കഴിഞ്ഞ ദിവസം നടന്ന ഇന്റര്‍ നാഷണല്‍ ലീഗ് ടി-20യില്‍ എം.ഐ എമിറേറ്റ്‌സിനെ പരാജയപ്പെടുത്തി ഡെസേര്‍ട്ട് വൈപ്പേഴ്‌സ് തങ്ങളുടെ കന്നി കിരീടം സ്വന്തമാക്കിയിരുന്നു. ദുബായി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 46 റണ്‍സിനായിരുന്നു വൈപേഴ്‌സ് വിജയം സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ സാം കറണിന്റെ നേതൃത്വത്തിലാണ് വൈപേഴ്‌സ് കിരീടത്തില്‍ മുത്തമിട്ടത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വൈപേഴ്‌സ് നാല് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് അടിച്ചെടുത്തത്. എന്നാല്‍ മറുപടിക്കിറങ്ങിയ എം.ഐ 18.3 ഓവറില്‍ 136 റണ്‍സിന് പുറത്താകുകയായിരുന്നു.
ഇന്റര്‍ നാഷണല്‍ ലീഗ് ടി-20 2025-26 സീസണില്‍ കിരീടം നേടിയത ഡെസേര്‍ട്ട് വൈപ്പേഴ്‌സ് – Photo: Sportskeeda
ഇതോടെ ടൂര്‍ണമെന്റിന്റെ നാലാം സീസണില്‍ രണ്ടാം കിരീടം ലക്ഷ്യം വെച്ചിറങ്ങിയ എം.ഐ ഫ്രാഞ്ചൈസിക്ക് മറ്റൊരു നിരാശയും ഏറ്റുവാങ്ങേണ്ടി വന്നിരിക്കുകയാണ്. 2010ന് ശേഷം ആദ്യമായാണ് എം.ഐ ഫ്രാഞ്ചൈസി ഒരു ടി-20 ലീഗില്‍ പരാജയപ്പെടുന്നത്. കിറോണ്‍ പൊള്ളാര്‍ഡിന്റെ നേതൃത്വത്തിലായിരുന്ന എമിറേറ്റ്‌സ് ഫൈനലില്‍ വീണത്.
2010ല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ കീഴില്‍ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് 22 റണ്‍സിന് പരാജയപ്പെട്ടിരുന്നു. ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ഫ്രാഞ്ചൈസിയാണ് മുംബൈ. മാത്രമല്ല എസ്.എ20, ഐ.എല്‍.ടി20, എം.സി.എല്‍ എന്നീ ടൂര്‍ണമെന്റിലും ഡബ്ല്യൂ.പി.എല്ലിലും മുംബൈ ഫ്രാഞ്ചൈസി ഫൈനലില്‍ കിരീടം സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം മത്സരത്തില്‍ ഡെസേര്‍ട്ട് വൈപേഴ്‌സിന് വേണ്ടി മിന്നും പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ സാം കറനാണ്. മത്സരത്തില്‍ നാലാമനായി ഇറങ്ങിയ സാം 51 പന്തില്‍ നിന്ന് രണ്ട് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 74 റണ്‍സാണ് നേടിയത്.
പുറത്താകാതെയാണ് ക്യാപ്റ്റന്‍ സാം ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. 145.10 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം മികച്ച ബാറ്റിങ് പ്രകടനം നടത്തിയത്. സാമിന് പുറമെ 41 റണ്‍സ് നേടി മാക്‌സ് ഹോള്‍ഡനും ബാറ്റിങ്ങില്‍ മികവ് പുലര്‍ത്തി. എമിറേറ്റ്‌സിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് ഷക്കീബ് അല്‍ ഹസനാണ്. 36 റണ്‍സായിരുന്നു താരം നേടിയത്.