ഗസയില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ സാലിഹ് അല്‍ ജഫറാവിയുടെ അക്കൗണ്ട് നീക്കം ചെയ്ത് മെറ്റ
Gaza
ഗസയില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ സാലിഹ് അല്‍ ജഫറാവിയുടെ അക്കൗണ്ട് നീക്കം ചെയ്ത് മെറ്റ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th October 2025, 6:57 am

വാഷിങ്ടണ്‍: വെടിനിര്‍ത്തല്‍ പ്രാബല്യത്തിലിരിക്കെ ഗസ മുനമ്പില്‍ ഇസ്രഈല്‍ കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകന്‍ സാലിഹ് അല്‍ ജഫറാവിയുടെ സോഷ്യല്‍മീഡിയ അക്കൗണ്ട് നീക്കം ചെയ്ത് യു.എസ് ടെക് കമ്പനി മെറ്റ. അല്‍ ജഫറാവി കൊല്ലപ്പെട്ട് രണ്ട് ദിവസം പിന്നിടുന്നതിനിടെ അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് മെറ്റ ഡിലീറ്റ് ചെയ്യുകയായിരുന്നു.

അപകടകരമായ സംഘടനകളെയും അപകടകാരികളായ വ്യക്തികളെയും നിരോധിക്കുന്നതിന്റെ ഭാഗമായാണ് അക്കൗണ്ട് നീക്കം ചെയ്തതെന്ന് മെറ്റ അറിയിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഗസയിലെ ഇസ്രഈലിന്റെ ക്രൂരതകള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി പുറംലോകത്തെ അറിയിച്ച മാധ്യമപ്രവര്‍ത്തകനായിരുന്നു അല്‍ ജഫറാവി. ഇന്‍സ്റ്റയില്‍ 4.5 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു അല്‍ ജഫറാവിക്ക്.

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉടമസ്ഥരായ മെറ്റ ഫലസ്തീനെ പിന്തുണക്കുന്നവരുടെ സമാധാനപരമായ ആവിഷ്‌കാരവും പൊതുചര്‍ച്ചയും അടിച്ചമര്‍ത്തുകയാണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് ഗസ സിറ്റിയിലെ സാബ്രയില്‍ വെച്ച് 28കാരനായ സാലിഹ് അല്‍ ജഫറാവി ഇസ്രഈലി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പ്രദേശത്തെ ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ പ്രസ് ജാക്കറ്റ് ധരിച്ച അല്‍ ജഫറാവിയെ ആയുധധാരികളായ സംഘം വെടിവെച്ച് കൊലപ്പെടുത്തകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഗസ സമാധാന പദ്ധതി പ്രകാരം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് മൂന്നാംദിനമായിരുന്നു സംഭവം. അല്‍ ജഫറാവിയുടെ ശരീരത്തില്‍ ഏഴോളം തവണ വെടിയേറ്റെന്നാണ് വിവരം.

അതേസമയം, ഗസ സമാധാന പദ്ധതിയില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പടെയുള്ള ലോകനേതാക്കള്‍ ഒപ്പുവെച്ചതിന് ശേഷവും ഇസ്രഈല്‍ ഗസയില്‍ ആക്രമണം തുടരുകയാണ്.

ചൊവ്വാഴ്ച ഷുജയയില്‍ ഇസ്രഈല്‍ നടത്തിയ വെടിവെപ്പില്‍ അഞ്ച് ഫലസ്തീനികള്‍ കൊല്ലപ്പെട്ടെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഖാന്‍ യൂനിസില്‍ ഇസ്രഈല്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്നും ആളപായമുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

Content Highlight: Meta removes the account of Saleh al-Jafari, a journalist killed in Gaza