'ബാഡ് ബോയ് മില്യണ'റിനെതിരെ മെഹുല്‍ ചോക്‌സി കോടതിയില്‍; സീരീസില്‍ രണ്ട് മിനുട്ട് ചോക്‌സിയെക്കുറിച്ചെന്ന് നെക്‌സ് ഫ്‌ളിക്‌സ്
national news
'ബാഡ് ബോയ് മില്യണ'റിനെതിരെ മെഹുല്‍ ചോക്‌സി കോടതിയില്‍; സീരീസില്‍ രണ്ട് മിനുട്ട് ചോക്‌സിയെക്കുറിച്ചെന്ന് നെക്‌സ് ഫ്‌ളിക്‌സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th August 2020, 6:52 pm

ന്യൂദല്‍ഹി: നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യാനൊരുങ്ങുന്ന ബാഡ് ബോയ് മില്യണര്‍ എന്ന സീരിസിനെതിരെ ദല്‍ഹി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കുപ്രസിദ്ധ വജ്രവ്യാപാരി മെഹുല്‍ ചോക്‌സി. സെപ്റ്റംബര്‍ രണ്ടിനാണ് സീരീസ് റിലീസ് ചെയ്യുന്നത്. റിലീസിന് മുമ്പ് സീരീസിന്റെ പ്രിവ്യൂ കാണാനുള്ള അനുവാദം ചോദിച്ചാണ് മെഹുല്‍ ചോക്‌സി കോടതിയെ സമീപിച്ചിരിക്കുന്നത്.

ചതി, വഞ്ചന, അഴിമതി എന്നിവയിലൂടെ ഇന്ത്യയില്‍ വളര്‍ന്നു വന്ന കുപ്രസിദ്ധ വ്യവസായികളുടെ കഥയാണ് ബാഡ് ബോയ് ബില്യണിറിലൂടെ നെറ്റ് ഫ്‌ളിക്‌സ് അവതരിപ്പിക്കുന്നത്. വിജയ്മല്യ, മെഹുല്‍ ചോക്‌സി, അദ്ദേഹത്തിന്റെ അനന്തരവന്‍ നീരവ് മോദി തുടങ്ങി തട്ടിപ്പ് നടത്തിയ വ്യവസായികളുടെ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങളും ഡോക്യൂ സീരിസില്‍ പ്രതിപാദിക്കുന്നുണ്ട്.

മെഹുല്‍ ചോക്‌സി നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കല്‍ ഇന്നായിരുന്നു. സീരീസ് റിലീസ് ചെയ്യുന്നതിന് മുമ്പ് അതൊന്ന് കണ്ടാല്‍ മാത്രം മതിയെന്ന് മെഹുല്‍ ചോക്‌സിയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. വെബ്‌സീരീസ് റിലീസ് ചെയ്യുന്നത് മെഹുല്‍ ചോക്‌സിക്കെതിരെ ഇപ്പോള്‍ നടക്കുന്ന കേസിലെ അന്വേഷണത്തെ ബാധിക്കുമോ എന്നറിയാനാണ് കാണണമെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

രണ്ടു മണിക്കൂര്‍ നീളുന്ന സീരീസില്‍ രണ്ട് മിനുട്ടോളം മെഹുല്‍ ചോക്‌സിയെ സംബന്ധിച്ച കഥ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് നെറ്റ്ഫ്‌ളിക്‌സ് കോടതിയെ അറിയിച്ചിട്ടുണ്ട്.

ഇക്കാര്യത്തില്‍ ദല്‍ഹി ഹൈക്കോടതി നെറ്റ്ഫ്‌ളിക്‌സില്‍ നിന്നും മറുപടി തേടിയിട്ടുണ്ട്. അടുത്ത ഹിയറിംഗ് ഓഗസ്റ്റ് 28ലേക്ക് മാറ്റി.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,5000 കോടി രൂപ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുകയാണ് മെഹുല്‍ ചോക്‌സിയും നീരവ് മോദിയും.

ആന്റിഗ്വയില്‍ നിന്നും മെഹുല്‍ചോക്‌സിയെ വിട്ടു കിട്ടാനുള്ള നടപടികള്‍ അന്വേഷണ ഏജന്‍സികള്‍ നടത്തുന്നുണ്ട്.

നീരവ് മോദി 6,498.20 കോടി രൂപയാണ് തട്ടിയെടുത്തതെന്ന് സിബിഐ മെയ് മാസത്തില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആരോപിക്കുന്നുണ്ട്. 7,080.86 കോടി രൂപ കൂടി മെഹുല്‍ ചോക്സി തട്ടിയെടുത്തതായും അതില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mehul Choksy approached Delhi High Court on release of Bad boy Millionaire web series