ഇംഗ്ലണ്ടിന് ഇത്രയും പ്രതിഭകളുണ്ടായിട്ടും തോറ്റത് ഞെട്ടിക്കുന്നു: മൈക്കല്‍ വോണ്‍
THE ASHES
ഇംഗ്ലണ്ടിന് ഇത്രയും പ്രതിഭകളുണ്ടായിട്ടും തോറ്റത് ഞെട്ടിക്കുന്നു: മൈക്കല്‍ വോണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 22nd December 2025, 9:39 pm

2025 – 2026ലെ ആഷസ് പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം അഡ്ലെയ്ഡ് ഓവലില്‍ നടന്ന മൂന്നാം മത്സരത്തിലും ഇംഗ്ലണ്ട് പരാജയപ്പെട്ടതോടെയാണ് കങ്കാരുക്കള്‍ ആഷസ് നിലനിര്‍ത്തിയത്. നേരത്തെ പരമ്പരയിലെ ഒന്നും രണ്ടും മത്സരങ്ങളിലും ഇംഗ്ലണ്ട് തോല്‍വി വഴങ്ങിയിരുന്നു.

ഇപ്പോള്‍ മറ്റൊരു ആഷസ് കൂടി ഇംഗ്ലണ്ട് കൈവിട്ടതോടെ ടീമിനെ വിമര്‍ശിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. ഈ ആഷസ് പര്യടനത്തോടെ ഇംഗ്ലണ്ടിന്റെ എല്ലാ തന്ത്രങ്ങളും പാടേ തകര്‍ന്നുവെന്നും ടീമിന്റെ പോരായ്മകള്‍ പുറത്ത് കൊണ്ടുവന്നുവെന്നും അദ്ദേഹം പറഞ്ഞു.

മൈക്കല്‍ വോണ്‍. Photo: Jaiky Yadav/x.com

ഇംഗ്ലണ്ട് ടീമില്‍ നിരവധി പ്രതിഭകള്‍ ഉണ്ടായിട്ടും അവര്‍ പ്രകടിപ്പിച്ച പോരാട്ടവീര്യമില്ലായ്മ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടെലിഗ്രാഫിലെ തന്റെ കോളത്തിലാണ് വോണിന്റെ വിമര്‍ശനം.

‘ഈ പര്യടനത്തോടെ ഇംഗ്ലണ്ടിന്റെ തന്ത്രങ്ങള്‍ പാടേ തകര്‍ന്നു. ചരിത്രം പരിശോധിച്ചാല്‍ ഇത്രയും വലിയ തോല്‍വികള്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാറുണ്ട്. വെറും 11 ദിവസത്തിനുള്ളില്‍ തന്നെ പരമ്പര നഷ്ടപ്പെട്ടത് ഓസ്ട്രേലിയയില്‍ വെച്ച് ഇംഗ്ലണ്ടിനുണ്ടായ ഏറ്റവും വലിയ നാണക്കേടാണ്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇംഗ്ലണ്ട് പ്രകടിപ്പിക്കുന്ന അമിത ആത്മവിശ്വാസം പലര്‍ക്കും ഇഷ്ടമായിരുന്നില്ല. ഈ പരാജയം ഇംഗ്ലണ്ടിന് ലഭിച്ച കടുത്തൊരു തിരിച്ചടിയാണ്. ഓസ്ട്രേലിയ ഇപ്പോള്‍ ഇംഗ്ലണ്ടിനെ നോക്കി പരിഹസിക്കുകയാണ്. ടീമില്‍ ഇത്രയധികം പ്രതിഭകളുണ്ടായിട്ടും, അവര്‍ പ്രകടിപ്പിച്ച പോരാട്ടവീര്യമില്ലായ്മ ഞെട്ടിക്കുന്നതാണ്,’ വോണ്‍ പറഞ്ഞു.

മത്സരത്തിനിടെ ഇംഗ്ലണ്ട് താരങ്ങൾ .Photo: England Cricket/x.com

ഇംഗ്ലണ്ട് പിന്തുടരുന്ന ബാസ് ബോള്‍ ശൈലി ഓസ്ട്രേലിയയില്‍ വിജയിക്കുമെന്ന് അവര്‍ കരുതിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ തനിക്കതില്‍ ഒരിക്കലും വിശ്വാസമില്ലായിരുന്നു. ഓസ്ട്രേലിയയില്‍ ജയിച്ചിട്ടുള്ള എല്ലാ ടീമുകളും കഠിനാധ്വാനം ചെയ്തും മികച്ച അച്ചടക്കത്തോടെ പന്തെറിഞ്ഞുമാണ് അത് നേടിയത്. ഇംഗ്ലണ്ടിന്റെ ഭാഗത്തുനിന്നും അതുണ്ടായില്ലെന്നും വോണ്‍ കൂട്ടിച്ചേര്‍ത്തു.

 

Content Highlight: Michael Vaughan says that given the talent available in England, the lack resilience has been staggering