ന്യൂദല്‍ഹി; ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് സ്ഥാപനമായ ടാറ്റ ഗ്രൂപ്പില്‍ ഭിന്നത രൂക്ഷം. രത്തന്‍ ടാറ്റയുടെ വിശ്വസ്തനും അദ്ദേഹത്തിന്റെ ഉയര്‍ച്ചയില്‍ പ്രധാന പങ്ക് വഹിക്കുകയും ചെയ്ത മെഹ്‌ലി മിസ്ത്രിയെ പുറത്താക്കി നോയല്‍ ടാറ്റ. മെഹ്‌ലി മിസ്ത്രിയെ ആജീവനാന്ത ട്രസ്റ്റിയായി നിയമിക്കണമെന്ന ആവശ്യം തള്ളുകയായിരുന്നു.
ട്രസ്റ്റ് അംഗങ്ങളായ നോയല്‍ ടാറ്റ, വേണു ശ്രീനിവാസന്‍, വിജയ് സിങ് എന്നിവരാണ് മെഹ്‌ലിക്കെതിരെ നടപടിയെടുത്തത്. ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിങ് കമ്പനിയായ ടാറ്റ ട്രസ്റ്റിന് കീഴിലുള്ള സര്‍ ദൊറാബ്ദി ടാറ്റ ട്രസ്റ്റ്, സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റ് എന്നിവയുടെ ബോര്‍ഡുകളില്‍ മെഹ്‌ലി മിസ്ത്രിയെ വീണ്ടും നിയമിക്കുന്നതിനെതിരെയാണ് ഭൂരിഭാഗം ആളുകളും വോട്ട് ചെയ്തത്.
അതേസമയം മറ്റു മൂന്ന് ട്രസ്റ്റിമാരായ -പ്രമിത് ജാവേരിയും ഡാരിയസ് ഖംബട്ടയും ജഹാംഗീര്‍ എച്ച് സി ജഹാംഗീറും മിസ്ത്രിയുടെ പുനര്‍നിയമനത്തെ പിന്തുണച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചൊവ്വാഴ്ച മെഹ്‌ലിയുടെ ട്രസ്റ്റി കാലാവധി അവസാനിക്കാനിരിക്കെയാണ് മൂന്ന് പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തത്.
സ്വന്തം കാലാവധി പുതുക്കല്‍ സംബന്ധിച്ച് മെഹ്‌ലി മിസ്ത്രിക്ക് സ്വയം വോട്ട് ചെയ്യാന്‍ യോഗ്യത ഇല്ലാത്തതിനാല്‍ രണ്ട് ട്രസ്റ്റിലെയും ഭൂരിഭാഗം അംഗങ്ങളുടെയും തീരുമാനത്തിന് ഈ വിഷയം വിടുകയായിരുന്നു. പരമ്പരാഗതമായി ടാറ്റ ട്രസ്റ്റില്‍ നിലനില്‍ക്കുന്ന കീഴ്‌വഴക്കമാണ് ഇത്തരത്തില്‍ ഏകകണ്ഠമായി തീരുമാനമെടുക്കുന്നത്. ഒരാളെങ്കിലും വിയോജിച്ചാല്‍ തീരുമാനം അസാധുവാകും.
രത്തന്‍ ടാറ്റയുമായുള്ള അടുത്ത ബന്ധം മൂലം ടാറ്റ ഗ്രൂപ്പിന്റെ ഏറ്റവും നിര്‍ണായക സ്ഥാനത്തെത്തുമെന്ന് കരുതിയവരില്‍ പ്രധാനിയായിരുന്നു മെഹ്‌ലി മിസ്ത്രി. ടാറ്റാ സണ്‍സിന്റെ 18.3 ശതമാനം ഓഹരി കൈയാളുന്ന ഷാപൂര്‍ജി പല്ലോന്‍ജി (എസ്.പി) ഗ്രൂപ്പിന്റെ പ്രതിനിധി കൂടിയാണ് ഇദ്ദേഹം. 2022ലാണ് മെഹ്‌ലി മിസ്ത്രി ടാറ്റാ ഗ്രൂപ്പിന്റെ ട്രസ്റ്റിയായി നിയമിതനാകുന്നത്.
ടാറ്റാ സണ്‍സിന്റെ 66 ശതമാനം ഒഹരി ടാറ്റാ ട്രസ്റ്റിനാണ്. അതിനാല്‍ ട്രസ്റ്റിലെ ആഭ്യന്തര കലാപം ഗ്രൂപ്പിനെയാകെ ബാധിക്കുമെന്നാണ് പലരും കണക്കുകൂട്ടുന്നത്. വ്യവസായലോകം ഇക്കാര്യത്തില്‍ ആശങ്കപ്പെടുന്നുണ്ട്. 2013 മുതല്‍ 2016 വരെ ടാറ്റാ ഗ്രൂപ്പിനെ നയിച്ച സൈറസ് മിസ്ത്രിയെ പുറത്താക്കിയത് മുതലാണ് ട്രസ്റ്റില്‍ അഭിപ്രായ ഭിന്നത ആരംഭിച്ചത്.
Content Highlight: Mehli Mistry voted out from Tata Trust