ന്യൂയോര്‍ക്ക്: ‘ഫലസ്തീനെ സ്വതന്ത്രമാക്കുക‘ എന്ന മുദ്രാവാക്യം മുഴക്കി സി.ഇ.ഒ സത്യ നദല്ലയുടെ പ്രസംഗം തടസപ്പെടുത്തി മൈക്രോസോഫ്റ്റ് ജീവനക്കാരന്‍. സ്ഥാപനത്തിന്റെ അസൂറെ ഹാര്‍ഡ്‌വെയര്‍ സിസ്റ്റംസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചറില്‍ എന്‍ജിനീയറായ ജോ ലോപസാണ് പ്രസംഗം തടപ്പെടുത്തിയത്. ഫലസ്തീനികളെ കൊല്ലാന്‍ കൂട്ടുനില്‍ക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ലോപസിന്റെ പ്രതിഷേധം.
തിങ്കളാഴ്ച നടന്ന മൈക്രോസോഫ്റ്റ് ബില്‍ഡ് പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് ലോപസ് നദല്ലയുടെ പ്രസംഗം തടസപ്പെടുത്തിയത്.
A Microsoft employee disrupted Satya Nadella’s Build conference keynote this morning. The employee was protesting Microsoft’s cloud and AI contracts with Israel, and sent an email to thousands of Microsoft employees after being escorted out of the keynote https://t.co/8IF4WA8M1G
‘മൈക്രോസോഫ്റ്റ് ഫലസ്തീനികളെ കൊല്ലുന്നത് എങ്ങനെയാണെന്ന് കാണിച്ച് തരാമോ? ഇസ്രഈലി യുദ്ധക്കുറ്റകൃത്യങ്ങള്‍ക്ക് അസൂറെ നല്‍കുന്ന പിന്തുണ എങ്ങനെയാണെന്ന് പറയാമോ?’ തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിച്ചാണ് ജോ ലോപസ് സി.ഇ.ഒക്കെതിരെ പ്രതിഷേധിച്ചത്. ഇസ്രഈലുമായി ബന്ധപ്പെട്ടുള്ള മൈക്രോസോഫ്റ്റിന്റെ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം നദല്ല ഏറ്റെടുക്കണമെന്നും ലോപസ് ആവശ്യപ്പെട്ടു.
പ്രതിഷേധത്തെ തുടര്‍ന്ന് ലോപസിനെ സുരക്ഷാ ജീവനക്കാര്‍ ഹാളില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. സുരക്ഷാ ജീവനക്കാര്‍ പിടിച്ചുമാറ്റുന്നതിനിടെ ‘എനിക്ക് ഈ വംശഹത്യയില്‍ പങ്കാളിയാകാന്‍ കഴിയുകയില്ല’ എന്ന് ലോപസ് ഉച്ചത്തില്‍ വിളിച്ചുപറയുകയും ചെയ്തിരുന്നു. അതേസമയം ലോപസിന്റെ പ്രതിഷേധം വകവെക്കാതെയും പ്രതിഷേധത്തിന് മറുപടി നല്‍കാതെയും നദല്ല പ്രസംഗം തുടരുകയാണ് ചെയ്തത്.
നേരത്തെ മൈക്രോസോഫ്റ്റിന്റെ 50-ാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കിടയില്‍ ഫലസ്തീന്‍ അനുകൂല ജീവനക്കാര്‍ പ്രതിഷേധിച്ച സംഭവം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ് ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയാണ് ഒരു സംഘം ജീവനക്കാര്‍ ചേര്‍ന്ന് തടസപ്പെടുത്തിയത്.
‘നിങ്ങള്‍ യുദ്ധലാഭം കൊയ്യുന്ന ആളാണ്. വംശഹത്യക്കായി എ.ഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ്) ഉപയോഗിക്കുന്നത് നിര്‍ത്തൂ,’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു മൈക്രോസോഫ്റ്റ് ജീവനക്കാരനായ ഇബ്തിഹാല്‍ അബൂസാദ് പ്രതിഷേധിച്ചത്.
മൈക്രോസോഫ്റ്റ് എ.ഐ സി.ഇ.ഒ മുസ്തഫ സുലൈമാന്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു ഇബ്തിഹാലിന്റെ പ്രതിഷേധം. പരിപാടിയുടെ ഒരു ഘട്ടം മൈക്രോസോഫ്റ്റ് ജീവനക്കാരിയായ വാണിയ അഗര്‍വാളും തടസപ്പെടുത്തിയിരുന്നു.
2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഗസക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിപ്പിച്ചതോടെ, ഇസ്രഈല്‍ എ.ഐയെയും ക്ലൗഡ് കമ്പ്യൂട്ടിങ്ങിനെയും കൂടുതല്‍ ആശ്രയിക്കാന്‍ തുടങ്ങിയിരുന്നു. ഇതിനായി ഇസ്രഈല്‍ കൂടുതലായും ഉപയോഗിച്ചത് ഗൂഗിളിനെയും മൈക്രോസോഫ്റ്റിനേയുമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഫലസ്തീന്‍ അനുകൂല ജീവനക്കാര്‍ പ്രതിഷേധിച്ചത്.
ഇസ്രഈല്‍ വംശഹത്യയില്‍ പ്രതിഷേധിച്ച് മൈക്രോസോഫ്റ്റ് ജീവനക്കാര്‍ ഇതിനുമുമ്പും രംഗത്തെത്തിയിട്ടുണ്ട്. 2024 ഒക്ടോബറില്‍ ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മൈക്രോസോഫ്റ്റിന്റെ ക്യാമ്പസില്‍ പരിപാടി സംഘടിപ്പിച്ചതിന് രണ്ട് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
Content Highlight: Microsoft Employee interrupts Satya Nadella’s speech