കൊച്ചി: മലയാളം സിനിമ സംഘടനായ എ.എം.എം.എയിലെ മെമ്മറി കാര്‍ഡ് വിവാദത്തില്‍ കുക്കു പരമേശ്വരന് ക്ലീന്‍ ചിറ്റ്.
മെമ്മറി കാര്‍ഡിലെ അന്വേഷണം പൂര്‍ത്തിയായെന്നും സമിതിയുടെ അന്തിമ റിപ്പോര്‍ട്ട് പരാതിക്കാര്‍ക്ക് കൈമാറുമെന്നും എ.എം.എം.എ അധ്യക്ഷയും നടിയുമായ ശ്വേതാ മേനോന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശ്വേതാ മേനോന്‍.
കുക്കു പരമേശ്വരന്‍ കെ.പി.എ.സി ലളിതയ്ക്ക് മെമ്മറി കാര്‍ഡ് കൈമാറിയതായി സാക്ഷി മൊഴി ലഭിച്ചിട്ടുണ്ടെന്നും ശ്വേതാ മേനോന്‍ പറഞ്ഞു.
റിപ്പോര്‍ട്ട് തൃപ്തികരമല്ലെങ്കില്‍ പരാതിക്കാർക്ക് കോടതിയെ സമീപിക്കാമെന്നും നിയമനടപടി സ്വീകരിക്കാമെന്നും ശ്വേതാ മേനോന്‍ അറിയിച്ചു. ജനറല്‍ ബോഡിയില്‍ ഈ റിപ്പോര്‍ട്ട് ഉന്നയിക്കുമെന്നും ശ്വേതാ മേനോന്‍ വ്യക്തമാക്കി.
പതിനൊന്ന് ആളുകളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് നടൻ ജോയ് മാത്യുവും പറഞ്ഞു. പരാതിക്കാര്‍ ഉള്‍പ്പെടെ ഒപ്പ് വെച്ചതിന് ശേഷമാണ് റിപ്പോര്‍ട്ട് സീല്‍ ചെയ്തതെന്നും ഇരുവരും പ്രതികരിച്ചു.
മെമ്മറി കാര്‍ഡ് വിവാദത്തില്‍ കുക്കു പരമേശ്വരനെതിരെ നടി ഉഷ ഹസീന മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രി സജി ചെറിയാനും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു. മെമ്മറി കാര്‍ഡിലെ വിവരങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി സംഘടനാ തെരഞ്ഞടുപ്പില്‍ നിന്ന് ആളുകളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുവെന്നായിരുന്നു പരാതി.
സംഘടനയിലെ വനിതാ അംഗങ്ങളുടെ പരാതി അടങ്ങിയ മെമ്മറി കാര്‍ഡ് കുക്കു പരമേശ്വരന്‍ ചോര്‍ത്തി നല്‍കിയെന്നായിരുന്നു ഉഷ ഹസീന ഉള്‍പ്പെടെയുള്ള നടിമാരുടെ ആരോപണം.
പൊന്നമ്മ ബാബു, പ്രിയങ്ക തുടങ്ങിയവരാണ് കുക്കു പരമേശ്വരനെതിരെ രംഗത്തെത്തിയിരുന്നത്. സംഘടനാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നില്‍ക്കെയായിരുന്നു എ.എം.എം.എയില്‍ പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടത്.
ഇതിനുശേഷമാണ് ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള പുതിയ സമിതി തെരഞ്ഞെടുക്കപ്പെട്ടത്. പിന്നാലെ കുക്കുവിനെതിരായ പരാതി പരിഗണിക്കുമെന്ന് ശ്വേതാ മേനോന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.