കേരള സിലബസില്‍ എല്‍.എസ്.എസ് നേടി സ്‌കൂളില്‍ താരമായ ഉത്തര്‍പ്രദേശുകാരന്‍
Kerala News
കേരള സിലബസില്‍ എല്‍.എസ്.എസ് നേടി സ്‌കൂളില്‍ താരമായ ഉത്തര്‍പ്രദേശുകാരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st July 2020, 4:06 pm

സംസ്ഥാനത്തെ നാലാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തുന്ന എല്‍.എല്‍.എസ് സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ ഇത്തവണത്തെ ഫലം വന്നപ്പോള്‍ കോഴിക്കോട് പെരുവഴിക്കടവ് സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിയാണ് വാര്‍ത്തകളില്‍ നിറയുന്നത്. ഉത്തര്‍പ്രദേശുകാരനായ അഖിലേഷ് കുമാറിന്റെ മകന്‍ അന്‍സില്‍. ഒരു അതിഥിസംസ്ഥാനത്തൊഴിലാളിയുടെ മകന് കേരളത്തിലെ സ്‌കൂളില്‍ പഠിച്ച് എല്‍എസ്.എസ് കിട്ടിയിരിക്കുന്നു. അതും ഉയര്‍ന്ന മാര്‍ക്കില്‍ തന്നെ.

പെരുവഴിക്കടവ് എ.എല്‍.പി സ്‌കൂളില്‍ നിന്ന് ഇത്തവണ മൂന്നു വിദ്യാര്‍ത്ഥികള്‍ക്കാണ് എല്‍.എസ്.എസ് ലഭിച്ചിട്ടുള്ളത്. അതിലൊന്ന് അന്‍സില്‍ ആണ്. പതിനഞ്ച് വര്‍ഷത്തോളമായി കേരളത്തില്‍ പെയ്ന്റിംഗ് പണി ചെയ്ത് ജീവിക്കുകയാണ് അന്‍സിലിന്റെ അച്ഛന്‍ അഖിലേഷ് കുമാര്‍. ഉത്തര്‍പ്രദേശിലെ ജാന്‍സി ജില്ലക്കാരനാണ് ഇദ്ദേഹം.

കേരളത്തിലേക്ക് വരുമ്പോള്‍ ഭാര്യ സംഗീതയെയും മൂന്നു മക്കളെയും അഖിലേഷ് കുമാര്‍ ഒപ്പം കൂട്ടി. കുട്ടികളെ കേരളത്തിലെ സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കാനും തുടങ്ങി. കോഴിക്കോട് കുന്ദമംഗലത്തെ വാടകവീട്ടിലാണ് അഖിലേഷ് കുമാറും കുടുംബവും താമസിക്കുന്നത്.

തന്റെ മക്കളെല്ലാം വെള്ളം പോലെ മലയാളം പറയുമെന്ന് മലയാളത്തില്‍ തന്നെ അഖിലേഷ് കുമാര്‍ പറയും. മാത്രവുമല്ല പെരുവഴിക്കടവ് സ്‌കൂളില്‍ മലയാളം നന്നായി എഴുതുകയും വായിക്കുകയും ചെയ്യുന്നതില്‍ അന്‍സില്‍ ആണ് മുന്നിട്ടു നില്‍ക്കുന്നതെന്ന് അധ്യാപകരായ സൂരജും പവനയും ഹസ്‌നയുമെല്ലാം സമ്മതിക്കുന്നു.  എല്‍.എസ്.എസ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നോ എന്ന് അധ്യാപകനായ സൂരജിന്റെ ചോദ്യത്തിന് അന്‍സിലിന്റെ മറുപടി ഇങ്ങിനെ. ‘പ്രതീക്ഷിച്ചിരുന്നു, കാരണം ഞാന്‍ നന്നായി പഠിച്ചിരുന്നു’.

പെരുവഴിക്കടവ് സ്‌കൂളില്‍ കുട്ടികള്‍ കുറഞ്ഞ സാഹചര്യത്തിലാണ് മക്കളെ സ്‌കൂളില്‍ ചേര്‍ക്കുമോ എന്ന ആവശ്യവുമായി അധ്യാപകര്‍ അഖിലേഷ് കുമാറിന്റെയടുത്ത് എത്തുന്നത്. ഉച്ചഭക്ഷണവും, യാത്രാസൗകര്യവും സ്‌കൂളില്‍ ലഭിക്കുമെന്നറിഞ്ഞപ്പോള്‍ അഖിലേഷ് കുമാര്‍ മറ്റൊന്നും ആലോചിച്ചില്ല. കുട്ടികളെ അതേ സ്‌കൂളില്‍ തന്നെ ചേര്‍ത്തു.

എല്‍.എസ്.എസിന് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി സ്‌കൂളില്‍ പ്രത്യേകം ക്ലാസുകള്‍ നല്‍കിയിരുന്നെന്നും വൈകുന്നേരങ്ങളില്‍ ക്ലാസ് കഴിഞ്ഞ് വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ തന്നെയാണ് വീടുകളില്‍ കൊണ്ടുവിട്ടിരുന്നതെന്നും അഖിലേഷ് കുമാര്‍ പറയുന്നു. ‘മകന് ഏറെ ഇഷ്ടമാണ് കേരളത്തില്‍ പഠിക്കാന്‍, മലയാളം അവന്റെ പ്രിയപ്പെട്ട ഭാഷയാണ്, കേരളത്തില്‍ തന്നെ അവന്റെ പഠനം പൂര്‍ത്തിയാക്കണമെന്നാണ് എന്റെയും ആഗ്രഹം’, അഖിലേഷ് കുമാര്‍ പറയുന്നു.

‘ഉത്തര്‍പ്രദേശില്‍ തൊഴില്‍ ചെയ്ത് ലഭിക്കുന്ന കൂലികൊണ്ട് കുടുംബത്തെ ഇതുപോലെ നോക്കാന്‍ കഴിഞ്ഞിരുന്നില്ല, പലപ്പോഴും സ്വന്തം ചിലവിന് തന്നെ തികയാത്ത തുകയാണ് കൂലിയായി ലഭിച്ചിരുന്നത്, കേരളത്തില്‍ വന്ന് പെയ്ന്റിംഗ് പണി തുടങ്ങിയതുകൊണ്ട് മക്കളെ നല്ല രീതിയില്‍ പഠിപ്പിക്കാന്‍ കഴിയുന്നുണ്ടെന്നതാണ് ഏറെ സന്തോഷത്തിലാക്കുന്നത്’. അഖിലേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. മകന് എല്‍.എസ്.എസ് കിട്ടിയതിലെ സന്തോഷം നാട്ടിലുള്ള ബന്ധുക്കളോട് പങ്കുവെക്കുന്ന തിരക്കിലാണ് അഖിലേഷ്. അന്‍സില്‍ ആവട്ടെ അഭിനന്ദനങ്ങള്‍ക്ക് മലയാളത്തിലും ഹിന്ദിയിലും മാറി മാറി മറുപടി പറയുന്ന തിരക്കിലും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ