ആട് 3 ഒരു എപിക് ഫാന്റസിയായിരിക്കും, ഫാന്റസി എന്താണെന്ന് സര്‍പ്രൈസാണ്: മിഥുന്‍ മാനുവല്‍ തോമസ്
Malayalam Cinema
ആട് 3 ഒരു എപിക് ഫാന്റസിയായിരിക്കും, ഫാന്റസി എന്താണെന്ന് സര്‍പ്രൈസാണ്: മിഥുന്‍ മാനുവല്‍ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 10th May 2025, 1:17 pm

മലയാള സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ആരാധകരുള്ള ചിത്രമാണ് ആട് ഒരു ഭീകരജീവിയാണ്. മിഥുന്‍ മാനുവല്‍ തോമസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം അന്ന് ബോക്‌സ് ഓഫീസില്‍ വലിയ പരാജയമായിരുന്നു.

എന്നാല്‍ പരാജയത്തിന് ശേഷം ചിത്രത്തിന്റെ ഡി.വി.ഡി റിലീസായതോടെ പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകരണമായിരുന്നു ആടിന് ലഭിച്ചത്. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗമായ ആട് 2വും മിഥുന്‍ മാനുവല്‍ ഒരുക്കിയിരുന്നു.

ഒരു പരാജയ ചിത്രത്തിന്റെ രണ്ടാം ഭാഗം വലിയ വിജയമായ ചരിത്രമായിരുന്നു അന്ന് മലയാളികള്‍ കണ്ടത്. ബോക്‌സ് ഓഫീസില്‍ വിജയമായ ചിത്രം മൂന്നാം ഭാഗത്തിനുള്ള സാധ്യത ബാക്കി വെച്ചിരുന്നു. പിന്നാലെ ആട് 3യുടെ കാത്തിരിപ്പിലാണ് ആരാധകര്‍.

ഇപ്പോള്‍ ആട് 3യെ കുറിച്ച് സംസാരിക്കുകയാണ് മിഥുന്‍ മാനുവല്‍ തോമസ്. ആട് 3 ഒരു സോംബി ചിത്രമല്ലെന്നും ഇക്കുറി സിനിമ കുറച്ച് വലുതാക്കുകയാണെന്നും മിഥുന്‍ മാനുവല്‍ പറയുന്നു. പഴയ സിനിമയുടെ സ്ലാപ്സ്റ്റിക് സ്വഭാവം നിലനിര്‍ത്തിക്കൊണ്ടു തന്നെ ഇക്കുറി സിനിമ ഒരു എപിക് ഫാന്റസിയിലേക്ക് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

അത്തരമൊരു ഴോണറില്‍ വരുന്ന സിനിമ വേഗത്തില്‍ ചെയ്യാന്‍ കഴിയുന്ന ഒന്നല്ലെന്നും മിഥുന്‍ മാനുവല്‍ പറയുന്നു. സിനിമയുടെ ഫാന്റസി എലമെന്റുകള്‍ ഇപ്പോള്‍ സര്‍പ്രൈസാണെന്നും അദ്ദേഹം പറഞ്ഞു.

‘ആളുകള്‍ ഓണ്‍ലൈനിലും, അല്ലാതെയുമൊക്കെ മെസേജ് അയച്ച് ചോദിക്കുന്ന ഒരു ചോദ്യം. ആട് ഒരു സോംബി പടമാണോ എന്നാണ്. അതാദ്യമെ അല്ല എന്ന് പറയുന്നു. പക്ഷേ ഇത്തവണ നമ്മള്‍ ആടിന്റെ സ്വഭാവം മാറ്റാതെ അതിന്റെ ഫ്‌ളേവറുകള്‍ ഒന്നും മാറ്റാതെ സിനിമ അല്‍പ്പം വലുതാക്കുകയാണ്. നമ്മള്‍ ഒരു സ്ലാപ്സ്റ്റിക് സിനിമയുടെ സ്വഭാവം നിലനിര്‍ത്തിക്കൊണ്ടു തന്നെ ഇത്തവണ എപിക് ഫാന്റസിയിലേക്ക് പോകുകയാണ്. ഒരു സംവിധായകന്‍ എന്നുള്ള നിലയ്ക്ക് ഭയങ്കര സന്തോഷമുണ്ട് എനിക്ക്. കാരണം പെട്ടന്ന് ചെയ്യാവുന്ന ഒരു ഴോണര്‍ അല്ല എപിക് ഫാന്റസി.

അങ്ങനെ ഒരു സിനിമ എന്ന് പറയുമ്പോള്‍ ഫാന്റസി ഉണ്ടാകണം അതിനൊരു എപിക് സ്വഭാവമുണ്ടാകണം. എന്റെ മനസില്‍ അത്തരമൊരു സിനിമ എന്ന് പറയുമ്പോള്‍ രാജാവും, കുതിരകളും, യുദ്ധങ്ങളുമൊക്കെയായിട്ടുള്ള ഒരു സിനിമയുടെ ചിത്രമാണ് വരിക. അതെല്ലാം വെച്ച് കൊണ്ട് നമ്മള്‍ ഒരു എപിക് ഫാന്റസിയിലേക്ക് കാലെടുത്ത് വെക്കുകയാണ്. സിനിമയിലെ ഫാന്റസി എലമെന്റുകള്‍ അത് സര്‍പ്രൈസാക്കി വെക്കുന്നു,’ മിഥുന്‍ പറഞ്ഞു.

Content Highlight: Midhun Manuel Thomas is talking about Aadu 3.