മുത്തച്ഛന്റെ ശവകുടീരം സന്ദര്‍ശിക്കാന്‍ ശ്രമിച്ച മെഹബൂബ മുഫ്തിയുടെ മകളെ തടഞ്ഞ് പൊലീസ്
national news
മുത്തച്ഛന്റെ ശവകുടീരം സന്ദര്‍ശിക്കാന്‍ ശ്രമിച്ച മെഹബൂബ മുഫ്തിയുടെ മകളെ തടഞ്ഞ് പൊലീസ്
ന്യൂസ് ഡെസ്‌ക്
Thursday, 2nd January 2020, 6:42 pm

ന്യൂദല്‍ഹി: മുത്തച്ഛനും ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മുഫ്തി മുഹമ്മദ് സയ്യിദിന്റെ ശവകുടീരം സന്ദര്‍ശിക്കാന്‍ ശ്രമിച്ച മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍ത്തിജ മുഫ്തിയെ വസതിയില്‍ വെച്ച് പൊലീസ് തടഞ്ഞു.

അനന്ത് നാഗ് ജില്ലയിലുള്ള മുത്തച്ഛന്റെ ശവകുടീരം സന്ദര്‍ശിക്കാന്‍ അവര്‍ പ്രത്യേകം അനുമതി തേടിയിരുന്നെങ്കിലും പൊലീസ് തടയുകയായിരുന്നുവെന്ന് ഇല്‍ത്തിജ ആരോപിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘മുത്തച്ഛന്റെ ശവകുടീരം സന്ദര്‍ശിക്കാന്‍ എന്നെ അനുവദിക്കണം, എനിക്ക് അതിനുള്ള അവകാശമുണ്ട്. ഒരു മുത്തച്ഛന്റെ ശവകുടീരം പേരകുട്ടി സന്ദര്‍ശിക്കുന്നത് കുറ്റകരമാണോയെന്നും ഇല്‍ത്തിജ ചോദിച്ചു.

തന്നെ തടവിലാക്കിയിരിക്കുകയാണെന്നും എവിടേയും പോകാന്‍ അനുവദിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

അതേസമയം അനന്ത് നാഗ് ജില്ലാ അഡ്മിനിസ്‌ട്രേഷന്‍ ഇല്‍ത്തിജയുടെ സന്ദര്‍ശനത്തിനായി ക്ലിയറന്‍സ് നല്‍കിയില്ലെന്നാണ് ഇവരെ തടഞ്ഞ പൊലീസ് അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍ മുനീര്‍ ഖാന്റെ വിശദീകരണം. ഇല്‍ത്തിജ എസ്.എസ്.ജെ സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുള്ള വ്യക്തിയാണെന്നും അവര്‍ എവിടെ സന്ദര്‍ശനം നടത്തണമെങ്കിലും ക്ലിയറന്‍സ് ആവശ്യമാണെന്നും മുനീര്‍ ഖാന്‍ വിശദീകരിച്ചു.

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ തടങ്കലിലായ മെഹ്ബൂബ മുഫ്തി ഇപ്പോഴും തടങ്കലില്‍ തുടരുകയാണ്. അവരുടെ വസതിയിലേക്കുള്ള ഗുപ്കര്‍ റോഡില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇവിടെ പ്രവേശനമില്ല. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും വീട്ടുകാര്‍ക്കും മാത്രമാണ് അവിടേക്കുള്ള പ്രവേശനം അനുവദിച്ചിട്ടുള്ളത്.

സിവില്‍, പോലീസ് ഭരണകൂടങ്ങള്‍ക്ക് ധാഷ്ട്യമാണെന്നും താഴ് വരയില്‍ സമാധാനം അവര്‍ ആഗ്രഹിക്കുന്നില്ലെന്നും ഇല്‍ത്തിജ ആരോപിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ