വിന്‍ഡോസ് 10 സൗജന്യമായി അപ്‌ഗ്രേഡ് ചെയ്തു നല്‍കുമെന്ന് മൈക്രോസോഫ്റ്റ്
Big Buy
വിന്‍ഡോസ് 10 സൗജന്യമായി അപ്‌ഗ്രേഡ് ചെയ്തു നല്‍കുമെന്ന് മൈക്രോസോഫ്റ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd January 2015, 9:13 am

windows റെഡ്‌മെഡ്: നിലവിലെ വിന്‍ഡോസ് ഉപഭോക്താക്കള്‍ക്ക് വിന്‍ഡോസ് 10 സൗജന്യമായി അപ്‌ഗ്രേഡ് ചെയ്തു നല്‍കുമെന്ന് മൈക്രോസോഫ്റ്റ്. റെഡ്‌മെന്റില്‍ നടന്ന വിന്‍ഡോസ് 10 പരിചയപ്പെടുത്തല്‍ ചടങ്ങില്‍ മൈക്രോസോഫ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റം ചീഫ് ടെറി മിയേഴ്‌സണാണ് ഇക്കാര്യം അറിയിച്ചത്.

വിന്‍ഡോസ് 7, വിന്‍ഡോസ് 8.1, വിന്‍ഡോസ് ഫോണ്‍ 8.1 എന്നിവര്‍ക്ക് വിന്‍ഡോസ് 10 പുറത്തിറങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ സൗജന്യമായി അതിലേക്കു മാറാനാകുമെന്നാണ് മിയേഴ്‌സണ്‍ പ്രഖ്യാപിച്ചത്. ഒരു തവണ വിന്‍ഡോസ് 10 ലേക്കു മാറിയാല്‍ ആജീവനാന്തം മൈക്രോസോഫ്റ്റ് അപ്‌ഡേഷന്‍ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു.

“വിന്‍ഡോസ് 10 ഒരു സേവനമായാണ് ഞങ്ങള്‍ ആലോചിക്കുന്നത്.” മിയേഴ്‌സണ്‍ പറഞ്ഞു.

കഴിയുന്നത്ര ഡിവൈസുകളില്‍ വിന്‍ഡോസ് ഉറപ്പുവരുത്തുകയെന്നതാണ് വിന്‍ഡോസ് 10 സൗജന്യമായി നല്‍കുന്നതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. സൗജന്യമായി നല്‍കുന്നതു വഴി വരുന്ന നഷ്ടം ഇന്റര്‍നെറ്റിലൂടെ ഓഫീസ് പോലുള്ള സേവനങ്ങള്‍ വിറ്റുകൊണ്ട് നികത്താനാണ് നീക്കം.

കഴിഞ്ഞ ദശാബ്ദത്തില്‍ ഫോണുകളും ടാബ്ലറ്റും കമ്പ്യൂട്ടറും ഉള്‍പ്പെടെ വെറും 15% ഡിവൈസുകളില്‍ മാത്രമാണ് വിന്‍ഡോസ് കാണാനായത്. ഈ സോഫ്റ്റ് വെയര്‍ സൗജന്യമാക്കുന്നതിലൂടെ 1 ബില്യണോളം പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനാകുമെന്നാണ് മൈക്രോസോഫ്റ്റ് പ്രതീക്ഷിക്കുന്നത്.