ആ പരമ്പരയ്ക്ക് ശേഷം ഏറ്റവും മികച്ചതാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടന്നത്: മൈക്കല്‍ ആതര്‍ട്ടണ്‍
Sports News
ആ പരമ്പരയ്ക്ക് ശേഷം ഏറ്റവും മികച്ചതാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടന്നത്: മൈക്കല്‍ ആതര്‍ട്ടണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 14th August 2025, 4:10 pm

അടുത്തിടെ സമാപിച്ച ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫി ഏറ്റവും മികച്ചതാണ് എന്ന് തനിക്ക് തോന്നുന്നില്ലെന്ന് മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ ആതര്‍ട്ടണ്‍. 2005ലെ ആഷസിന്റെ അത്ര നിലവാരം ഈ പരമ്പരയ്ക്കുണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2005ലെ ആഷസാണോ ഈ പരമ്പരയാണോ മികച്ചതെന്ന മറ്റൊരു ഇംഗ്ലണ്ട് താരം നാസര്‍ ഹുസൈന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ആതര്‍ട്ടണ്‍.

‘2005ലെ ആഷസ് പോലെ മികച്ച നിലവാരം ഈ പരമ്പരയ്ക്കുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അന്ന് മികച്ച ടീം തകര്‍ച്ചയിലായിരുന്നു, മറ്റേ ടീം വളര്‍ന്നുവരുന്നേയുണ്ടായിരുന്നുള്ളൂ. ഇരുവര്‍ക്കും മികച്ച താരങ്ങളുണ്ടായിരുന്നു. പക്ഷേ, അതിന് ശേഷമുള്ള മികച്ച പരമ്പരയാണ് ഇപ്പോള്‍ ഇംഗ്ലണ്ടും ഇന്ത്യയും തമ്മില്‍ നടന്നത്,’ ആതര്‍ട്ടണ്‍ പറഞ്ഞു.

2023 ലെ ആഷസും മികച്ചതായിരുന്നുവെന്നും ആതര്‍ട്ടണ്‍ പറഞ്ഞു. എന്നാല്‍, പരിക്ക് പറ്റിയിട്ടും റിഷബ് പന്തും ക്രിസ് വോക്സും ബാറ്റിങ്ങിനെത്തിയത് ഈ പരമ്പരയെ മികച്ചതാക്കി. അതുകൊണ്ട് ഞാനിതിനെ 2005 ന് ശേഷമുള്ള ഏറ്റവും മികച്ച പരമ്പരയായി വിശേഷിപ്പിക്കും. പരമ്പരയില്‍ ധാരാളം ട്വിസ്റ്റുകളും ടേണുകളും ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം വളരെയേറെ ആവേശത്തോടെയായിരുന്നു ഇരു ടീമിലെയും താരങ്ങളും ആരാധകരും വീക്ഷിച്ചത്. പരമ്പരയില്‍ ഇരു ടീമുകളും രണ്ട് വീതം മത്സരങ്ങള്‍ ജയിച്ച് സമനിലയില്‍ പിരിയുകയായിരുന്നു. നാലാം ടെസ്റ്റ് സമനിലയിലാക്കിയും ഓവലില്‍ നടന്ന അവസാന ടെസ്റ്റില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയുമാണ് പരമ്പര സമനിലയില്‍ എത്തിച്ചത്.

കളിയുടെ ആവേശത്തിനപ്പുറം താരങ്ങള്‍ തമ്മില്‍ കൊമ്പുകോര്‍ത്തതും ഈ പരമ്പരയെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നിരുന്നു. കൂടാതെ, നാലാം ടെസ്റ്റില്‍ കാലിലെ പേരുമായി റിഷബ് പന്ത് ബാറ്റിങ്ങിനെത്തിയതും അവസാന ടെസ്റ്റില്‍ ഒറ്റ കൈയുമായി ഇംഗ്ലണ്ട് താരം ക്രിസ് വോക്സ് ബാറ്റിങ്ങിനെത്തിയതും പരമ്പര ശ്രദ്ധിക്കപ്പെട്ടതിന്റെ കാരണമായി.

Content Highlight: Michael Atherton says that India vs England series is best after 2005 Ashes