ഫലസ്തീനികളെ കൂട്ടത്തോടെ നിരീക്ഷിക്കുന്നു; ഇസ്രഈലിലേക്കുള്ള സേവനങ്ങള്‍ നിര്‍ത്തിവച്ച് മൈക്രോസോഫ്റ്റ്
World
ഫലസ്തീനികളെ കൂട്ടത്തോടെ നിരീക്ഷിക്കുന്നു; ഇസ്രഈലിലേക്കുള്ള സേവനങ്ങള്‍ നിര്‍ത്തിവച്ച് മൈക്രോസോഫ്റ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th September 2025, 9:00 am

വാഷിങ്ടണ്‍: ഇസ്രഈല്‍ സൈന്യവുമായുള്ള സാങ്കേതിക സഹകരണം നിര്‍ത്തിവെച്ച് മൈക്രോസോഫ്റ്റ്. ഗസയ്ക്ക് മേല്‍ ഇസ്രഈലിന്റെ ആക്രമണം തുടരുന്നതിനിടെ ഇന്നലെയാണ് (സെപ്റ്റംബര്‍ 25) ഇസ്രഈല്‍ പ്രതിരോധ മന്ത്രാലയത്തിലെ (IMOD) ഒരു യൂണിറ്റിന് നല്‍കിയിരുന്ന പ്രത്യേക ക്ലൗഡ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സേവനങ്ങള്‍ മൈക്രോസോഫ്റ്റ് നിര്‍ത്തിവെച്ചത്.

ഫലസ്തീനികളെ നിരീക്ഷിക്കുന്നതിനായി ഇസ്രഈല്‍ തങ്ങളുടെ സാങ്കേതികവിദ്യകള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് മൈക്രോസോഫ്റ്റിന്റെ ഈ നടപടി. മൈക്രോസോഫ്റ്റിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ സേവനങ്ങള്‍ തുടങ്ങിയവയിലേക്ക് ഇസ്രഈല്‍ സൈന്യത്തിനുള്ള ആക്സസ് റദ്ദാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗസയിലും വെസ്റ്റ് ബാങ്കിലുമായി ദശലക്ഷക്കണക്കിന് ഫലസ്തീന്‍ പൗരന്മാരുടെ ഫോണ്‍ കോളുകള്‍ നിരീക്ഷിക്കാന്‍ ഈസ്രഈല്‍ മൈക്രോസോഫ്റ്റിന്റെ അസൂര്‍ ക്ലൗഡ് പ്ലാറ്റ്ഫോം ഉപയോഗിച്ചിരുന്നുവെന്ന് മുമ്പ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മൈക്രോസോഫ്റ്റ് ഈ നടപടി.

അതേസമയം പൗരന്മാരുടെ കൂട്ട നിരീക്ഷണത്തിന് സഹായിക്കുന്ന സാങ്കേതികവിദ്യ തങ്ങള്‍ നല്‍കുന്നില്ലെന്നും ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളിലും കമ്പനി ഈ തത്വം പാലിക്കുന്നുണ്ടെന്നും മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് പറഞ്ഞു.

നിലവില്‍, ക്ലൗഡ് സ്റ്റോറേജ്, എ.ഐ എന്നിവയുള്‍പ്പെടെയുള്ള (IMOD) സബ്സ്‌ക്രിപ്ഷനുകള്‍ മൈക്രോസോഫ്റ്റ് പ്രവര്‍ത്തനരഹിതമാക്കിയിട്ടുണ്ട്. സേവന നിബന്ധനകളും ധാര്‍മിക മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് ഈ നടപടികള്‍ സ്വീകരിച്ചതെന്നും കമ്പനി അറിയിച്ചു.

അതേസമയം മൈക്രോസോഫ്റ്റിന്റെ ഇസ്രഈല്‍ ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുമ്പ് വ്യാപകമായി പ്രതിഷേധമുണ്ടായിരുന്നു. കമ്പനിയുടെ നയത്തിനെതിരെ പ്രതിഷേധിച്ച ജീവനക്കാരെ ഓഫീസില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

മൈക്രോസോഫ്റ്റ് കമ്പനി പ്രസിഡന്റ് ബ്രാഡ് സ്മിത്തിന്റെ ഓഫീസില്‍ വെച്ച് പ്രതിഷേധിച്ച അന്ന ഹട്ടില്‍, റിക്കി ഫാമെലി എന്നിവരേയും കമ്പനിയുടെ ഹെഡ്ക്വാട്ടേഴ്സില്‍ വെച്ച് പ്രതിഷേധിച്ച നിസ്രീന്‍ ജരദത്, ജൂലിയസ് ഷാന്‍ എന്നിവരെയുമാണ് പുറത്താക്കിയത്.

Content highlight: Microsoft suspends services to Israel over mass surveillance of Palestinians