ജി-20 ഉച്ചകോടി രാജ്യത്തിന്റേത്; ബി.ജെ.പി അത് ഹൈജാക്ക് ചെയ്തു: മെഹ്ബൂബ മുഫ്തി
national news
ജി-20 ഉച്ചകോടി രാജ്യത്തിന്റേത്; ബി.ജെ.പി അത് ഹൈജാക്ക് ചെയ്തു: മെഹ്ബൂബ മുഫ്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st May 2023, 6:45 pm

ശ്രീനഗര്‍: ജി-20 ഉച്ചകോടി രാജ്യത്തിന്റേതാണെന്നും എന്നാല്‍ ബി.ജെ.പി അത് ഹൈജാക്ക് ചെയ്‌തെന്നും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി) അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി. ബി.ജെ.പി അതിന്റെ ലോഗോ പോലും രാഷ്ട്രീയവല്‍ക്കരിക്കുകയായെന്നും മുഫ്തി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

‘ജി-20 രാജ്യത്തിന്റെ പരിപാടിയാണ്. എന്നാല്‍ ബി.ജെ.പി അത് ഹൈജാക്ക് ചെയ്തു. അവര്‍ ലോഗോയില്‍ താമര കൊണ്ടുവന്നു. ലോഗോ രാജ്യവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതായിരിക്കണം. അല്ലാതെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതാകരുത്.

ഇത് സാര്‍ക്ക് ആണ് (South Asian Association for Regional Coorporation). ഈ മേഖലകളില്‍ നമ്മുടെ രാജ്യത്തിന്റെ നേതൃത്വം സ്ഥാപിക്കുന്നത് സാര്‍ക്ക് ആണ്. എന്തുകൊണ്ടാണ് സാര്‍ക്ക് ഉച്ചക്കോടിയില്‍ വെച്ച് നമ്മുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തൂടാ?’ അവര്‍ ചോദിച്ചു.

മെയ് 22-24 വരെ ജമ്മു കശ്മീരിലാണ് ജി-20 നടക്കുന്നത്. കഴിഞ്ഞ നവംബറിലാണ് പുതിയ വെബ്സൈറ്റും ലോഗോയും പുറത്തിറക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ദല്‍ഹിയില്‍ വെച്ച് വെബ്സൈറ്റും ലോഗോയും പുറത്തിറക്കിയത്. ഇന്ത്യയ്ക്ക് ഇത് ചരിത്ര നിമിഷമാണെന്ന് ചടങ്ങില്‍ അദ്ദേഹം പറഞ്ഞിരുന്നു.

www.g20.in എന്ന വെബ്സൈറ്റാണ് ജി20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയത്. വെബ്സൈറ്റിന്റെ ലോഗായില്‍ താമര കൂടാതെ വസുധൈവ കുടുംബകവും ഉള്‍പ്പെട്ടിരുന്നു.
അന്ന് തന്നെ ഇതിനെ തുടര്‍ന്ന് നിരവധി പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.

’70 വര്‍ഷങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് പതാകയായി ഇന്ത്യയുടെ പതാക ഉപയോഗിക്കുന്നതിനെ നെഹ്‌റു എതിര്‍ത്തിരുന്നു. ഇപ്പോള്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം ജി-20യുടെ ലോഗോയായി മാറി. മോദിയും ബി.ജെ.പിയും അവരെ പ്രൊമോട്ട് ചെയ്യാന്‍ കിട്ടുന്ന അവസരം കളയാറില്ല,’ എന്നാണ് അന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞത്.

 

CONTENT HIGHLIGHT: MEHBOOBA MUFTI AGAINST G-20 SUMMIT’s LOGO