍ പരിശീലകനായും പ്രവര്‍ത്തിച്ചു.

അതേസമയം എതിരാളികളുടെ തട്ടകമായ വില്ല പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ആഴ്‌സണലിനായി ഏക ഗോള്‍ നേടിയത് ഇംഗ്ലണ്ട് താരം ബുക്കായോ സാക്കയായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ സാധിച്ചിരുന്നില്ല. രണ്ടാം പകുതിയില്‍ 59ാം മിനിട്ടിലാണ് താരത്തിന്റെ ഗോള്‍ പിറന്നത്.

മത്സരത്തില്‍ ബോള്‍ പൊസഷനിലും ഷോട്ടുകളുടെ എണ്ണത്തിലും വമ്പന്‍ അധിപത്യമായിരുന്നു ഗണ്ണേഴ്സ് നിലനിര്‍ത്തിയത്. 61 ശതമാനം ബോള്‍ പൊസഷന്‍ സ്വന്തമാക്കിയ പീരങ്കിപ്പട ഏഴ് ഷോട്ടുകളാണ് എതിര്‍ പോസ്റ്റിലേക്ക് ഉതിര്‍ത്തത്. ഇതില്‍ രണ്ടെണ്ണവും ഓണ്‍ ടാര്‍ഗറ്റിലേക്ക് ആയിരുന്നു. മറുഭാഗത്ത് ആസ്റ്റണ്‍ വില്ലക്ക് ഒരു ഷോട്ട് പോലും നേടാന്‍ സാധിച്ചില്ല.

സീസണിലെ രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് ആറ് പോയിന്റുമായി ഇംഗ്ലീഷ് പ്രിമീയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് പീരങ്കിപ്പട. ഇത്രതന്നെ പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഒന്നാം സ്ഥാനത്തുള്ളത്. മറുഭാഗത്ത് ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ആസ്റ്റണ്‍ വില്ല പോയിന്റ് പട്ടികയില്‍ 19ാം സ്ഥാനത്തുമാണ്.

സെപ്റ്റംബര്‍ ആറിനാണ് ആഴ്സണല്‍ തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. സ്വന്തം തട്ടകമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കരുത്തരായ ചെല്‍സിയാണ് എതിരാളികള്‍. മറുവശത്ത് സെപ്റ്റംബര്‍ അഞ്ചിന് നടക്കുന്ന മത്സരത്തില്‍ ഹള്‍ സിറ്റിയെയാണ് ആസ്റ്റണ്‍ വില്ല നേരിടുക.

 

 

Content Highlight: Mikel Arteta create a rare record in English premier league

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.