മകന്റെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന മധ്യവയസ്‌ക മരിച്ചു
Kerala News
മകന്റെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന മധ്യവയസ്‌ക മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th August 2022, 2:42 pm

അങ്കമാലി: എറണാകുളം അങ്കമാലിയില്‍ മകന്റെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ മധ്യവയസ്‌ക മരിച്ചു. അങ്കമാലി നായത്തോട് പുതുശ്ശേരി വീട്ടില്‍ മേരി (51)യാണ് മരിച്ചത്. ഓഗസ്റ്റ് ഒന്നാം തിയതിയാണ് സംഭവമുണ്ടായത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു മേരി. ആഴത്തിലുള്ള കുത്തില്‍ കുടല്‍ പുറത്തുവന്ന മേരി ഗുരുതരാവസ്ഥയിലായിരുന്നു.

അങ്കമാലി എല്‍.എഫ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മേരിയുടെ തലയില്‍ രക്തം കട്ടപിടിച്ചു കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനാലാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിത്.

മകന്‍ കിരണിനെ (27) നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡിലാണ്. അടിപിടി കേസുകളില്‍ ഉള്‍പ്പെടെ പ്രതിയായ കിരണ്‍ മുമ്പ് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

സംഭവം നടക്കുമ്പോള്‍ കിരണും അമ്മയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. കുത്തിയ ശേഷം കിരണ്‍ തന്നെയാണ് മേരിയെ ആശുപത്രിയിലെത്തിച്ചത്.