തല ചുറ്റിപ്പോയി, ചെവിയും പോയി; റിപ്പബ്ലിക് ടി.വിയുടെ ചര്‍ച്ചയില്‍ പങ്കെടുത്ത അനുഭവം പങ്കുവെച്ച് യു.എസ് പാനലിസ്റ്റിന്റെ പരിഹാസം
India
തല ചുറ്റിപ്പോയി, ചെവിയും പോയി; റിപ്പബ്ലിക് ടി.വിയുടെ ചര്‍ച്ചയില്‍ പങ്കെടുത്ത അനുഭവം പങ്കുവെച്ച് യു.എസ് പാനലിസ്റ്റിന്റെ പരിഹാസം
ന്യൂസ് ഡെസ്‌ക്
Friday, 12th July 2019, 1:06 pm

ന്യൂദല്‍ഹി: റിപ്പബ്ലിക് ടി.വിയെ പരിഹസിച്ച് ദ വില്‍സണ്‍ സെന്ററിലെ ഏഷ്യ പ്രോഗ്രാം ഡെപ്യൂട്ടി ഡയറക്ടര്‍ മൈക്കല്‍ കുഗല്‍മാന്‍. റിപ്പബ്ലിക് ടി.വിയുടെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തതിന്റെ അനുഭവം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പരിഹാസം.

‘ഇന്ത്യയിലെ റിപ്പബ്ലിക് ടി.വിയില്‍ പാനലിസ്റ്റായി പങ്കെടുത്ത ആദ്യ അനുഭവം ഞാന്‍ പൂര്‍ത്തിയാക്കി. അതൊരു അനുഭവം തന്നെയാണെന്നാണ് പറയാനുള്ളത്. എന്നും ഓര്‍ക്കാവുന്ന രസകരമായ അനുഭവം. കുറച്ച് ശബ്ദംകൂടിയ അനുഭവം. എന്റെ ചെവികള്‍ കുലുങ്ങിപ്പോയി, തല ചുറ്റിക്കൊണ്ടിരിക്കുകയാണ്. അടുത്ത തവണ ചെവിയടക്കാനുള്ള സാധനങ്ങള്‍ കൊണ്ടുപോകാന്‍ ഒരിക്കലും മറക്കില്ല.’ എന്നായിരുന്നു കുഗല്‍മാന്റെ ട്വീറ്റ്.

‘തലയും ചെവിയും സംരക്ഷിക്കാനുള്ള ഉപകരണങ്ങള്‍ക്ക് പുറമേ പൊട്ടിച്ചിരിച്ച് താടിയ്ക്കുണ്ടായ വേദനമാറ്റാനും ചികിത്സ നടത്തണം’ എന്നും അദ്ദേഹം കുറിച്ചിരുന്നു.

പിന്നീട് റിപ്പബ്ലിക് ടി.വിയെ പരിഹസിച്ചുകൊണ്ടാണ് മൈക്കല്‍ ചര്‍ചചയുടെ വീഡിയോ പങ്കുവെച്ചതും. പ്ലേ ചെയ്യുന്നതിനു മുമ്പ് ശബ്ദം കുറച്ചു പ്ലേ ചെയ്യുകയെന്നു പറഞ്ഞാണ് അദ്ദേഹം വീഡിയോ ഷെയര്‍ ചെയ്തത്.

ഇറക്കുമതി തീരുവ സംബന്ധിച്ച് ട്വിറ്ററില്‍ ട്രംപ് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയതുമായി ബന്ധപ്പെട്ട വിഷയമായിരുന്നു ചര്‍ച്ചയാക്കിയത്.