റൊണാള്‍ഡോയും എംബാപ്പെയും ഒറ്റ ഗോളില്‍ വീഴും; ക്ലോസെയെ വെട്ടാന്‍ ഇനിയും മൂന്ന് ഗോള്‍, കളത്തിലിറങ്ങിയാല്‍ മിശിഹ വാഴും
Football
റൊണാള്‍ഡോയും എംബാപ്പെയും ഒറ്റ ഗോളില്‍ വീഴും; ക്ലോസെയെ വെട്ടാന്‍ ഇനിയും മൂന്ന് ഗോള്‍, കളത്തിലിറങ്ങിയാല്‍ മിശിഹ വാഴും
ശ്രീരാഗ് പാറക്കല്‍
Saturday, 27th June 2026, 8:11 pm

2026 ഫിഫ ലോകകപ്പില്‍ കിരീട പ്രതീക്ഷകള്‍ ശക്തമാക്കി അര്‍ജന്റീന പ്രീ ക്വാര്‍ട്ടറിലെത്തിയിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയം നേടിയ നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് കരുത്തായത് നായകന്‍ ലയണല്‍ മെസിയുടെ കിടിലന്‍ പ്രകടനമാണ്. അള്‍ജീരിയക്കെതിരായ ആദ്യ മത്സരത്തില്‍ ഹാട്രിക് നേടിയ മെസി, ഓസ്ട്രിയക്കെതിരായ മത്സരത്തില്‍ ഇരട്ടഗോളുമായി വീണ്ടും തിളങ്ങിയിരുന്നു.

ഓസ്ട്രിയക്കെതിരായ മത്സരത്തില്‍ 38ാം മിനിറ്റില്‍ നേടിയ ഗോളിലൂടെ അര്‍ജന്റീനയെ മുന്നിലെത്തിച്ച മെസി, ഇന്‍ജുറി ടൈമില്‍ വീണ്ടും വലകുലുക്കി ടീമിന്റെ ജയം ഉറപ്പാക്കിയത്. നാളെയാണ് (ജൂണ്‍ 28) നിലവിലെ ചാമ്പ്യന്മാര്‍ തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. ജോര്‍ദാനാണ് അര്‍ജന്റീനയുടെ എതിരാളി.

എന്നാല്‍ വരും മത്സരത്തില്‍ മെസി കളത്തിലിറങ്ങുമോ എന്ന ചോദ്യം നിലനില്‍ക്കുന്നുണ്ട്. മത്സരത്തില്‍ മെസിക്ക് വിശ്രമം അനുവദിക്കുമെന്നാണ് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. അഥവാ താരത്തിന് കളത്തിലിറങ്ങാന്‍ സാധിച്ചാല്‍ ഒരു അപൂര്‍വ നേട്ടവും സ്വന്തമാക്കാനും സാധിക്കും.

മെസിയും എംബാപ്പെയും- Photo: The New York Times

ജോര്‍ദാനെതിരായ അടുത്ത മത്സരത്തില്‍ പെനാല്‍റ്റിയിലൂടെ അല്ലാതെ ഒരു ഗോള്‍ നേടാന്‍ സാധിച്ചാല്‍ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നോണ്‍-പെനാല്‍റ്റി ഗോളുകള്‍ നേടിയ രണ്ടാമത്തെ താരമെന്ന റെക്കോഡ് മെസിയുടെ പേരിലാകും.

നിലവില്‍ ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് ജര്‍മന്‍ ഇതിഹാസം മിറോസ്ലാവ് ക്ലോസെയാണ്. ക്ലോസെയുടെ പേരില്‍ 16 നോണ്‍-പെനാല്‍റ്റി ഗോളുകളാണുള്ളത്. 14 ഗോളുകളുമായി റൊണാള്‍ഡോ നസാരിയോയും ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയും മെസിക്കൊപ്പമുണ്ട്.

ഫിഫ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ നോണ്‍ പെനാല്‍റ്റി ഗോളുകള്‍ നേടുന്ന താരങ്ങള്‍

മിറോസ്ലാവ് ക്ലോസെ (ജര്‍മനി) – 16

റൊണാള്‍ഡോ നസാരിയോ (ബ്രസീല്‍) – 14

ലയണല്‍ മെസി (അര്‍ജന്റീന) – 14

കിലിയന്‍ എംബാപ്പെ (ഫ്രാന്‍സ്) – 14

ഗെര്‍ഡ് മുള്ളര്‍ (ജര്‍മനി) – 13റൊണാള്‍ഡോ നസാരിയോ, മെസി

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍വേട്ടക്കാരനെന്ന നേട്ടം ഇതിനകം തന്നെ മെസി സ്വന്തമാക്കിയിട്ടുണ്ട്. ഓസ്ട്രിയക്കെതിരായ ഇരട്ടഗോളോടെ അദ്ദേഹത്തിന്റെ ലോകകപ്പ് ഗോള്‍നേട്ടം 18 ആയി ഉയര്‍ത്തിയിരുന്നു. 16 ഗോളുകള്‍ നേടിയിരുന്ന ക്ലോസെയെ പിന്നിലാക്കിയാണ് അര്‍ജന്റൈന്‍ നായകന്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത്.

ഈ ലോകകപ്പില്‍ അഞ്ച് ഗോളുകള്‍ നേടിയ മെസി ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തിലും മുന്‍നിരയിലാണ്. നാല് ഗോളുകളുമായി വിനീഷ്യസ് ജൂനിയറും എംബാപ്പെയും തൊട്ട് പിന്നിലുണ്ട്.

 

Content Highlight: Messi Need One Goal To Achieve Great Record Achievement In FIFA World Cup

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ