'അങ്ങനെ ഒരു കടുത്ത തീരുമാനത്തിലാണ് മമ്മൂക്കയും' ടര്‍ബോയെ കുറിച്ച് മിഥുന്‍ മാനുവല്‍
Film News
'അങ്ങനെ ഒരു കടുത്ത തീരുമാനത്തിലാണ് മമ്മൂക്കയും' ടര്‍ബോയെ കുറിച്ച് മിഥുന്‍ മാനുവല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 17th January 2024, 9:04 am

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ടര്‍ബോ. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.

കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ ദി കോര്‍ എന്നീ ചിത്രങ്ങളുടെ വന്‍ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ എത്തുന്ന അടുത്ത ചിത്രമാണ് ടര്‍ബോ. ഈ ചിത്രത്തിന്റെ ഓരോ അപ്‌ഡേഷനും ഏറെ ആവേശത്തോടെയാണ് മമ്മൂട്ടി ആരാധകര്‍ ഏറ്റെടുക്കാറുള്ളത്.

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ അബ്രഹാം ഓസ്ലറില്‍ മമ്മൂട്ടി ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

ചിത്രത്തിന്റെ റിലീസിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ടര്‍ബോയെ കുറിച്ച് സംസാരിക്കുകയാണ് മിഥുന്‍ മാനുവല്‍. മമ്മൂട്ടിയോട് ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം സംസാരിച്ചത്.

‘ഭീഷ്മ പര്‍വ്വം ഇറങ്ങുന്നതിന് മുമ്പ് ഈ പടം തിയേറ്റര്‍ ഇളക്കി മറിക്കുമോ എന്ന ചോദ്യത്തിന് നമുക്ക് നോക്കാമെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. ഇപ്പോള്‍ ടര്‍ബോ തിയേറ്ററില്‍ എത്തുമ്പോള്‍ അത് തിയേറ്റര്‍ ഇളക്കി മറിക്കുമോ?’ എന്നായിരുന്നു ചോദ്യം.

അതിനെ കുറിച്ച് കൂടുതല്‍ ഒന്നും തങ്ങള്‍ ഇപ്പോള്‍ പറയില്ല. അങ്ങനെയുള്ള കടുത്ത തീരുമാനത്തിലാണ് മമ്മൂക്കയും എന്നായിരുന്നു മിഥുന്‍ പറഞ്ഞത്. മമ്മൂട്ടി അതുകേട്ട് ചിരിച്ചതല്ലാതെ പ്രതികരിച്ചില്ല.

ഈ മാസ്സ് ആക്ഷന്‍ കൊമേര്‍ഷ്യല്‍ ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷന്‍ വേഫറര്‍ ഫിലിംസും ഓവര്‍സീസ് പാര്‍ട്ണര്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ് കൈകാര്യം ചെയ്യുന്നത്.

കന്നഡ താരം രാജ് ബി. ഷെട്ടിയും തെലുങ്ക് നടന്‍ സുനിലും സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന് വേണ്ടി ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീതം പകരുന്നത്.

വിഷ്ണു ശര്‍മയാണ് ഛായാഗ്രഹകന്‍. ചിത്രസംയോജനം ഷമീര്‍ മുഹമ്മദ് നിര്‍വഹിക്കും. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ടര്‍ബോ.

Content Highlight: Midhun Manuel Thomas About Turbo And Mammootty