വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം ഉടന്‍ അവസാനിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനിലെ സംഘര്‍ഷം ഏറെക്കുറെ അവസാനിച്ചുവെന്ന് ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍, യു.എസിന് വേണ്ടത്ര വിജയിക്കാനായിട്ടില്ലെന്നും ആത്യന്തികമായ വിജയമാണ് ലക്ഷ്യം വെയ്ക്കുന്നതെന്നും ട്രംപ് പറഞ്ഞു.
‘ഇറാന്‍ യുദ്ധം വളരെയേറെ പൂര്‍ത്തിയതായി ഞാന്‍ കരുതുന്നു. യു.എസ് പ്രതീക്ഷിച്ചതിനേക്കാളും വളരെ മുമ്പാണ് യുദ്ധത്തില്‍ തീരുമാനമുണ്ടായിരിക്കുന്നത്’, സി.ബി.എസ് ന്യൂസിനോട് ട്രംപ് പറഞ്ഞു.
ഇറാനെതിരായ യു.എസിന്റെ സൈനിക നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. കൂടാതെ, ഇറാന്റെ നിയന്ത്രണത്തിലുള്ള ഹോര്‍മുസ് കടലിടുക്ക് ഏറ്റെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, യുദ്ധം ആഴ്ചകള്‍ നീണ്ടുനില്‍ക്കുമെന്നും നാലാഴ്ച വരെ നീണ്ടുപോയാലും യു.എസിന് പ്രശ്‌നമില്ലെന്നുമായിരുന്നു മുമ്പ് ട്രംപ് അവകാശപ്പെട്ടിരുന്നത്.
നേരത്തെ, ഇറാന്‍ സംഘര്‍ഷം അവസാനിക്കുന്നത് സംബന്ധിച്ച് വേഗത്തില്‍ തീരുമാനമെടുക്കാനായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി ട്രംപ് സംസാരിച്ചിരുന്നു. ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖാംനഇക്ക് റഷ്യ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു തിങ്കളാഴ്ച യു.എസ് പ്രസിഡന്റിന്റെ ടെലിഫോണ്‍ സംഭാഷണം.
ഇതിനിടെ ഇസ്രഈലിന്റെ തീരുമാനപ്രകാരമായിരിക്കും യുദ്ധം അവസാനിപ്പിക്കുകയെന്ന സൂചനയും ട്രംപ് നല്‍കി. പശ്ചിമേഷ്യയിലെ യു.എസിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷികളില്‍ ഒരാളായ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിയാലോചിച്ച് യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കുമെന്ന് ട്രംപ് പറഞ്ഞു.
ടെഹ്‌റാനിലേക്ക് രണ്ടാംഘട്ട ആക്രമണം ആരംഭിച്ചതായി ഇസ്രഈല്‍ അറിയിച്ചു. ഇറാനില്‍ നിന്നുള്ള മിസൈല്‍ ആക്രമണങ്ങള്‍ തടഞ്ഞതായി തുര്‍ക്കി, യു.എ.ഇ, കുവൈത്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളും പ്രസ്താവനയിലൂടെ അറിയിച്ചു.
Content Highlight: Middle East conflict will end soon; US has not succeeded enough: Trump