പാകിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ രണ്ടാം ടെസ്റ്റിലെ ബാറ്റിങ് തകര്‍ച്ചയ്ക്ക് പിന്നാലെ പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍.
പാകിസ്ഥാന്റെ നിലവിലെ ബാറ്റിങ് നിര രണ്ടാം ഡിവിഷന്‍ കൗണ്ടി ടീമിന് തുല്യമാണെന്നും ടെസ്റ്റ് ക്രിക്കറ്റിന് ആവശ്യമായ നിലവാരം അവര്‍ക്കില്ലെന്നും വോണ്‍ പറഞ്ഞു.
ബി.ബി.സിയാട് സംസാരിക്കവെയായിരുന്നു വോണിന്റെ പരാമര്‍ശം.

മൈക്കല്‍ വോണ്‍
‘ഇംഗ്ലണ്ടിന്റേത് മികച്ച ബൗളിങ് നിരയാണ്, അവര്‍ക്ക് ഇനിയും ഒരുപാട് മുന്നേറാന്‍ കഴിയും. എന്നാല്‍ ക്രൂരമായ ഒരു സത്യം എന്തെന്നാല്‍, ഈ മത്സരത്തില്‍ അവര്‍ക്ക് യാതൊരുവിധ വെല്ലുവിളികളും നേരിടേണ്ടി വരുന്നില്ല എന്നതാണ്.
പന്തെറിയാന്‍ ഏറ്റവും എളുപ്പമുള്ള ബാറ്റിങ് നിരയാണ് പാകിസ്ഥാന്റേത്. ബാറ്റര്‍മാര്‍ ആരും തന്നെ തങ്ങളെ ആക്രമിക്കില്ലെന്ന് അറിയാവുന്നത് കൊണ്ട് ഇംഗ്ലീഷ് ബൗളര്‍മാര്‍ വിക്കറ്റ് വീഴ്ത്താനായി കാത്തുനില്‍ക്കുകയാണ്.
വലിയ സ്‌കോറുകള്‍ നേടാന്‍ പാകിസ്ഥാന് കഴിയില്ലെന്ന് എല്ലാവര്‍ക്കും അറിയാം, അതിനാല്‍ 40-50 ഓവറുകള്‍ക്കുള്ളില്‍ കാര്യങ്ങള്‍ അവസാനിക്കും.’ വോണ്‍ പറഞ്ഞു.
Bowlers do the damage to Pakistan as England take a massive lead into Day 3 💥#WTC27 | 📝: https://t.co/RHhzhca0G3 pic.twitter.com/xEIpHGYN3r
— ICC (@ICC) August 28, 2026
ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ ശക്തരായ ടീമുകള്‍ക്കെതിരെ ഈ ഇംഗ്ലീഷ് ബൗളിങ് നിര മികച്ച പ്രകടനം പുറത്തെടുക്കുമെന്നും, എന്നാല്‍ നിലവിലെ പാകിസ്ഥാന്‍ ബാറ്റിങ് നിര രണ്ടാം ഡിവിഷന്‍ കൗണ്ടി ക്രിക്കറ്റ് നിലവാരത്തിലുള്ള ഒന്നാണെന്നും അവര്‍ക്ക് ടെസ്റ്റ് ബാറ്റിങ് യൂണിറ്റ് എന്ന് പറയാവുന്ന നിലവാരമില്ലെന്നും വോണ്‍ കൂട്ടിച്ചേര്‍ത്തു.
ലോര്‍ഡ്‌സില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 290 റണ്‍സിന് മറുപടിയായി ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 110 റണ്‍സിന് പുറത്താകുകയായിരുന്നു.
102 പന്തില്‍ 46 റണ്‍സെടുത്ത അസാന്‍ അവൈസും, 16 പന്തില്‍ 16 റണ്‍സെടുത്ത സൗദ് ഷക്കീലും മാത്രമാണ് പാകിസ്ഥാന്‍ നിരയില്‍ രണ്ടക്കം കണ്ടത്.
ബാബര്‍ അസം (പത്ത് പന്തില്‍ എട്ട്), ഷാന്‍ മസൂദ് (11 പന്തില്‍ ഒന്ന്) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ പരിക്കിനെ തുടര്‍ന്ന് ഇമാം ഉള്‍ ഹഖിന് ബാറ്റ് ചെയ്യാന്‍ സാധിച്ചതുമില്ല.
ഇംഗ്ലണ്ടിനായി ഒലി റോബിന്‍സണ്‍ നാല് പാക് താരങ്ങളെ മടക്കിയപ്പോള്‍ ജോഫ്രാ ആര്‍ച്ചര്‍ മൂന്നും ജോഷ് ടംഗ് രണ്ട് വിക്കറ്റും വീഴ്ത്തി പാകിസ്ഥാനെ വന്‍ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു.
വെറും 37 ഓവറിനുള്ളില്‍ തന്നെ പാകിസ്ഥാന്റെ ഒന്നാം ഇന്നിങ്‌സ് അവസാനിച്ചിരുന്നു.
നേരത്തെ ഒമ്പത് വിക്കറ്റിന് 248 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട്, ജോഷ് ടങ് (30*), ഗസ് അറ്റ്കിന്‍സണ്‍ (45) എന്നിവരുടെ കൂട്ടുകെട്ടിലൂടെയാണ് 290 റണ്‍സ് വരെയെത്തിയത്.
നിലവില്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 81 എന്ന നിലയിലാണ്. 180 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡും ആതിഥേയര്‍ക്കുണ്ട്.
Content Highlight: Michael Vaughn slams Pakistan over batting collapse against England
