റെഡ്മണ്ട്: പാകിസ്ഥാനിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് ടെക് ഭീമനായ മൈക്രോസോഫ്റ്റ്. പാകിസ്ഥാന്റെ ഇടിഞ്ഞ സമ്പദ് വ്യവസ്ഥയില്‍ രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു. 25 വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷമാണ് പാകിസ്ഥനിലെ ഓഫീസ് മൈക്രോസോഫ്റ്റ് അടച്ചുപൂട്ടിയത്.
സ്ഥാപനത്തിന്റെ ആഗോള പുനഃസംഘടനയാണ് തീരുമാനത്തിന് പിന്നിലെ ലക്ഷ്യമെന്നാണ് മൈക്രോസോഫ്റ്റിന്റെ വിശദീകരണം. എന്നാല്‍ മൈക്രോസോഫ്റ്റ് പാകിസ്ഥാനിലെ ഓഫീസ് അടച്ചുപൂട്ടിയത് ജീവനക്കാരെ പിരിച്ചുവിടാനുള്ള ഉദ്ദേശത്തോടെയാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
2023ന് ശേഷം ഏകദേശം 9,100 ജീവനക്കാരെ (തൊഴിലാളികളുടെ ഏകദേശം നാല് ശതമാനം) മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടിട്ടുണ്ട്. നിലവില്‍ സ്ഥാപനവുമായി നല്ലൊരു സാങ്കേതിക ബന്ധം തുടരാന്‍ പാക് സര്‍ക്കാരിനും ഐ.ടി മന്ത്രിക്കും മൈക്രോസോഫ്റ്റ് പാകിസ്ഥാന്റെ മുന്‍ സ്ഥാപക മാനേജര്‍ ജവാദ് റഹ്‌മാന്‍ നിര്‍ദേശം നല്‍കി. കെ.പി.ഐ (കീ പെര്‍ഫോമന്‍സ് ഇന്‍ഡിക്കേറ്ററുകള്‍) അടിസ്ഥാനമാക്കിയുള്ള ഒരു പദ്ധതിയുണ്ടാക്കാനാണ് നിര്‍ദേശം.
കൂടാതെ പാകിസ്ഥാനില്‍ മൈക്രോസോഫ്റ്റിന് വാണിജ്യ അടിത്തറ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പകരം വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള മേഖലകളിലാണ് ടെക് ഭീമന്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും ജവാദ് റഹ്‌മാന്‍ പറഞ്ഞു.
മൈക്രോസോഫ്റ്റിന്റെ തീരുമാനത്തില്‍ മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് ആരിഫ് ആല്‍വി ആശങ്ക പ്രകടിപ്പിച്ചു. ടെക് സ്ഥാപനത്തിന്റെ തീരുമാനം അസ്വസ്ഥയുണ്ടാക്കുന്നുവെന്ന് ആരിഫ് ആല്‍വി എക്സില്‍ കുറിച്ചു. ആദ്യഘട്ടങ്ങളില്‍ മൈക്രോസോഫ്റ്റ് വികസനത്തിനായി പാകിസ്ഥാനെ പിന്തുണച്ചിരുന്നെന്നും എന്നാല്‍ 2022ന്റെ അവസാനത്തോടെ വിയറ്റ്‌നാമിലേക്ക് പ്രവര്‍ത്തനം മാറ്റാന്‍ സ്ഥാപനം താത്പര്യപ്പെട്ട് തുടങ്ങിയെന്നും ആരിഫ് ആല്‍വി ചൂണ്ടിക്കാട്ടി.
2023ല്‍ 10,000 തൊഴിലാളികളെ പിരിച്ചുവിടുമെന്ന് മൈക്രോസോഫ്റ്റ് കോര്‍പറേഷന്‍ അറിയിച്ചിരുന്നു. പേഴ്സണല്‍ കമ്പ്യൂട്ടര്‍ വിപണിയിലെ മാന്ദ്യം ചൂണ്ടിക്കാട്ടിയായിരുന്നു പ്രഖ്യാപനം. കൊവിഡ് മഹാമാരിക്ക് ശേഷം വിന്‍ഡോസിനും അനുബന്ധ സോഫ്റ്റ്‌വെയറിനുമുള്ള ഡിമാന്‍ഡ് കുറഞ്ഞതാണ് തീരുമാനത്തിന് കാരണമായത്.
പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപണിയിലെ മാന്ദ്യം വിന്‍ഡോസിന്റെ വില്‍പനയെ ബാധിച്ചത് കാരണം തങ്ങളുടെ ക്ലൗഡ് യൂണിറ്റ് അസുറില്‍ (cloud unit Azure) വളര്‍ച്ചാനിരക്ക് നിലനിര്‍ത്തുന്നതിന് മൈക്രോസോഫ്റ്റ് സമ്മര്‍ദം നേരിട്ടിരുന്നു.
2022 ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം, അമേരിക്കയില്‍ 1,22,000 ജീവനക്കാരും അന്താരാഷ്ട്ര തലത്തില്‍ 99,000 ജീവനക്കാരുമുള്‍പ്പെടെ 2,21,000 മുഴുവന്‍ സമയ ജീവനക്കാര്‍ മൈക്രോസോഫ്റ്റില്‍ ജോലി ചെയ്തിരുന്നു.
Content Highlight: Microsoft closes Pakistan office after 25 years