അവര്‍ ഇത്തവണ കിരീടം നേടില്ല, പക്ഷേ... മുന്‍ ചാമ്പ്യന്മാരെ കുറിച്ച് വോണ്‍
Cricket
അവര്‍ ഇത്തവണ കിരീടം നേടില്ല, പക്ഷേ... മുന്‍ ചാമ്പ്യന്മാരെ കുറിച്ച് വോണ്‍
ഫസീഹ പി.സി.
Wednesday, 1st April 2026, 2:27 pm

ഐ.പി.എല്‍ 2026ലെ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് പരാജയപ്പെട്ടിരുന്നു. പഞ്ചാബ് കിങ്സിനോട് എട്ട് വിക്കറ്റിന്റെ തോല്‍വിയാണ് ടീം വഴങ്ങിയത്. ആദ്യം ബാറ്റിങ്ങിലും പിന്നീട് ബൗളിങ്ങിലും വലിയ പ്രകടനങ്ങള്‍ നടത്താന്‍ സാധിക്കാതിരുന്നതോടെയാണ് ടീമിന് ആദ്യ മത്സരത്തില്‍ തന്നെ മുട്ടുകുത്തേണ്ടി വന്നത്.

ഇപ്പോള്‍ തോല്‍വിക്ക് പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. ഗുജറാത്ത് ഇത്തവണ കിരീടം നേടില്ലെന്നും എന്നാല്‍ അവര്‍ ശക്തമായ പോരാട്ടം കാഴ്ച്ചവെക്കുമെന്നും അദ്ദേഹം പറഞ്ഞു.

മൈക്കല്‍ വോണ്‍. Photo: Crictracker

ഗുജറാത്തിന്റെ ബാറ്റിങ് നിര കരുതുന്നത് പോലെ അത്ര മോശമല്ലെന്നും മത്സരത്തില്‍ ഗുജറാത്ത് ചില തന്ത്രപരമായ പിഴവുകള്‍ വരുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിക് ബസില്‍ സംസാരിക്കുകയായായിരുന്നു വോണ്‍.

‘ഗുജറാത്ത് ടൈറ്റന്‍സിന്റെ ബാറ്റിങ് കരുതുന്ന പോലെ അത്ര മോശമല്ല. അവര്‍ ഈ വര്‍ഷം ഐ.പി.എല്‍ കിരീടം നേടില്ല. പക്ഷേ, ശക്തമായ പോരാട്ടം നടത്തും. പഞ്ചാബിനെതിരെ അവര്‍ തന്ത്രപരമായ പല പിഴവുകളും വരുത്തി.

ജോസ് ബട്‌ലര്‍ ക്രീസിലുള്ളപ്പോള്‍ എന്തിനാണ് ഗ്ലെന്‍ ഫിലിപ്‌സിനെ ഇറക്കിയത്. രണ്ട് വലം കൈയ്യന്‍ ബാറ്റര്‍മാര്‍ ഒരേസമയം ക്രീസിലുണ്ടാകുന്നത് ടീമിന് ഗുണകരമല്ല. നാലാം നമ്പറില്‍ വാഷിങ്ടണ്‍ സുന്ദറിനെ ഇറക്കേണ്ടതായിരുന്നു. ടി – 20 ക്രിക്കറ്റില്‍ ഇടത് – വലത് ബാറ്റിങ് കോമ്പിനേഷന്‍ നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്,’ വോണ്‍ പറഞ്ഞു.

ഗുജറാത്ത് ടൈറ്റൻസ്. Photo: IndianPremierLeague/x.com

ഗുജറാത്ത് ടൈറ്റന്‍സ് ഐ.പി.എല്ലിലെ തങ്ങളുടെ അരങ്ങേറ്റ സീസണില്‍ തന്നെ ചാമ്പ്യന്മാരായിരുന്നു. ഹര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലായിരുന്നു 2022ലെ ഗുജറാത്ത് കിരീടനേട്ടം. അടുത്ത വര്‍ഷം ഫൈനലില്‍ എത്തിയ ടീം സി.എസ്.കെയ്ക്ക് മുന്നില്‍ മുട്ടുകുത്തി.

2024ല്‍ എട്ടാം സ്ഥാനത്തായിരുന്നു ഗുജറാത്ത്. കഴിഞ്ഞ സീസണില്‍ ടീം പ്ലേഓഫില്‍ എത്തിയെങ്കിലും എലിമിനേറ്ററില്‍ മുംബൈയോട് തോല്‍വി വഴങ്ങുകയായിരുന്നു.

 

Content Highlight: Michael Vaughan says that Gujarat Titans will not win the title in IPL 2026

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി