ചരിത്രത്തില്‍ നിന്നും പെലെയെ വെട്ടി; ലോക റെക്കോഡ് റാഞ്ചി ഒലീസെ
FIFA World Cup 2026
ചരിത്രത്തില്‍ നിന്നും പെലെയെ വെട്ടി; ലോക റെക്കോഡ് റാഞ്ചി ഒലീസെ
സുദേവ് എ
Sunday, 19th July 2026, 8:54 am

2026 ഫിഫ ലോകകപ്പില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി ഇംഗ്ലണ്ട്. ലൂസേഴ്‌സ് ഫൈനലില്‍ ഫ്രാന്‍സിനെ 6-4 എന്ന ത്രില്ലര്‍ സ്‌കോറിനാണ് ഇംഗ്ലണ്ട് തകര്‍ത്തത്. മയാമി സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ഗോള്‍ മഴക്കാണ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്.

മത്സരത്തിൽ ഫ്രാന്‍സ് പരാജയപ്പെട്ടെങ്കിലും മിന്നും പ്രകടനമാണ് ഫ്രഞ്ച് താരം മൈക്കല്‍ ഒലീസെ തിളങ്ങിയത്. മത്സരത്തില്‍ രണ്ട് അസിസ്റ്റുകള്‍ നേടിയാണ് ഫ്രഞ്ച് താരം തിളങ്ങിയത്. ഈ ടൂര്‍ണമെന്റില്‍ ഏഴ് തവണയാണ് താരം തന്റെ സഹതാരങ്ങളെ കൊണ്ട് ഗോളടിപ്പിച്ചത്.

ഇതോടെ ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നേടുന്ന താരമെന്ന റെക്കോഡും ഒലീസെ കൈപ്പിടിയിലാക്കി. ബ്രസീലിയന്‍ ഇതിഹാസം പെലെയുടെ പേരിലുണ്ടായിരുന്ന 56 വര്‍ഷത്തെ റെക്കോഡ് തകര്‍ത്താണ് ഫ്രഞ്ച് താരം ഒന്നാമനായത്. 1970 ലോകകപ്പില്‍ ആറ് അസിസ്റ്റുകളായിരുന്നു പെലെ നേടിയിരുന്നത്.

അതേസമയം ബുക്കായോ സാക്കയുടെ ഹാട്രിക്കിന്റെ കരുത്തിലാണ് ത്രീ ലയണ്‍സ് ആവേശ വിജയം കൈപ്പിടിയിലാക്കിയത്. 37, 45+ 1, 87 എന്നീ മിനിട്ടുകളിലാണ് സാക്കയുടെ ഹാട്രിക് പിറന്നത്. മത്സരം തുടങ്ങി മൂന്നാം മിനിട്ടില്‍ തന്നെ ഡെക്ലാന്‍ റൈസിലൂടെ ഇംഗ്ലണ്ടാണ് ആദ്യം ലീഡ് നേടിയത്.

18ാം മിനിട്ടില്‍ എസ്രി കോണ്‍സയിലൂടെ ഇംഗ്ലണ്ട് വീണ്ടും ഫ്രാന്‍സിന്റെ വല കുലുക്കി. ആദ്യ പകുതി പിന്നിടുന്നതിന് മുമ്പ് സാക്ക ഇരട്ട ഗോള്‍ നേടി ഇംഗ്ലണ്ടിന് വലിയ ആധിപത്യം നല്‍കി.

രണ്ടാം പകുതിയില്‍ മത്സരം കൂടുതല്‍ ആവേശകരമായി മാറി. ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളിന്റെ പിന്‍ബലത്തില്‍ ഫ്രഞ്ച് പട തിരിച്ചടിച്ചു. 48, 66 മിനിട്ടുകളിലാണ് എംബാപ്പെയുടെ ഗോളുകള്‍ പിറന്നത്.

ബ്രാഡ്‌ലി ബാര്‍ക്കോളയും ഒസ്മാനെ ഡെംബെലെയും രണ്ടാം പകുതിയില്‍ ലക്ഷ്യം കണ്ടു. എന്നാല്‍ സാക്ക ഹാട്രിക് ഗോളും ജൂഡ് ബെല്ലിങ്ങ്ഹാം ഇഞ്ചുറി ടൈമില്‍ ഗോളും നേടിയതോടെ മത്സരം പൂര്‍ണമായും ത്രീ ലയണ്‍സ് കൈപ്പിടിയിലാക്കുകയായിരുന്നു.

ഇനി ലോകകപ്പില്‍ ഫൈനല്‍ പോരാട്ടം മാത്രമാണ് ബാക്കിയുള്ളത്. ജൂലൈ 20ന് അര്‍ധ രാത്രി 12.30നാണ് കലാശപ്പോരാട്ടം നടക്കുന്നത്. കലാശപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയും സ്‌പെയ്‌നുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്.

 

Content Highlight: Michael Olise break Pele 56 years record in world cup history

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.